ഇങ്ങനെയും ഒരു എം.എല്‍.എ ഇവിടെയുണ്ടായിരുന്നു

കാഞ്ഞങ്ങാട്: മുന്‍ ഹൊസ്ദുര്‍ഗ് എം.എല്‍.എ എം. നാരായണന്‍ വിടവാങ്ങിയിരിക്കുന്നു. ഇങ്ങനെയും ഒരു എം.എല്‍.എ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് നാടിന് അഭിമാനത്തോടെ പറയാനാവുന്ന ജീവിത ശൈലിയായിരുന്നു അദ്ദേഹത്തിന്. 10 വര്‍ഷക്കാലം പഴയ ഹൊസ്ദുര്‍ഗ് മണ്ഡലത്തില്‍ എം.എല്‍.എ ആയിരുന്ന എം. നാരായണന് കാലാവധി തികച്ചപ്പോള്‍ നഷ്ടമായത് സ്വന്തമായി മടിക്കൈ ബങ്കളത്ത് ഉണ്ടായിരുന്ന കിടപ്പാടം. ഉണ്ടായിരുന്ന ജോലി രാജി വെച്ചാണ് അന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പിന്നീട് ജില്ലാ പഞ്ചായത്ത് ബേഡകം ഡിവിഷനില്‍ നിന്ന് വിജയിച്ച് അഞ്ച് വര്‍ഷക്കാലം ജില്ലാ പഞ്ചായത്ത് മെമ്പറായും പ്രവര്‍ത്തിച്ചു. നിര്‍ധനരായ കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍ നിന്ന് വളര്‍ന്നു വന്ന എം. നാരായണന്‍ എന്ന മനുഷ്യ സ്‌നേഹിയായ കമ്മ്യൂണിസ്റ്റിനെ രൂപപ്പെടുത്തുന്നതിലും പാര്‍ട്ടി വലിയ പങ്കുവഹിച്ചു. സാധാരണ കര്‍ഷകത്തൊഴിലാളി കുടുംബത്തിലെ മാവുവളപ്പില്‍ ചന്തന്റേയും വെള്ളച്ചിയുടേയും 9 മക്കളില്‍ രണ്ട് പേര്‍ക്ക് എം.എല്‍.എ ആവാനുള്ള നിയോഗം ലഭിച്ചു. 1991ല്‍ എം.എല്‍.എ ആയി ജയിച്ച എം. നാരായണന്‍ കാഞ്ഞങ്ങാട്ടുകാരുടെ പ്രീയപ്പെട്ടവനായി മാറിയതും 2001ല്‍ ജനവിധി തേടിയ അദ്ദേഹത്തിന്റെ അനുജന്‍ എം. കുമാരന്‍ വിജയിച്ചതും ചരിത്ര നിയോഗമാണ്. ചെറുപ്പം മുതലെ സഹജീവികളോട് നാരായണനുള്ള കാരുണ്യവും സ്‌നേഹവും മാതാവ് വെള്ളച്ചി മുമ്പേ പറയുമായിരുന്നു. പഠിക്കാന്‍ മിടുക്കനായ നാരായണന്‍ കോട്ടമല പോസ്റ്റോഫീസിലെ പോസ്റ്റുമാനായതും പിന്നീട് ഹൊസ്ദുര്‍ഗിന്റെ നാഥനായതും മറ്റൊരു നിയോഗം. കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റാഫീസില്‍ ജീവനക്കാരനായി ജോലി ചെയ്യവെയാണ് ജോലി രാജിവെച്ച് മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിച്ചത്. 1991 മുതല്‍ 2001 വരെ ഹൊസ്ദുര്‍ഗ് എം.എല്‍. എയായി. 2014 മുതല്‍ 19 വരെ ബേഡകം ഡിവിഷനില്‍ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചു. എ.ഐ.വൈ.എഫ് വെസ്റ്റ് എളേരി പ്രവര്‍ത്തകനായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. പിന്നീട് വെസ്റ്റ് എളേരിയിലെ അറിയപ്പെടുന്ന സി.പി.ഐ പ്രവര്‍ത്തകനായി. സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം, സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി, കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി, ബി.കെ.എം.യു ജില്ലാ പ്രസിഡണ്ട് തുടങ്ങിയ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മടിക്കൈയിലെ നാരായണന്‍ നായര്‍ വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് അദ്ദേഹം നടത്തിയ നിരാഹാര സമരം സംസ്ഥാന ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. ജില്ലാ ആസ്പത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്ന മെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മാന്തോപ്പില്‍ നടത്തിയ നിരാഹാര സമരവും ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

