അഷ്ടബന്ധ-ബ്രഹ്മകലശോത്സവത്തിനും മൂടപ്പസേവയ്ക്കുമായി ഒരുങ്ങി മധൂര്‍ ക്ഷേത്രം

കാസര്‍കോട്: നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം അഷ്ടബന്ധ-ബ്രഹ്മകലശോത്സവത്തിനും മൂടപ്പസേവയ്ക്കുമായി ഒരുങ്ങി. ഏകദേശം 40 കോടിയോളം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ക്ഷേത്രത്തില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. 27 മുതല്‍ ഏപ്രില്‍ ഏഴുവരെയാണ് ക്ഷേത്രോത്സവം നടക്കുകയെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ക്ഷേത്ര ശ്രീകോവില്‍, ഉപദേവതാ സ്ഥാനങ്ങള്‍, ചുറ്റമ്പലം, ഭോജനശാല, ഓഫീസ് മുറികള്‍, വിദൂരദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്കായുള്ള താമസ സൗകര്യം, മഹാദ്വാര രാജഗോപുരം, രാജാങ്കണം എന്നിവയൊക്കെ നവീകരിച്ചു. നൂറുകണക്കിന് ശില്‍പികള്‍ മാസങ്ങളോളം താമസിച്ചാണ് കൃഷ്ണശിലയില്‍ ശില്‍പങ്ങള്‍ തീര്‍ത്തത്.
ക്ഷേത്രോത്സവത്തിനായി വിപുലമായ ഒരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ തുടങ്ങി. ഇതിനായി പഞ്ചായത്തുതലത്തില്‍ സമിതികളുണ്ടാക്കി പ്രവര്‍ത്തനമാരംഭിച്ചു.
ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ശ്രമദാനത്തിലൂടെ പൂര്‍ത്തിയാക്കി. എട്ടുലക്ഷത്തോളംപേര്‍ ക്ഷേത്രോത്സവത്തിനായി എത്തുമെന്നാണ് ക്ഷേത്ര കമ്മിറ്റി കണക്കുകൂട്ടുന്നത്.
15000ത്തോളം കാറുകള്‍ക്കും ആയിരക്കണക്കിന് ഇരുചക്രവാഹനങ്ങള്‍ക്കുമുള്ള പാര്‍ക്കിംഗ് സൗകര്യം ഉളിയത്തടുക്കയിലും പരിസര പ്രദേശങ്ങളിലുമായി തയ്യാറാക്കി. മധുവാഹിനി പുഴയുടെ തീരത്ത് ഭക്ഷണത്തിനുള്ള കൂറ്റന്‍പന്തലുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ക്ഷേത്രോത്സവത്തിനായി കേന്ദ്ര-സംസ്ഥാന മന്ത്രിമാരും മഠാധിപതികളും സിനിമാതാരങ്ങളും എത്തുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികളായ കെ. ഗിരീഷ്, എം. രാജീവന്‍ നമ്പ്യാര്‍, കെ. നാരായണ മയ്യ എന്നിവര്‍ അറിയിച്ചു.
ക്ഷേത്രത്തില്‍ പുതുതായി പണികഴിപ്പിച്ച രാജഗോപുരം