കുമ്പളയിലെ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഓട്ടോ ഡ്രൈവറായി രംഗത്ത്; അമ്പരന്ന് യാത്രക്കാര്‍

കുമ്പള പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ.എല്‍. പുണ്ഡരീകാക്ഷ ഓട്ടോ ഓടിക്കുന്നു
കുമ്പള: മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.എല്‍. പുണ്ടരികാക്ഷ ഓട്ടോഡ്രൈവറായി രംഗത്ത്. യാത്രക്കാരും ഓട്ടോ ഡ്രൈവര്‍ക്കും ഇത് വിശ്വസിക്കാന്‍ ഏറെ സമയം വേണ്ടി വന്നു. എന്തിനാണ് ഈ പണിക്കിറങ്ങിയതെന്ന യാത്രക്കാരുടെ ചോദ്യത്തിന് ജീവിക്കാനും പഠിക്കാനും വേണ്ടി ഞാന്‍ ആദ്യം ചെയ്ത തൊഴില്‍ ഇതായിരുന്നുവെന്നാണ് മറുപടി. കുറച്ച് മാസങ്ങള്‍ കഴിഞ്ഞാല്‍ എന്നെ നിങ്ങള്‍ക്ക് അധ്യാപകനായി കാണാമെന്നും പുണ്ടരികാക്ഷന്‍ പറഞ്ഞു. ഇന്നലെ രാവിലെയാണ് ഓട്ടോയുമായി പുണ്ടരികാക്ഷ കുമ്പള ഓട്ടോ സ്റ്റാന്റില്‍ എത്തിയത്. ആദ്യ യാത്ര ഒരു സ്ത്രീയും രണ്ട് കുട്ടികളുമായി നേരെ മൊഗ്രാലിലേക്കായിരുന്നു. നൂറ് രൂപ വാടകയും വാങ്ങി മടങ്ങി. പിന്നീട് വൈകുന്നേരം വരെ ഓട്ടോ ഓടിച്ചു. ആദ്യ ദിവസത്തെ കൈനീട്ടം 650 രൂപ. ഓട്ടോ ഒരു സുഹൃത്തിന്റെതാണ്. ദിവസം ഓട്ടോക്ക് 200 രൂപ വാടക കൊടുക്കണം. 2015ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൊടിയമ്മ ഒമ്പതാം വാര്‍ഡില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് വിജയിച്ചതോടെ കുമ്പള ഗ്രാമ പഞ്ചായത്ത് യു.ഡി.എഫിന്റെ പ്രസിഡണ്ടായി ചുമതലയേറ്റ് അഞ്ച് വര്‍ഷം ഭരണം കാഴ്ച വെച്ചു. ഈ കാലയളവില്‍ കിദൂരില്‍ പക്ഷി കേന്ദ്രം കൊണ്ടു വരാന്‍ സാധിച്ചു. കുമ്പള സ്‌കൂളിന് സമീപത്ത് കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് സുനാമി കെട്ടിടം പണി തീര്‍ത്തു. ഇത് പോലെ പല പദ്ധതികളും നടപ്പാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പുണ്ടരികാക്ഷ പറഞ്ഞു. കുമ്പള ബസ് സ്റ്റാന്റിന്റെ കാര്യത്തില്‍ ഇന്നും ദുഖിക്കുന്നതായി പറഞ്ഞു. ബസ് സ്റ്റാന്റ് കോംപ്ലക്സിനും ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും വേണ്ടി രേഖകള്‍ ശരിയാക്കി വരുന്നതിനിടെയാണ് കോവിഡ് വ്യാപിച്ചത്. ലോക്ക്ഡൗണ്‍ വന്നതോടെ ഇത് നടക്കാതെ പോയി. ടി.ടി.സി. വിദ്യാഭ്യാസം കാസര്‍കോട് മായിപ്പാടിയിലാണ് പൂര്‍ത്തീകരിച്ചത്. പഠിക്കുന്ന കാലത്തും ഓട്ടോ ഡ്രൈവറായി പഠനത്തിന് ശേഷം രാത്രി 11 മണിവരെ ജോലിയെടുത്തിരുന്നു. പഠന, വീട്ട് ചെലവുകള്‍ കണ്ടെത്തുന്നതിനായാണ് ഓട്ടോ ഓടിച്ചത്. പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ചില എല്‍.പി. സ്‌കൂളുകളില്‍ ദിവസക്കൂലിക്ക് അധ്യാപകനായി ജോലി നോക്കിയിരുന്നു. പി.എസ്.സി. എഴുതി ലിസ്റ്റില്‍ നാലാം സ്ഥാനത്തെത്തിയിരുന്നു. അടുത്തു വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് പലരും യാത്രക്കിടെ ചോദിക്കാറുണ്ട്. ഇനി മത്സരിക്കാനില്ലെന്നും കുട്ടികളെ പഠിപ്പിക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്നും അതിനായി ഞാന്‍ കാത്തിരിക്കുന്നുവെന്നുമാണ് മറുപടി. കുമ്പള കിദൂര്‍ കാജൂര്‍ സ്വദേശിയാണ് പുണ്ടരികാക്ഷ. ആശാലതയാണ് ഭാര്യ. വിദ്യാര്‍ത്ഥിനികളായ അനു ലക്ഷ്മിയും ദന ലക്ഷ്മിയും മക്കളാണ്.