തേങ്ങക്ക് വിലയുണ്ട്, പക്ഷെ തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് ക്ഷാമം

കാസര്‍കോട്: തെങ്ങുകയറ്റ തൊഴിലാളികളെ കിട്ടാത്തതില്‍ നാളികേര കര്‍ഷകര്‍ ദുരിതത്തില്‍. പലയിടത്തും തെങ്ങില്‍ നിന്ന് കിട്ടുന്ന തേങ്ങയുടെ വിലയേക്കാളും കൂടുതല്‍ തുകയാണ് പലരും തെങ്ങുകയറ്റത്തിന് കൂലിയായി ആവശ്യപ്പെടുന്നതത്രെ. പച്ച തേങ്ങക്ക് നല്ല വില ലഭിക്കുന്ന സന്ദര്‍ഭത്തില്‍ പോലും തെങ്ങുകയറ്റ തൊഴിലാളികളെ കിട്ടാത്തത് കര്‍ഷകരെ നിരാശയിലാക്കുന്നു. പച്ച തേങ്ങ പറിച്ചു വില്‍ക്കേണ്ട സമയത്ത് തെങ്ങ് കയറ്റ തൊഴിലാളികളെ കിട്ടാത്തതിനാല്‍ തെങ്ങുകളില്‍ നിന്ന് തേങ്ങ ഉണങ്ങി വീഴുകയാണ്. ഇതിനാകട്ടെ വിലയുമില്ല. പരമ്പരാഗത തെങ്ങുകയറ്റ തൊഴിലാളികള്‍ ഇപ്പോള്‍ ഈ തൊഴിലിനോട് വിമുഖത കാണിക്കുന്നതും പുതുതലമുറ ഈ രംഗത്തേക്ക് വരാന്‍ മടിക്കുന്നതുമാണ് തൊഴിലാളിക്ഷാമം ഇത്രത്തോളം രൂക്ഷമാക്കിയത്. ഇപ്പോഴത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് 15 കോടി തെങ്ങുകളുണ്ടെന്നാണ് നാളികേര വികസന കോര്‍പ്പറേഷന്‍ കണക്ക്. ഇതനുസരിച്ച് തേങ്ങ പറിക്കാനുള്ള നാമമാത്രമായ തൊഴിലാളികളാണ് ഈ രംഗത്തുള്ളത്.

ഒരു തെങ്ങില്‍ കയറിയാല്‍ 50 രൂപയാണ് തെങ്ങ് കയറ്റ തൊഴിലാളിയുടെ കൂലി. നേരത്തെ ഇത് 30-40 രൂപ എന്ന ക്രമത്തിലായിരുന്നു. തൊഴിലാളിക്ഷാമം ഇത് കൂലി കൂട്ടുന്ന അവസ്ഥയിലേക്കെത്തി. പച്ച തേങ്ങക്ക് 80 രൂപ വിപണിയില്‍ വില ഈടാക്കിയപ്പോള്‍ തൊഴിലാളികളുടെ കൂലി 60 രൂപയായി വര്‍ധിപ്പിച്ചു. തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ചുള്ള പരിശീലനമൊക്കെ മുറപോലെ നടക്കുന്നുണ്ടെങ്കിലും തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥക്ക് പരിഹാരമായിട്ടില്ലെന്നാണ് നാളികേര കര്‍ഷകര്‍ പറയുന്നത്. തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് വേണ്ടത്ര സംരക്ഷണമോ, സഹായമോ ലഭിക്കാത്തതാണ് ഈ രംഗത്ത് വരാന്‍ ജോലിക്കാര്‍ മടിക്കുന്നതെന്നാണ് പറയുന്നത്. തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം കണക്കിലെടുത്ത് നാളികേര വികസന ബോര്‍ഡ് തെങ്ങുകയറ്റ തൊഴിലാളികളുടെ ഡയറക്ടറി തന്നെ തയ്യാറാക്കിയിരുന്നു. ഇത് പ്രകാരം ജില്ലയില്‍ മാത്രം 1500ലേറെ തെങ്ങുകയറ്റ തൊഴിലാളികളുണ്ടെന്ന് 2015ല്‍ പ്രസിദ്ധീകരിച്ച ഡയറക്ടറിയിലുണ്ട്. തെങ്ങുകയറ്റ പരിശീലനം നേരിടുന്ന ഓരോ തൊഴിലാളിക്കും ഒരു വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തുമെന്നും വിജ്ഞാന്‍ കേന്ദ്രയുടെ സഹായത്തോടെ ഈ പദ്ധതി നടപ്പിലാക്കുമെന്നും നാളികേര വികസന കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നതുമാണ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it