സര്‍വീസ് റോഡില്‍ കയറാതെ കെ.എസ്.ആ.ര്‍.ടി.സി. ബസുകള്‍ ദേശീയപാതയിലൂടെ ഓടുന്നതായി പരാതി; യാത്രക്കാര്‍ക്ക് ദുരിതം

മൊഗ്രാല്‍ കൊപ്പളം ബസ്സ്റ്റോപ്പില്‍ സര്‍വീസ് റോഡില്‍ പ്രവേശിക്കാതെ ദേശീയപാതയില്‍ ഓടുന്ന കെ.എസ്.ആ.ര്‍.ടി.സി. ബസ്
മൊഗ്രാല്‍: മൂന്നാഴ്ചകള്‍ക്ക് ശേഷം മൊഗ്രാലില്‍ അടച്ചിട്ട സര്‍വീസ് റോഡ് തുറന്നുവെങ്കിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് റോഡില്‍ ഇറങ്ങാതെ ദേശീയപാതയിലൂടെ തന്നെ ഓടുന്നതായി പരാതി. ഇത് യാത്രക്കാര്‍ക്ക് ദുരിതമുണ്ടാക്കുന്നു. മൊഗ്രാലില്‍ ഏറെ പ്രതിഷേധത്തിന് ശേഷമാണ് സര്‍വീസ് റോഡ് താല്‍ക്കാലികമായി തുറന്ന് നല്‍കിയത്. എന്നാല്‍ കെ.എസ്.ആ.ര്‍.ടി.സി. ബസുകള്‍ ഇതുവഴി ഓടാത്തതാണ് യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി യാത്രക്കാര്‍ പൊരിവെയിലത്ത് പെര്‍വാഡ്, കൊപ്പളം ബസ്‌സ്റ്റോപ്പുകളില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയിലായിരുന്നു. ഓട്ടോ പിടിച്ചായിരുന്നു യാത്രക്കാര്‍ ഇവിടേക്ക് പോയിരുന്നത്. ഇത് യാത്രക്കാര്‍ക്ക് അധിക ബാധ്യതയും ഉണ്ടാക്കിയിരുന്നു. സര്‍വീസ് റോഡ് തുറന്നത് ഇതിന് അറുതിയായി എന്ന് കരുതിയെങ്കിലും ബസുകള്‍ ഓടാത്തത് യാത്രക്കാര്‍ക്ക് വീണ്ടും ദുരിതമായി. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് യാത്രക്കാര്‍. തലപ്പാടി-ചെങ്കള റീച്ചില്‍ പലേടങ്ങളിലും ബസുകള്‍ സര്‍വീസ് റോഡില്‍ പ്രവേശിക്കാതെ ഓടുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.