അധികൃതര്‍ കാണണം; ആര്‍ക്കും പ്രയോജനമില്ലാതെ ഇവിടെയുണ്ടൊരു തടയണ

ബദിയടുക്ക: അധികൃതര്‍ കാണണം, ആര്‍ക്കും പ്രയോജനമില്ലാതെ ഇവിടെയുണ്ടൊരു തടയണ. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഖജനവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് പണിത തടയണ ആര്‍ക്കും ഒരു പ്രയോജനമില്ലാതെ കാഴ്ച വസ്തുവായി മാറുകയാണ്.

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബേള വില്ലേജിലെ ഏവിഞ്ചെ തോടിന് കുറുകെ ചെറുകിട ജലസേചന പദ്ധതിയില്‍ നിര്‍മ്മിച്ച തടയണയാണ് വെറും കാഴ്ചവസ്തുവായി മാറിനില്‍ക്കുന്നത്. വെള്ളം കെട്ടിനില്‍ക്കാന്‍ തടയണക്ക് കുറുകെ പാകിയ പലക ഗുണനിലവാരമില്ലാത്തത് കാരണം പൊട്ടിപ്പൊളിഞ്ഞ് വീണതിനാല്‍ വെള്ളം കെട്ടിനില്‍ക്കാതെ പാഴായിപ്പോവുകയാണ്.

ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 14.5 ലക്ഷം രൂപ ചിലവഴിച്ച് 2019-20 സാമ്പത്തിക വര്‍ഷത്തെ പദ്ധയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഉദ്ഘാടന സമയത്ത് തടയണയില്‍ നിറയെ വെള്ളം കെട്ടിനില്‍ക്കുകയും പരിസരത്തെ പതിനഞ്ച് ഏക്കറോളം സ്ഥലത്തെ കര്‍ഷകര്‍ക്ക് അതിന്റെ ഗുണം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു വര്‍ഷം തികയുന്നതിനിടയില്‍ തടയണക്ക് കുറുകെ സ്ഥാപിച്ച പലകകള്‍ പൊട്ടിപ്പൊളിയുകയായിരുന്നു. പിന്നീട് അറ്റകുറ്റപ്പണി നടത്തിയതുമില്ല.

തടയണയില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തെ ആശ്രയിച്ച് കൃഷിയിറക്കിയവര്‍ ഇതോടെ ആശങ്കയിലായി. പലക മാറ്റാന്‍ ഫണ്ട് വകയിരുത്തുകയാണെങ്കില്‍ ഫൈബര്‍ പലക സ്ഥാപിക്കാമെന്നാണ് നേരത്തെ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ നല്‍കുന്ന വിശദീകരണമെന്നാണ് ഗുണഭോക്താക്കളായ കര്‍ഷകര്‍ പറയുന്നത്. പൊട്ടിപ്പൊളിഞ്ഞതും കാലപ്പഴക്കം ചെന്നതുമായ പലക പാകിയാല്‍ തന്നെ വെള്ളം കെട്ടിനില്‍ക്കുന്നുമില്ല. തടയണക്കാവശ്യമായ പലക ഘടിപ്പിക്കുവാനുള്ള ഫണ്ട് നീക്കിവെച്ച് കര്‍ഷകര്‍ക്ക് ഉപയോഗമാകുന്ന രീതിയില്‍ പദ്ധതി നടപ്പാക്കണമെന്നാണ് പ്രദേശവാസികളായ കര്‍ഷകരുടെ ആവശ്യം.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it