കുമ്പള മുജങ്കാവിലെ യക്ഷഗാന അക്കാദമിക്ക് പുതുജീവന്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടി

കുമ്പള: നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്ന കുമ്പള മുജംങ്കാവിലെ യക്ഷഗാന കുലപതി കുമ്പള പാര്‍ഥിസുബ്ബയുടെ നാമത്തിലുള്ള യക്ഷഗാന കലാകേന്ദ്ര അക്കാദമി പുനസ്ഥാപിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും നടപടി സ്വീകരിച്ചുവരുന്നതായി അധികൃതരുടെ അറിയിപ്പ്. കുമ്പള മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രവി പൂജാരി സര്‍ക്കാറിന്റെ 'കരുതലും കൈത്താങ്ങും' താലൂക്ക് തല അദാലത്തില്‍ നല്‍കിയ പരാതിക്കുള്ള മറുപടിയിലാണ് ജില്ലാ അക്കൗണ്ട്‌സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മറുപടി അയച്ചിരിക്കുന്നത്.

തുളുനാടിന്റെ ഏറ്റവും വലിയ കലാരൂപമായ യക്ഷഗാനത്തിന്റെയും, യക്ഷഗാന കുലപതി പാര്‍ഥിസുബ്ബയുടെയും പേരില്‍ തുടങ്ങിവച്ച കെട്ടിടം പാതിവഴിയിലായി വര്‍ഷങ്ങളായി. തകര്‍ച്ച നേരിടുന്ന കെട്ടിടം പുന:സ്ഥാപിക്കാന്‍ ആവശ്യമായ നടപടി വേണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

2019ല്‍ നിര്‍മ്മാണം ആരംഭിച്ച കെട്ടിടം പാതിവഴിയില്‍ ഉപേക്ഷിച്ചത് മൂലം കാടുമൂടി നശിച്ചുകൊണ്ടിരിക്കുകയാണ്. രാത്രികാലങ്ങളില്‍ സാമൂഹിക ദ്രോഹികളുടെ മദ്യപാനവും അഴിഞ്ഞാട്ടവുമാണെന്ന് പരാതിയില്‍ സൂചിപ്പിച്ചിരുന്നു.

2023-24 വര്‍ഷത്തെ ഭരണാനുമതി ലഭിക്കാത്ത മരാമത്ത് പണികളില്‍ പത്ത് ലക്ഷം രൂപ അടങ്കല്‍ തുക നിശ്ചയിച്ച് 2 ലക്ഷം രൂപ ഈ വര്‍ഷം വകവരുത്തിയിട്ടുള്ളതായി അറിയിച്ചിരിക്കുന്നത്. മഞ്ചേശ്വരം എം.എല്‍.എയോട് ഈ വിഷയത്തില്‍ കാര്യാലയത്തില്‍ നിന്ന് പ്രൊപ്പോസല്‍ ആവശ്യപ്പെട്ട് കത്തും കുറിപ്പും അയച്ചതായും അത് ലഭ്യമായാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ അക്കൗണ്ട്‌സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അയച്ച മറുപടി കുറിപ്പില്‍ പറയുന്നു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it