പിറന്നുവീണ് ദിവസങ്ങള്‍ക്കകം അത്യപൂര്‍വ്വ ഹൃദയ ശസ്ത്രക്രിയ; നഹാദിയ ഇന്ന് ആരോഗ്യമുള്ള പി.ജി വിദ്യാര്‍ത്ഥിനി

ഡോ. മൂസക്കുഞ്ഞിക്ക് പ്രശംസാവര്‍ഷം

കാസര്‍കോട്: 2003ല്‍ കാസര്‍കോട് സ്വദേശിയായ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. മൂസക്കുഞ്ഞിയുടെ നേതൃത്വത്തില്‍ അത്യപൂര്‍വ്വമായ ഹൃദയശസ്ത്രക്രിയക്ക് വിധേയമാകുമ്പോള്‍ ആ കുഞ്ഞിന് പത്ത് ദിവസം മാത്രം പ്രായം. 750 ഗ്രാം ഭാരവും. മാസം തികയാതെ ജനിച്ച ആ പെണ്‍കുഞ്ഞിനെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് അയക്കുമ്പോള്‍ എല്ലാവരുടെയും നെഞ്ച് പിടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇന്ന് 23 വര്‍ഷം പിന്നിടുമ്പോള്‍ നഹാദിയ എന്ന് പേരുള്ള അവള്‍ പൂര്‍ണ ആരോഗ്യവതിയായി വളര്‍ന്നിരിക്കുന്നു. ഡോ. മൂസകുഞ്ഞി നിര്‍വഹിച്ച ആ ശസ്ത്രക്രിയ പിന്നീട് ഇന്ത്യയിലെ ശിശുഹൃദയ ശസ്ത്രക്രിയ ചരിത്രത്തില്‍ അത്ഭുതമായി മാറി. ഇപ്പോള്‍ അവള്‍ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിനിയായി ജീവിതം മുന്നോട്ട് നയിക്കുകയാണ്. ഇടുക്കിയില്‍ നിന്നുള്ള സജിത ജബ്ബാറിനാണ് ഏഴാം മാസത്തില്‍ ഹൃദയത്തില്‍ കേടുപാടുള്ള ഒരു കുഞ്ഞ് ജനിച്ചത്. തീവ്രമായ ശ്വാസതടസത്തോടെ കുഞ്ഞ് കൊച്ചിയിലെ പി.വി.എസ് ആസ്പത്രിയിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഗുരുതരമായ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോ. മൂസക്കുഞ്ഞിയും അദ്ദേഹത്തിന്റെ സംഘവും ഐ.സി.യുവില്‍ തന്നെ ഒരുക്കിയ താല്‍ക്കാലിക ഓപ്പറേഷന്‍ തിയേറ്ററില്‍ അത്യാഹിത ഹൃദയ ശസ്ത്രക്രിയ നിര്‍വഹിച്ചു. പിറന്ന് വീണ് പത്താം ദിവസമാണ് കുഞ്ഞിന് ശസ്ത്രക്രിയ നടന്നത്. നെഞ്ചുതുറന്ന് രക്തക്കുഴല്‍ അടച്ചതോടെ ശ്വാസതടസം ഒഴിവായി. ശസ്ത്രക്രിയയുടെ നാലാംദിവസം കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയും ചെയ്തു. കുഞ്ഞിന്റെ ഓരോ ഹൃദയമിടിപ്പും ഡോക്ടര്‍ക്ക് അത്ഭുതം പോലെ തോന്നിയിരുന്നു. ശസ്ത്രക്രിയ വിജയകരമായതോടെ കുഞ്ഞ് രോഗാവസ്ഥയില്‍ നിന്ന് മോചനം നേടി. എങ്കിലും എത്രകാലം ജീവിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. തുടര്‍ ന്നുള്ള കാലങ്ങളിലും ഡോ. മൂസക്കുഞ്ഞിന്റെ ചികിത്സയും ഉപദേശവും തുടര്‍ന്നു. 'ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ എന്റെ ജീവിതത്തിലെ മാര്‍ഗദീപങ്ങള്‍ തന്നെയാണ്. ഇത് ഇന്ത്യയിലെ ലക്ഷക്കണക്കിന് ഹൃദ്രോഗമുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രതീക്ഷയേകുന്ന കഥയാണ്' - ഡോ. മൂസക്കുഞ്ഞി അഭിമാനത്തോ ടെ പറഞ്ഞു.


നഹാദിയ ജബ്ബാര്‍

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it