തീപിടിത്തം തുടര്‍ക്കഥയാവുമ്പോഴും ചുവപ്പ് നാടയില്‍ കുരുങ്ങി ബദിയടുക്കയിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റ്

ബദിയടുക്ക: വേനല്‍ തുടങ്ങിയതോടെ തീപിടിത്തം പതിവാകുന്നു. ഇവിടങ്ങളിലേക്ക് യഥാസമയം എത്താനാവാതെ അഗ്‌നിരക്ഷാ സേന കിതക്കുകയാണ്. അതിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി റവന്യൂ വകുപ്പ് വിട്ടുനല്‍കിയ സ്ഥലം ഉപയോഗമില്ലാതെ വെറും കാഴ്ച വസ്തുവായി മാറുന്നു. ബദിയടുക്ക, പുത്തിഗെ, എന്‍മകജെ, കുംബഡാജെ, ബെള്ളൂര്‍ തുടങ്ങിയ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ തീപിടിത്തം ഉണ്ടാകുമ്പോള്‍ കിലോമീറ്ററുകള്‍ താണ്ടി കാസര്‍കോട്, ഉപ്പള, കുറ്റിക്കോല്‍ എന്നീ സ്ഥലങ്ങളില്‍ നിന്നാണ് അഗ്‌നിസേനാ വിഭാഗം എത്തേണ്ടത്. എന്നാല്‍ യഥാസമയം എത്താനാവാതെ വിയര്‍ക്കുകയണ് അഗ്‌നിശമന സേന. എത്തിയാല്‍ തന്നെ ഒന്നുകില്‍ എഞ്ചിനുകളില്‍ വെള്ളമുണ്ടാകാറില്ല. ആവശ്യത്തിനുള്ള വെള്ളം നിറച്ച് സ്ഥലത്തേത്തുമ്പോഴേക്കും പൂര്‍ണ്ണമായും അഗ്‌നി വിഴുങ്ങിയിരിക്കും. ഈ പ്രദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന തീപിടിത്തങ്ങളും മറ്റു അപകടസാധ്യതകളും കണക്കിലെടുത്തും അതിര്‍ത്തി പഞ്ചായത്തിലെ ജനങ്ങളുടെ നിരന്തരമായ അപേക്ഷയും കണക്കിലെടുത്ത് 2014ല്‍ ബദിയടുക്ക പഞ്ചായത്ത് ഭരണസമിതി യോഗ തീരുമാന പ്രകാരം അഗ്‌നിശമന യൂണിറ്റ് അനുവദിക്കുകയാണെങ്കില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുതരാമെന്ന് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ഇത് പ്രകാരം പഞ്ചായത്ത് പരിധിയില്‍ സ്ഥലം അനുവദിക്കുകയാണെങ്കില്‍ അഗ്‌നിശമന യൂണിറ്റ് അനുവദിക്കുമെന്നും പ്രരംഭഘട്ടത്തില്‍ മൂന്ന് ഫയര്‍എഞ്ചിനും 20 ജീവനക്കാരെയും അനുവദിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. താല്‍കാലികമായി പഞ്ചായത്തിന്റെ കീഴില്‍ ബേള വില്ലേജ് ഓഫീസീന് സമീപമുള്ള ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ സ്ഥലം വിട്ടുകൊടുക്കാനും പിന്നീട് സ്ഥലം കണ്ടെത്തി അനുബന്ധ കെട്ടിടങ്ങള്‍ പണിയാനും തീരുമാനിച്ചിരുന്നു. മാസങ്ങള്‍ക്കകം തന്നെ അഗ്‌നിശമന വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുതിയ കെട്ടിടം പണിയുന്നതിന് ബേള വില്ലേജ് ഓഫീസിന് സമീപത്തെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ സ്ഥലം കണ്ടെത്തി അടയാളപ്പെടുത്തി പോവുകയും ചെയ്തു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടികളൊന്നും പൂര്‍ത്തിയാകാതെ ചുവപ്പ് നാടക്കുള്ളില്‍ കെട്ടിക്കിടക്കുകയാണ്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it