പകര്‍ച്ചപ്പനിയും രോഗ വ്യാപനവും; കുമ്പള സി.എച്ച്.സിയിലെ അസൗകര്യങ്ങള്‍ രോഗികള്‍ക്ക് ദുരിതമാകുന്നു

കുമ്പള: ജില്ലയില്‍ പകര്‍ച്ചാ പനിയും, ചുമയും, കഫക്കെട്ടും മഞ്ഞപ്പിത്തവുമായി ആസ്പത്രികള്‍ രോഗികളെ കൊണ്ട് നിറയുമ്പോള്‍ അടിസ്ഥാന സൗകര്യ വികസനം ഇല്ലാത്തത് കുമ്പള സി.എച്ച്.സി യില്‍ എത്തുന്ന രോഗികള്‍ക്ക് ദുരിതമാകുന്നു. ചോര്‍ന്നൊലിച്ചിരുന്ന ഓടു പാകിയ കെട്ടിടം ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആസ്പത്രി അധികൃതര്‍ ഒഴിവാക്കിയതോടെയാണ് അടിസ്ഥാന സൗകര്യമില്ലാതെ രോഗികളും, ആസ്പത്രി ജീവനക്കാരും പ്രയാസപ്പെടുന്നത്.

അപകടാവസ്ഥയിലുള്ളതും ഉപയോഗശൂന്യമായതുമായ കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ച് നീക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീട്ടുടമ മരണപ്പെട്ട സാഹചര്യത്തിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ ഈ നിര്‍ദ്ദേശമുണ്ടായത്. ഇതേ തുടര്‍ന്നാണ് കുമ്പള സി.എച്ച്.സിയുടെ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ നിന്ന് രോഗികളെയും പരിശോധനയും ഫാര്‍മസിയും മാറ്റിയത്. ഗുരുതര ബലക്ഷയം കണ്ടെത്തിയ കെട്ടിടമായിരുന്നു കുമ്പളയിലേത്. കെട്ടിടത്തിന് 65 വര്‍ഷത്തെ പഴക്കവും ഉണ്ടായിരുന്നു. എന്നാല്‍ ആസ്പത്രിക്ക് പുതിയ കെട്ടിടത്തിനായുള്ള ഫണ്ട് അനുവദിക്കുന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നുണ്ട്. കെട്ടിട നിര്‍മ്മാണം സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് പറയുമ്പോഴും കാലതാമസം നേരിടുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് കുമ്പള സി.എച്ച്.സി പ്രവര്‍ത്തിക്കുന്നത്.

അതിനിടെ ആരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന പരിശോധനകള്‍ പരിഷ്‌കരിച്ച് കഴിഞ്ഞമാസം ഐ.സി. എം.ആര്‍ പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. പുതിയ പട്ടിക അനുസരിച്ച് ആരോഗ്യ ഉപ കേന്ദ്രങ്ങളില്‍ ഡെങ്കിപ്പനി പരിശോധനവുമായി ബന്ധപ്പെട്ട് സാമ്പിള്‍ ശേഖരിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആരോഗ്യ ഉപ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ജില്ലാ ആസ്പത്രികള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ എത്തിച്ച് രോഗനിര്‍ണയം കാര്യക്ഷമാക്കുകയാണ് പരിഷ്‌കരണത്തിലൂടെ ഐ.സി. എം.ആര്‍ ലക്ഷ്യമിട്ടിരുന്നത്. 2019ന് ശേഷമാണ് വീണ്ടും ഇത്തരത്തിലൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. എന്നിട്ട് പോലും ആരോഗ്യ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനമൊരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.


രോഗികളുടെ തിരക്ക്

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it