കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുമ്പോള്‍ ഉല്‍പ്പാദനം കുറവ്; കണ്ണീരൊഴിയാതെ കര്‍ഷകര്‍
വേനലും വന്യമൃഗശല്യവും രോഗബാധയും വിനയാകുന്നു

വേനല്‍ ചൂടിലും വെള്ളീച്ച അക്രമണത്തിലും നശിച്ച തെങ്ങുകള്‍
ബദിയടുക്ക: കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കുമ്പോഴും ഉല്‍പ്പാദനം നന്നേ കുറഞ്ഞതും കടുത്ത വേനലിലെ വരള്‍ച്ചയും വന്യമൃഗശല്യവും കാലവര്‍ഷക്കെടുതിയും വിളകള്‍ക്കുണ്ടാകുന്ന രോഗബാധയും കര്‍ഷകര്‍ക്ക് ദുരിതമാവുന്നു. ഇതിന് പുറമെ വിളകള്‍ നശിച്ചവര്‍ക്ക് നഷ്ടപരിഹാര തുകയും ഒരു വര്‍ഷമായി കുടിശികയായതോടെ കടുത്ത പ്രതിസന്ധിലാണ് കര്‍ഷകര്‍.
ജില്ലയില്‍ ചുരുക്കം ചിലയിടങ്ങളിലൊഴികെ മലയോര മേഖലയിലടക്കം ഭൂരിഭാഗം പ്രദേശങ്ങളിലും കാട്ടുപന്നി, കാട്ടുപോത്ത്, കുരങ്ങ്, മയില്‍ തുടങ്ങിയവയുടെ ശല്യം രൂക്ഷമാണ്. ഇവയെല്ലാം നശിപ്പിച്ചതിന്റെ ബാക്കിയാണ് കൃഷിയിടത്തില്‍ നിന്ന് കര്‍ഷകന് ലഭിക്കുന്നത്. കാര്‍ഷികാവശ്യത്തിന് എടുത്ത വായ്പ കുടിശികയായ ഒട്ടേറെ കര്‍ഷക കുടുംബങ്ങളാണ് ജില്ലയിലുള്ളത്. കൃഷിഭൂമി ഈടായി മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനും വിവാഹത്തിനും വീട് നിര്‍മ്മാണത്തിനും മറ്റും വായ്പ എടുത്തവരും ഇക്കൂട്ടത്തിലുണ്ട്. വര്‍ധിച്ച രാസവള വിലയും കൃഷിയിടത്തില്‍ പണിയെടുപ്പിച്ച കൂലി ചെലവുമെല്ലാം കര്‍ഷകരെ തളര്‍ത്തുകയാണ്.
വെള്ളീച്ച ശല്യത്തിന് പുറമെ ചെമ്പന്‍ ചെല്ലിയും തെങ്ങുകളെ വ്യാപകമായി നശിപ്പിക്കുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. പല ഭാഗങ്ങളിലും ചെമ്പന്‍ ചെല്ലിയുടെ ആക്രമണം ഉണ്ടെങ്കിലും വിദ്യാനഗര്‍ ഓലത്തിരി, ഓലത്തിരിമൂല പ്രദേശത്താണ് വ്യാപകമായിട്ടുള്ളത്. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഇതിന്റെ ആക്രമണം നേരിടുന്നെങ്കിലും കര്‍ഷകര്‍ക്ക് ഇത് ഫലപ്രദമായി തടയാന്‍ കഴിയുന്നില്ല. വീടുകളുടെ പറമ്പുകളില്‍ നല്ല വിള കിട്ടുന്ന തെങ്ങുകളുടെ നാമ്പുകളാണ് ചെമ്പന്‍ ചെല്ലി നശിപ്പിക്കുന്നത്. പലരും കീടശല്യം തടയുന്നതിന് ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
കാലവര്‍ഷം തുടങ്ങാറായിട്ടും കഴിഞ്ഞ വര്‍ഷത്തെ വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ലഭിക്കേണ്ട നഷ്ടപരിഹാര തുക കുടിശികയായി കിടക്കുകയാണ്. കാലവര്‍ഷക്കെടുതിയിലും വരള്‍ച്ചയിലും കൃഷി നശിച്ചവരും വന്യമൃഗശല്യത്തില്‍ കൃഷി നശിച്ച കര്‍ഷകരും ഉള്‍പ്പെടെ അപേക്ഷകരുടെ കൂട്ടത്തിലുണ്ട്. ജില്ലയില്‍ മാത്രം 20 ലക്ഷത്തോളം രൂപയാണ് കര്‍ഷകര്‍ക്ക് കൊടുക്കാനുള്ളത്. 2024 ഏപ്രില്‍ ഒന്ന് മുതല്‍ കഴിഞ്ഞ മാര്‍ച്ച് 31 വരെ അപേക്ഷിച്ച 170 കര്‍ഷകര്‍ക്കാണ് നഷ്ടപരിഹാരം കിട്ടാനുള്ളത്. 182 കര്‍ഷകര്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ ഒരാള്‍ക്ക് 12,000 രൂപ അനുവദിച്ചു. 11 പേരുടെ അപേക്ഷ കൃഷിവകുപ്പ് നിരസിക്കുകയും ചെയ്തു. 114 കര്‍ഷകര്‍ക്കായി 10.84 ലക്ഷം രൂപ നഷ്ട പരിഹാരം കണക്കാക്കിയിട്ടുണ്ടെങ്കിലും ഫണ്ടില്ലാത്തതിനാല്‍ തുക അനുവദിച്ചിട്ടില്ല. 48 കര്‍ഷകരുടെ അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയാക്കിയെങ്കിലും നഷ്ടപരിഹാരം തിട്ടപ്പെടുത്തിയിട്ടില്ല. 9 അപേക്ഷകള്‍ രേഖകള്‍ പൂര്‍ണമല്ലാത്തതിനാല്‍ തിരിച്ചയക്കുകയും ചെയ്തു. നഷ്ടപരിഹാര തുക ലഭിക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ വിള ഇന്‍ഷുറന്‍സിനോട് മുഖം തിരിക്കുകയാണ് പല കര്‍ഷകരും.