സഞ്ചാരികളുടെ മനം കവര്‍ന്ന് ജയപുരം വെള്ളച്ചാട്ടം

മുന്നാട് ജയപുരം വെള്ളച്ചാട്ടം
ബേഡഡുക്ക: സഞ്ചാരികളുടെ മനം കുളിര്‍പ്പിച്ച് ജയപുരം തോട്ടിലെ വെള്ളച്ചാട്ടം. ബേഡഡുക്ക പഞ്ചായത്തിലെ മുന്നാട് ജയപുരത്ത് മുന്നാട്-ചേരിപ്പാടി തോടിന് കുറുകെയുള്ള കോണ്‍ക്രീറ്റ് പാലത്തിന് താഴെ ഭാഗത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്ന് നൂറ് മീറ്റര്‍ താഴോട്ട് സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തിന്റെ ഭംഗി പൂര്‍ണമായും ആസ്വദിക്കാം. 10 മീറ്ററോളം ഉയരത്തില്‍നിന്നാണ് വെള്ളം താഴെ പതിക്കുന്നത്. കൂറ്റന്‍ കരിമ്പാറകള്‍ നിരന്നിരിക്കുകയാണിവിടെ. മുകളില്‍ മുന്‍പോട്ട് തള്ളിനില്‍ക്കുന്ന പാറയിലൂടെ വെള്ളം താഴെ പതിക്കുന്നത് മീറ്ററുകളോളം അകലത്തേക്കാണ്. അതിനാല്‍ വെള്ളച്ചാട്ടത്തിനും പാര്‍ശ്വഭിത്തിയായ കരിങ്കല്ലിനും ഇടയില്‍ ഒഴിഞ്ഞ ഭാഗം രൂപപ്പെടുന്നു. ഒരേസമയം ഇവിടെ പത്തോളം പേര്‍ക്ക് നിവര്‍ന്നുനില്‍ക്കാന്‍ സാധിക്കും. പാറക്കെട്ട് തട്ടുകളായുള്ളതാണെന്നതിനാല്‍ ഏറെനേരം ഇരിക്കാനും സാധിക്കും. വെള്ളം താഴെ പതിച്ചതിനുശേഷം 20 മീറ്ററോളം പരന്നൊഴുകുന്നു. ഇവിടെയാണ് ആളുകള്‍ ഇറങ്ങുന്നത്. തുടര്‍ന്നും പാറക്കെട്ടുകളില്‍ പതിച്ച് താഴോട്ട് കുത്തിയൊലിച്ചൊഴുകി വാവടുക്കം പുഴയിലേക്കാണ് ചേരുന്നത്. മഴ കുറഞ്ഞ് നീരൊഴുക്കിന് ശക്തി കുറയുമ്പോഴാണ് വെള്ളച്ചാട്ടത്തിന് ഭംഗിയും തെളിമയും ഏറുന്നത്. വെള്ളച്ചാട്ടം കാണാന്‍ ഒട്ടേറെപ്പേരാണ് എത്തുന്നത്. മുന്നാട് നിന്നും ചേരിപ്പാടി വഴി വാവടുക്കം റോഡിലേക്ക് എത്തിച്ചേരുന്ന റോഡിലൂടെയും വാവടുക്കം-കാഞ്ഞിരത്തിങ്കാല്‍ റോഡില്‍ക്കുടിയും ഇവിടെക്ക് എത്താന്‍ സാധിക്കും. കൊട്ടോടിയില്‍നിന്നും പള്ളത്തിങ്കാലില്‍നിന്നും റോഡുണ്ട്. ശക്തമായ ഒഴുക്കുള്ളപ്പോള്‍ തോട്ടില്‍ ഇറങ്ങുന്നതും ഒഴുക്കില്ലാത്തപ്പോള്‍ കുഴികളിലേക്ക് എടുത്തുചാടുന്നതും വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്ത് തോട്ടിലിറങ്ങുന്നതും അപകടത്തിനിടയാക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.