മുന്തന്‍ ഹൃദയത്തിലേറ്റുന്ന ഇന്ദിരാജി ഇനി വീട്ടുമുറ്റത്തും

കാഞ്ഞങ്ങാട്: ഇന്ദിരാജിയെ ഹൃദയത്തിലേറ്റി നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുന്തന്‍ ഇന്ദിരയുടെ ഓര്‍മകള്‍ നിലനിര്‍ത്താന്‍ വീട്ടുമുറ്റത്ത് സ്തൂപവും സ്ഥാപിച്ചു. ബളാല്‍ അത്തിക്കടവിലെ വി.വി മുന്തനാണ് വീട്ടുമുറ്റത്ത് ഇന്ദിരാഗാന്ധിയുടെ സ്തൂപം സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മാതൃകയായത്. സ്വന്തമായി ഒരു വീട് നിര്‍മ്മിക്കണമെന്ന ആലോചന വന്നപ്പോള്‍ തന്നെ മുന്തന്‍ ഉറപ്പിച്ച കാര്യമാണ് വീട്ടുമുറ്റത്ത് പ്രിയദര്‍ശിനിയുടെ സ്തൂപം സ്ഥാപിക്കുകയെന്നതും. സ്തൂപത്തിന്റെ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ കൊണ്ട് തന്നെ നിര്‍വഹിക്കണമെന്ന് നിര്‍ബന്ധവും മുന്തനുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ കാരണം ഗൃഹപ്രവേശ സമയത്ത് എം.പിക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്നതിനാല്‍ ഇന്ദിരാഗാന്ധി സ്മാരക സ്തൂപം കഴിഞ്ഞ ദിവസമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തത്. ഇന്ദിരാഗാന്ധിയും ലീഡര്‍ കെ. കരുണാകരനുമായിരുന്നു മുന്തന്‍ ഏറെ ആരാധിക്കുന്ന നേതാക്കള്‍. എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇവരെ കഴിഞ്ഞേ മറ്റാരുമുള്ളൂവെന്നതാണ് ഈ ആരാധനയ്ക്ക് പിന്നിലെന്ന് മുന്തന്‍ പറയുന്നു. പി. പത്മാവതി അധ്യക്ഷത വഹിച്ചു. ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം, വൈസ് പ്രസിഡണ്ട് എം. രാധാമണി, സ്ഥിരം സമിതി അധ്യക്ഷന്‍ ടി. അബ്ദുല്‍ ഖാദര്‍, എം.പി ജോസഫ്, മാണിയൂര്‍ ബാലകൃഷ്ണന്‍, സി. രേഖ, സന്ധ്യാ ശിവന്‍, ജോര്‍ജ് ജോസഫ് ആഴാത്ത്, വി. മാധവന്‍ നായര്‍, കെ. സുരേന്ദ്രന്‍, ജോസ് വര്‍ഗീസ്, സി.വി ശ്രീധരന്‍, പി. കുഞ്ഞികൃഷ്ണന്‍, ആര്‍.ടി രഞ്ജിത് കുമാര്‍ സംബന്ധിച്ചു.