കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് ഓണത്തിന് മുമ്പ് തുറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് യാര്‍ഡ് ജില്ലി മിശ്രിതമിട്ട നിലയില്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ ബസ്സ്റ്റാന്റ് യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യാനായി അടച്ചിട്ട് നാലുമാസം പിന്നിടുമ്പോള്‍ പ്രവൃത്തി എങ്ങുമെത്താത്ത സാഹചര്യത്തില്‍ ഓണത്തിന് മുമ്പ് പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ഏപ്രില്‍ ഒന്നുമുതലാണ് അടച്ചിട്ടിരുന്നത്. ഈ സമയത്ത് ജോലിയൊന്നും ചെയ്യാതെ മഴ തുടങ്ങിയപ്പോഴാണ് പ്രവൃത്തി തുടങ്ങിയത്. തുടര്‍ന്ന് ഓവുചാലിനായി കുത്തിയ കുഴിയില്‍ വെള്ളം കെട്ടിനിന്ന് ഇതില്‍ വീണ് വഴിയാത്രക്കാരന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതോടെ കേസെടുത്തിരുന്നു. പഴയ ടാറിങ്ങ് ഇളക്കി മാറ്റിയ ശേഷം ദിവസങ്ങളോളം ഒരു പ്രവൃത്തിയും ചെയ്തിരുന്നില്ല. ഇതിനിടെയാണ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ നഗരസഭാ സെക്രട്ടറിയോട് മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ ഹാജരായപ്പോഴാണ് ജോലി ഉടന്‍ പൂര്‍ത്തിയാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. പിന്നാലെ ഉത്തരവും ഇറക്കി.
ഇപ്പോള്‍ ജില്ലി മിശ്രിതം നിരത്തുന്ന ജോലിയും വശങ്ങളില്‍ ഓവുചാല്‍ നിര്‍മ്മാണവുമാണ് പൂര്‍ത്തിയാക്കിയത്. അതിനിടെ ഓവുചാല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. യാര്‍ഡില്‍ നിന്നും ഏറെ ഉയര്‍ന്നാണ് ഓവുചാല്‍ നിര്‍മിച്ചത്. യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്തു കഴിഞ്ഞാല്‍ തന്നെ ഉയരത്തില്‍ വലിയ വ്യത്യാസമൊന്നും വരാന്‍ സാധ്യതയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബസ്സ്റ്റാന്റ് ശൗചാലയത്തിന് മുന്നിലും ഓവുചാല്‍ ഏറെ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതു കയറി ശൗചാലയത്തിലെ പോകാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്. അതേപോലെ ബസ്സ്റ്റാന്റിനകത്തെ കടകളിലേക്ക് പോകാനും ഏറെ പ്രയാസപ്പെടുകയാണ്.