ചെര്‍ക്കള-കല്ലടുക്ക റോഡില്‍ പെര്‍ള മര്‍ത്യയില്‍ റോഡരിക് ഇടിയുന്നു

ബദിയടുക്ക: റോഡരികില്‍ മണ്ണിടിച്ചില്‍ പതിവായതോടെ രാത്രി കാലങ്ങളില്‍ വാഹനയാത്ര അപകടം മുന്നില്‍ കണ്ട്. ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയില്‍ കുഴികളും പള്ളത്തടുക്ക പാലത്തിന്റെ ബലക്ഷയവും കാരണം യാത്ര ദുസ്സഹമായ റോഡില്‍ ഒരുവശത്തെ സംരക്ഷണ ഭിത്തിയോട് ചേര്‍ന്ന സ്ഥലത്ത് മണ്ണ് ഇടിയുകയാണ്. പെര്‍ള മര്‍ത്യയിലാണ് റോഡരിക് ഇടിയുന്നത്. റോഡ് വികസനം നടന്നപ്പോള്‍ സംരക്ഷണത്തിനായി ഇരുമ്പ് കമ്പി സ്ഥാപിച്ച് വലയം തീര്‍ത്തിരുന്നു. എന്നാല്‍ മണ്ണിടിയാന്‍ തുടങ്ങിയതോടെ അതും നിലം പൊത്തുന്ന സ്ഥിതിയിലാണുള്ളത്. യാത്രക്കാരുടെയും പ്രദേശവാസികളുടെയും നിരന്തരമായ പരാതിയെ തുടര്‍ന്ന് റോഡരികില്‍ ഒഴിഞ്ഞ ടാര്‍ ഡ്രം വെച്ച് റിബ്ബണ്‍ കെട്ടിയിരിക്കുന്നുവെന്നല്ലാതെ അപകട സൂചനാ ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല. ഇതിലൂടെയുള്ള രാത്രി യാത്രയാണ് ഏറെ ദുഷ്‌കരം. വളവോട് കൂടിയ റോഡരികില്‍ തെരുവ് വിളക്ക് പോലുമില്ല. കര്‍ണ്ണാടകയുമായി ബന്ധിപ്പിക്കുന്ന റോഡ് ആയതിനാല്‍ നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോവുന്നത്. രാത്രികാലങ്ങളില്‍ അപകട സാധ്യതയേറെയാണ്. അടിയന്തരമായി സംരക്ഷണ ഭിത്തി പുന:സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it