യാത്രക്കിടെ തയ്യാറാക്കിയ കവിത കവിയുടെ മകള്‍ക്ക് പിറന്നാള്‍ സമ്മാനം; സമര്‍പ്പിച്ചത് ഡോ.ദീപേഷ് കരിമ്പുങ്കര

കാഞ്ഞങ്ങാട്: ട്രെയിന്‍ യാത്രയ്ക്കിടെ ഒരുക്കിയ കവിത കവിയുടെ മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കി എഴുത്തുകാരന്‍. മഹാകവി പിയുടെ മകള്‍ ലീല അമ്മാള്‍ക്ക് പിറന്നാള്‍ സമ്മാനമായി കവിത സമര്‍പ്പിച്ച് എഴുത്തുകാരനും അധ്യാപകനുമായ ഡോ. ദീപേഷ് കരിമ്പുങ്കരയാണ് ശ്രദ്ധേയനായത്. വരികള്‍ക്ക് നിമിഷങ്ങള്‍ക്കകം എ.ഐ സംഗീതം നല്‍കി. വീഡിയോ എഡിറ്റിങ് ആപ്പ് ആയ വി.എന്‍ ഉപയോഗിച്ച് ചിത്രീകരണവും നല്‍കിയതോടെ ഒരുങ്ങിയത് സംഗീതസാന്ദ്രവുമായ പിറന്നാള്‍ സമ്മാനം. ഇന്നലെ മാവുങ്കാല്‍ ആനന്ദാശ്രമത്തില്‍ നടന്ന ലീല അമ്മാളിന്റെ 95-ാം പിറന്നാള്‍ ആഘോഷത്തിലേക്കാണ് വേറിട്ടൊരു പിറന്നാള്‍ സമ്മാനം എത്തിയത്. കാവ്യരൂപന്റെ കാല്‍പാടുകള്‍ എന്ന പേരില്‍ മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ വ്യത്യസ്തമായ ജീവചരിത്രമെഴുതിയ ഡോ. ദീപേഷ് കരിമ്പുങ്കര കോഴിക്കോട് ചേളന്നൂര്‍ എസ്.എന്‍ കോളേജിലെ മലയാള വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറാണ്. ഗ്രന്ഥരചനക്ക് ശേഷം മഹാകവി പിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തി വരുന്ന ഇദ്ദേഹവും കവിയുടെ മകള്‍ ലീല ടീച്ചറുടെ പിറന്നാള്‍ ആഘോഷത്തിലേക്ക് ക്ഷണിക്കപ്പെട്ടു. പിറന്നാള്‍ സമ്മാനം വാങ്ങാതെ ഇന്നലെ രാവിലെ കോഴിക്കോട്ട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് ഭാര്യക്കൊപ്പം ഇന്റര്‍സിറ്റി എക്സ്പ്രസിന് പുറപ്പെട്ട ഇദ്ദേഹത്തിന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ വിട്ടപ്പോള്‍ തോന്നിയ ആശയമാണ് ഗാനോപഹാരത്തിന്റെ പിറവിയിലേക്ക് നയിച്ചത്. കവി മകളേ കന്നിമലരേ കവിയാകുമച്ഛന്റെ പ്രിയമകളേ ആശംസകള്‍... എന്നു തുടങ്ങുന്ന വരികള്‍ വാര്‍ന്നുവീണതോടെ സംഗീതവും ആലാപനം എന്നിവയും എ.ഐയെ ഏല്‍പ്പിച്ചു. നിമിഷവേഗത്തില്‍ എ.ഐ സംഗീതം നിര്‍വഹിച്ച് പാടിക്കൊടുത്ത വരികളില്‍ നിന്ന് ഏറ്റവും ആകര്‍ഷമായ ഭാഗം തിരഞ്ഞെടുത്തു. ഗ്രന്ഥരചനക്കായി നേരത്തെ എടുത്തു സൂക്ഷിച്ചിരുന്ന ലീല ടീച്ചറുടെ ഫോട്ടോകളും നല്‍കി. കാഞ്ഞങ്ങാട്ടെത്തുമ്പോഴേക്കും മനോഹരമായ വീഡിയോ ഗാനോപഹാരം ഒരുങ്ങി. ടീച്ചര്‍ക്ക് പിറന്നാള്‍ ആഘോഷം നേരാന്‍ എത്തിയ കഥാകൃത്ത് ഡോ. അംബികാസന്‍ മാങ്ങാട് ഉള്‍പ്പെടെയുള്ളവരോട് കാര്യം പറഞ്ഞപ്പോള്‍ അഭിനന്ദിക്കുകയായിരുന്നു. പിന്നീട് ലീല ടീച്ചറുടെ മക്കളായ ജയശ്രീക്കും ജയദേവനും കേള്‍പ്പിച്ചു. എല്ലാവരും ചേര്‍ന്ന് ലീല ടീച്ചറെയും കേള്‍പ്പിച്ചതോടെ പുതിയ അനുഭവമായി.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it