അധികൃതരുടെ അനാസ്ഥയില്‍ പരക്കെ കുടിവെള്ളം പാഴാവുന്നു

പുലിക്കുന്ന് കസ്റ്റംസ് ഓഫീസിന് സമീപം റോഡരികില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു
കാസര്‍കോട്: പ്രതിദിനം ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാവുമ്പോഴും അധികൃതര്‍ക്ക് അനങ്ങാപ്പാറ നയമെന്ന് ആക്ഷേപം. കാസര്‍കോട് നഗരത്തിലും ചുറ്റുവട്ടത്തിലുമായി നിരവധി സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി കൊണ്ടിരിക്കുന്നത്. കാസര്‍കോട് പുലിക്കുന്ന് കസ്റ്റംസ് ഓഫീസിന് സമീപത്തായി റോഡരികില്‍ ദിവസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി കൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നുള്ള വെള്ളം ചന്ദ്രഗിരി റോഡിലൂടെ ഒഴുകുകയാണ്. ഇതുകാരണം ചെളി വെള്ളം കെട്ടിക്കിടക്കുകയാണ്. കാല്‍നട യാത്രക്കാര്‍ക്കും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ഉളിയത്തടുക്ക ജംഗ്ഷന് സമീപം ചൗക്കി റോഡില്‍ പൈപ്പ് പൊട്ടി ദിവസങ്ങളായി കുടിവെള്ളം പാഴാവുന്നുണ്ട്. റോഡരികില്‍ വലിയ ചെളിക്കുളം രൂപപ്പെട്ടിരിക്കുകയാണ്. കാല്‍നട യാത്രക്കാര്‍ക്ക് നടന്നുപോവാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ റോഡില്‍ നിന്നുള്ള വെള്ളം ദേഹത്ത് തെറിക്കുന്നു. പ്രധാന റോഡരികില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടും വേഗത്തില്‍ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. റോഡ് പ്രവൃത്തി നടക്കുമ്പോഴും കേബിളുകള്‍ സ്ഥാപിക്കുന്നതിനുമുള്ള കുഴിയെടുക്കുമ്പോഴുമാണ് പലയിടത്തും കുടിവെള്ള പൈപ്പ് പൊട്ടുന്നത്. എന്നാല്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടി മിക്കപ്പോഴും വൈകുന്നു.

