പുഴയോര ഹോസ്പിറ്റാലിറ്റി സോണ്‍ നിര്‍മ്മിക്കുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു; തളങ്കര ഇനി വേറെ ലെവലാവും

കാസര്‍കോട്: തളങ്കര വില്ലേജിലെ കടവത്തും പടിഞ്ഞാറുമായി റവന്യൂവകുപ്പിന്റെ കൈവശമുള്ള 24 ഏക്കര്‍ ഭൂമിയില്‍ ഹോസ്പിറ്റാലിറ്റി സോണ്‍ വരുന്നു. ഇതിന് താല്‍പര്യപത്രം ക്ഷണിച്ചു. ഇവിടത്തെ മണലരിപ്പ് യൂണിറ്റ് നിലനിര്‍ത്തിയാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ പുതിയ സോണ്‍ നിര്‍മ്മിക്കാനുള്ള ഒരുക്കങ്ങളിലേക്ക് അധികൃതര്‍ നീങ്ങുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍ കാസര്‍കോട് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും. പദ്ധതി പ്രദേശത്തെ ആറ് മേഖലകളായി വിഭജിച്ച് ഹോസ്പിറ്റാലിറ്റി സോണ്‍ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഫുഡ് കോര്‍ട്ട്, പാര്‍ട്ടി സ്‌പെയ്‌സ്, കോട്ടേജുകള്‍, ചന്ത, ഷോപ്പിങ് കേന്ദ്രം, കുട്ടികള്‍ക്കുള്ള കളിസ്ഥലം, പൂന്തോട്ടം, അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
ഒന്നാം മേഖലയില്‍ റസ്റ്റോറന്റ് കം ഗെയിമിങ് സോണ്‍, വാടകയ്ക്കുള്ള കോട്ടേജുകള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുക. ഉപേക്ഷിച്ച നിലയിലുള്ള ഗോഡൗണ്‍ നവീകരിച്ച് വാട്ടര്‍ ഫ്രണ്ട് പ്രീമിയം റസ്റ്റോറന്റും ഗെയിമിങ് സോണുമായി മാറ്റും. കോട്ടേജുകള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് നല്‍കും. പുഴയോരത്തോടുചേര്‍ന്ന് നിര്‍മ്മിക്കുന്ന പൂന്തോട്ടത്തില്‍ നടപ്പാത, മേല്‍ക്കൂരയുള്ളതും ഇല്ലാത്തതുമായ ഇരിപ്പിടങ്ങള്‍, കാഴ്ചത്തട്ട് തുടങ്ങിയവയുണ്ടാകും. രണ്ടാം മേഖലയില്‍ സെന്‍ട്രല്‍ പ്ലാസ ഇരിപ്പിടസൗകര്യവും കടകളും ലഘുഭക്ഷണശാലകളുമാണ് പ്രധാനമായും ഉണ്ടാവുക. ഫ്‌ളീ മാര്‍ക്കറ്റോടുകൂടിയ സെന്‍ട്രല്‍ പ്ലാസയാണ് ഇവിടെ വികസിപ്പിക്കുക. മൂന്നാം മേഖലയില്‍ ആംഫി തിയേറ്ററും പാര്‍ട്ടി ഏരിയയും ഓഡിറ്റോറിയവുമാണ് ഉദ്ദേശിക്കുന്നത്. ആഘോഷങ്ങളും കൂടിച്ചേരലുകളും നടത്താന്‍ പറ്റുന്നതരത്തില്‍ തുറന്ന പുല്‍ത്തകിടിയും വെളിച്ച സംവിധാനങ്ങളോടുകൂടിയ ഇരിപ്പിട സൗകര്യവും പാര്‍ട്ടി ഏരിയയിലുണ്ടാകും. നാലാം മേഖലയില്‍ ഫുഡ് കോര്‍ട്ടാണ് പ്രധാനമായും സജ്ജമാക്കുക. ഇവിടെ കഫ്റ്റീരിയകളും റസ്റ്റോറന്റുകളും ഉണ്ടാകും. മേഖല അഞ്ചില്‍ കുട്ടികള്‍ക്കായുള്ള കളിസ്ഥലം വികസിപ്പിക്കും. കളിയുപകരണങ്ങള്‍ക്ക് പുറമേ ടര്‍ഫ്, സൈക്ലിങ് ബേ, ഇരിപ്പിട സൗകര്യം തുടങ്ങിയവയുമുണ്ടാകും. ആറാം മേഖലയില്‍ അമ്യൂസ്മെന്റ് പാര്‍ക്കാണ് ഒരുക്കുക. മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള അമ്യൂസ്മെന്റ് പാര്‍ക്കാണ് ലക്ഷ്യമിടുന്നത്.
ഇതിനായി സ്വകാര്യ ലിമിറ്റഡ് കമ്പനി, പാര്‍ട്ണര്‍ഷിപ്പ് ഫേം, എല്‍.എല്‍.പി, സംയുക്ത സംരംഭം, പ്രൊപ്രൈറ്റര്‍ഷിപ്പ് സ്ഥാപനം, കണ്‍സോര്‍ഷ്യം, കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റ് കമ്പനികള്‍ തുടങ്ങിയവയില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. അടുത്ത മാസം 16ന് വൈകിട്ട് മൂന്ന് മണി വരെ താല്‍പര്യപത്രം സമര്‍പ്പിക്കാവുന്നതാണ്.