കോടോം-ബേളൂരിന്റെ സ്വപ്‌ന പദ്ധതി; ഒടയംചാല്‍ ബസ്സ്റ്റാന്റ് ഷോപ്പിങ്ങ് കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാകുന്നു

കാഞ്ഞങ്ങാട്: രണ്ടര പതിറ്റാണ്ടുകാലം സാങ്കേതിക പ്രശ്‌നങ്ങളുടെയും കേസുകളുടെയും നൂലാമാലകളില്‍പെട്ട കോടോം-ബേളൂര്‍ പഞ്ചായത്തിന്റെ സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ഒടയംചാല്‍ ബസ്സ്റ്റാന്റ് ഷോപ്പിങ്ങ് കോംപ്ലക്‌സാണ് യാഥാര്‍ത്ഥ്യമാകുന്നത്. 2000ല്‍ ഉടലെടുത്ത ആശയമാണിത്. 76 ഓളം മുറികളുള്ള ഇരുനില കെട്ടിടം ഈ മാസം അവസാനം തുറക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന ചടങ്ങിന് എത്തുമെന്നാണ് പ്രതീക്ഷ. അഞ്ച് ഭരണ സമിതികള്‍ കഠിനപ്രയത്‌നം ചെയ്താണ് സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. 10 കോടിയുടേതാണ് പദ്ധതി. സംസ്ഥാന സഹകരണ ബാങ്കില്‍ നിന്ന് പത്തു കോടി രൂപ വായ്പയെടുത്താണ് നിര്‍മ്മാണം നടത്തുന്നത്. തനത് ഫണ്ടും മറ്റു ഫണ്ടുകളും ഉപയോഗിച്ച് പ്രാഥമിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് പിന്നാലെയാണിത്. മൂന്ന് ഏക്കറോളം സ്ഥലത്താണ് യാര്‍ഡും കെട്ടിടവും വരുന്നത്. ആദ്യഘട്ടത്തില്‍ ഇരുനില കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യും. രണ്ടാംഘട്ടമാണ് ബസ്സ്റ്റാന്റ് യാര്‍ഡ് നിര്‍മ്മിക്കുന്നത്. പരപ്പയില്‍ നിന്നുള്ള റോഡിന്റെ ഭാഗത്താണ് യാര്‍ഡ് നിര്‍മ്മിക്കുക. ഷോപ്പിങ്ങ് കോംപ്ലക്‌സിന്റെ ഒന്നാം നിലയ്ക്ക് സമാനമായിട്ടായിരിക്കും യാര്‍ഡ് വരുന്നത്. ഇവിടെയുണ്ടായ പാറക്കൂട്ടങ്ങള്‍ ഏതാണ്ട് നീക്കിക്കഴിഞ്ഞു. അടുത്ത കാലത്താണ് സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. പ്രതിമാസം 72 ലക്ഷം രൂപയാണ് തിരിച്ചടവ്. സ്വകാര്യ വ്യക്തികളുടെ സ്ഥലം പഞ്ചായത്ത് വിലയ്ക്ക് വാങ്ങിയാണ് ഷോപ്പിങ്ങ് കോംപ്ലക്‌സും യാര്‍ഡും നിര്‍മ്മിക്കുന്നത്. വന്‍കിട നിര്‍മ്മാണ കമ്പനിയായ ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല. കെട്ടിടത്തിന്റെ വയറിങ്ങ് ഏതാണ്ട് അന്തിമഘട്ടത്തിലെത്തി ഇന്റര്‍ലോക്ക് ചെയ്യുന്ന ജോലിയും ഉടന്‍ പൂര്‍ത്തിയാകും. കെട്ടിടത്തിന് ഒരു നില കൂടി നിര്‍മ്മിക്കാനുണ്ട്. ഈ ഒരു നിലയും യാര്‍ഡും പൂര്‍ത്തിയാക്കാന്‍ അഞ്ചു കോടി രൂപ കൂടി വേണ്ടിവരും.