പെരുന്നാള്‍ അപ്പങ്ങളെമ്പാടും വിപണിയില്‍ റെഡിയാണ്

കാസര്‍കോട്: വിപണിയില്‍ മണം പരത്തി പെരുന്നാള്‍ അപ്പങ്ങള്‍ സ്ഥാനം പിടിച്ചു. അസഹ്യമായ ചൂടുകാലത്ത് നോമ്പ് നോറ്റ് അപ്പം ചുടാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് പെരുന്നാളിന് തീന്‍മേശയില്‍ വെക്കാനുള്ള ഏത് അപ്പം വേണമെങ്കിലും ഇപ്പോള്‍ വിപണിയില്‍ നിന്ന് കിട്ടും. ഇത് വീട്ടമ്മമാര്‍ക്ക് ആശ്വാസമാകുന്നുണ്ട്. പെരുന്നാള്‍ ദിവസം വീടുകളിലെ തീന്‍മേശയില്‍ വിവിധതരം അപ്പങ്ങള്‍ കൊണ്ട് നിറയും. ഒപ്പം വിവിധതരം ജ്യൂസുകളും. മുന്‍ കാലങ്ങളില്‍ നോമ്പ് 25 കഴിഞ്ഞാല്‍ വീടുകളില്‍ അപ്പങ്ങള്‍ ഉണ്ടാക്കാനുള്ള തിരക്കിലായിരിക്കും വീട്ടമ്മമാര്‍. വിവിധ തരങ്ങളിലുള്ള അപ്പങ്ങളായിരുന്നു വീട്ടമ്മമാര്‍ ഒരുക്കിയിരുന്നത്. ഇപ്പോള്‍ എല്ലാ അപ്പങ്ങളും വിപണിയില്‍ കിട്ടുന്നുണ്ട്.

ചട്ടിപ്പത്തല്‍, പൊരിയപ്പം തുടങ്ങിയ അപ്പങ്ങളാണ് ഏറെ പ്രിയം. ഇതോടൊപ്പം ഈത്തപ്പഴവും, കശുവണ്ടിയുമൊക്കെ പൊരിച്ചെടുത്ത അപ്പങ്ങള്‍ക്കും പ്രിയമേറുന്നു. പൈസ പത്തല്‍, നെയ്യട, ബീഡിയപ്പം, സൊറോട്ട അങ്ങനെ വിവിധങ്ങളായ അപ്പങ്ങളും ബേക്കറികളിലെ വില്‍പന സ്റ്റാളുകളില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്.

ഇതുവരെ നോമ്പുതുറ വിഭവങ്ങളായ പലഹാരങ്ങള്‍ വിറ്റഴിച്ചിരുന്ന സ്ഥാപനങ്ങളിലൊക്കെ കഴിഞ്ഞ ദിവസം തൊട്ട് പെരുന്നാള്‍ അപ്പങ്ങളാണ് നിറഞ്ഞിരിക്കുന്നത്.

വീടുകളില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവരുന്ന പെരുന്നാള്‍ അപ്പങ്ങളാണ് വിപണിയില്‍ ഏറെയുമുള്ളത്. ചട്ടിപ്പത്തല്‍ 280 രൂപ, സൊറോട്ട 320, കൊട്ടകാച്ചിയത് 250, ഈത്തപ്പഴം പൊരിച്ചത് 300, പൊരിയപ്പം 280, നെയ്യട 380,കടലപ്പം 280 ഇങ്ങനെയാണ് മിക്കയിടത്തെയും വില. ചില വീട്ടമ്മമാര്‍ വീടുകളിലും എണ്ണപ്പലഹാരങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുന്നുണ്ട്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it