റോഡിലെ ഭീമന്‍ കുഴികള്‍ നികത്തി ചെമ്മനാട് കൂട്ടായ്മ

അപകടങ്ങളും വാഹനങ്ങള്‍ക്ക് കേടുപാട് പറ്റുന്നതും പതിവായി

ചെമ്മനാട്: മഴവെള്ളം കെട്ടിക്കിടന്ന് റോഡേത്, കുഴിയേത് എന്ന് തിരിച്ചറിയാതെ അപകടാവസ്ഥ നിലനിന്നിരുന്ന റോഡിലെ വലിയ കുഴികള്‍ നികത്ത് നാട്ടുകൂട്ടായ്മ. കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ മുണ്ടാങ്കുളം മുതല്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള റോഡിലെ ഭീമന്‍ കുഴികളാണ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്നലെ നികത്തിയത്. വിലയ അപകടം സംഭവിക്കും മുമ്പ് അധികൃതര്‍ ഉണര്‍ന്നില്ലെങ്കിലും നാട്ടുകാര്‍ക്ക് ഇതൊന്നും കണ്ടുനില്‍ക്കാനാവില്ലെന്ന് വിളിച്ചോതിയാണ് ചെമ്മനാട് കൂട്ടായ്മയുടെ മാതൃകാ പ്രവൃത്തി. കുളം പോലെ വ്യാപ്തിയുള്ള നിരവധി കുഴികളാണ് ഇവിടെ അപകടഭീഷണിയായി ഉണ്ടായിരുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ബൈക്കുകള്‍ വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഭാരവാഹനങ്ങള്‍ ആക്‌സിലൊടിഞ്ഞ് വഴിയില്‍ കിടക്കുന്നതും പതിവായിരുന്നു. ഓട്ടോകള്‍ കുഴിയില്‍ നിന്ന് കരകയറാനാകാതെ നാട്ടുകാരുടെ സഹായം തേടിയിരുന്നു. മഴ കനത്തതോടെ സ്ഥിതി രൂക്ഷമായിരുന്നു. രാത്രിയില്‍ വലിയ വാഹനങ്ങള്‍ കുഴിയില്‍ പതിക്കുന്നതിന്റെ ശബ്ദം പ്രദേശക്കാരുടെ നെഞ്ചിടിപ്പായിരുന്നു. ഈ അവസ്ഥ പതിവായതോടെയാണ് അധികൃതരെ കാത്തുനില്‍ക്കാതെ ചെമ്മനാട് കൂട്ടായ്മാ പ്രവര്‍ത്തകര്‍ ശ്രമദാനത്തിനിറങ്ങിയത്. മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെയായിരുന്നു കുഴികള്‍ നികത്തിയത്. കുഴികളിലെ മഴവെള്ളം വറ്റിച്ച് റോഡില്‍ പരന്ന ചെളി നീക്കാന്‍ കാസര്‍കോട് അഗ്‌നിരക്ഷാസേനയുടെ സഹായവും തേടി. കോണ്‍ക്രീറ്റ് മിശ്രിതം ഇട്ട് ഉറപ്പിച്ചാണ് കുഴി നികത്തിയത്. റിട്ട. ഡി.വൈ.എസ്.പി സി.എ. അബ്ദുല്‍ റഹീം ചെയര്‍മാനും ബി.എച്ച് അബ്ദുല്‍ ഖാദര്‍ ജനറല്‍ കണ്‍വീനറുമായ സമിതിയാണ് ചെമ്മനാട് കൂട്ടായ്മയെ നയിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗം ബദറുല്‍ മുനീര്‍, ചെമ്മനാട് പഞ്ചായത്തംഗം അമീര്‍ പാലോത്ത് തുടങ്ങിയവരും കൂട്ടായ്മക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രവര്‍ത്തിക്കുന്നു. കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാതാ നവീകരണത്തിന് 38 കോടിയുടെ ടെണ്ടറായിട്ടുണ്ട്. ഊരാളുങ്കലിനാണ് നിര്‍മ്മാണ ചുമതല. മഴ പൂര്‍ണമായും മാറിയാലേ പ്രവൃത്തി തുടങ്ങൂ. നിലവിലുള്ള റോഡിന് മുകളില്‍ ഒരു പാളി ചെയ്യുന്ന ബിസി ഓവര്‍ലേ പ്രവൃത്തിയാണ് നടത്തുക.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it