മറക്കാനാകില്ല എം. നാരായണന്റെ നിരാഹാര സമരം

കാഞ്ഞങ്ങാട്: പ്രമാദമായ മടിക്കൈ നാരായണന്‍ നായര്‍ കൊലക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എം.എല്‍.എ എന്ന നിലയില്‍ എം. നാരായണന്‍ നടത്തിയ നിരാഹാര സമരം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും ശ്രദ്ധയാകര്‍ഷിച്ചതുമായിരുന്നു. കാഞ്ഞങ്ങാട് ബസ്സ്റ്റാന്റിന് മുന്‍വശത്താണ് ഒരാഴ്ചയലധികം നിരാഹാര സമരം നടത്തിയത്. സമരം ഒരു വേള മുന്നണിയെ തന്നെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. എന്നാലും സമരത്തിന് ജനപിന്തുണയേറി പന്തലിലേക്ക് നൂറുകണക്കിനാളുകള്‍ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഒഴുകിയെത്തിയപ്പോള്‍ കേസില്‍ ചിലരെയൊക്കെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നിര്‍ബന്ധിതരായി.

നിരാഹാരത്തെ തുടര്‍ന്ന് അവശനായ നാരായണന്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് അര്‍ധരാത്രി പൊലീസ് അറസ്റ്റ് ചെയ്തു ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.


എം. നാരായണന്റെ ഭൗതിക ശരീരത്തില്‍ സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി. ബാബുവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിപ്പതാക പുതപ്പിക്കുന്നു

'വിനയാന്വിതമായ സമീപനം സ്‌നേഹപൂര്‍വ്വമായ പെരുമാറ്റം'

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ പ്രിയങ്കരനും ജനകീയനുമായിരുന്ന മുന്‍ എം.എല്‍.എ എം. നാരായണന്റെ നിര്യാണം പാര്‍ട്ടിക്കും പാവപ്പെട്ട ജനങ്ങള്‍ക്കും വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അനുശോചിച്ചു. വിനയാന്വിതമായ സമീപനവും സ്‌നേഹപൂര്‍വ്വമായ പെരുമാറ്റവും കാഞ്ഞങ്ങാട്ടുകാര്‍ക്ക് മറക്കാന്‍ കഴിയുന്നതല്ല. സാധാരണക്കാരില്‍ സാധാരണക്കാരനായായിരുന്നു ആ ജീവിതം. രണ്ട് തവണ എം.എല്‍.എയായിരുന്ന അദ്ദേഹം പാര്‍ട്ടിയുടെ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയായും ജില്ലാ കൗണ്‍സിലംഗമായും ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിരുന്നു. ആ വേര്‍പാട് ഉണ്ടാക്കിയ വിടവ് നികത്താന്‍ ഏറെ ശ്രമം നടത്തേണ്ടതായി വരും. ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ ദു:ഖാര്‍ത്ഥരായ ഭാര്യ, മക്കള്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നു- ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. എം. നാരായണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍, സി.പി മുരളി, കാസര്‍കോട് ജില്ലാ സെക്രട്ടറി സി.പി ബാബു, ബി.കെ.എം.യു സംസ്ഥാന പ്രസിഡണ്ട് ചിറ്റയം ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സി.പി.ഐ ജില്ലാ കൗണ്‍സില്‍ എന്നിവര്‍ അനുശോചിച്ചു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it