ബസുകള്‍ സര്‍വ്വീസ് റോഡില്‍ കയറുന്നില്ല; ഭിന്നശേഷിക്കാര്‍ക്ക് ഏറെ ദുരിതം

കാസര്‍കോട്: ദേശീയപാത സര്‍വ്വീസ് റോഡിന്റെ പ്രവൃത്തി മൊഗ്രാല്‍പുത്തൂരില്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് റോഡില്‍ പ്രവേശിക്കാതെ മുകളിലുള്ള പ്രധാന റോഡിലൂടെ ഓടിച്ചുപോവുന്നതായി പരാതി. ഇത് കാരണം ഭിന്നശേഷിക്കാരും സ്ത്രീകളും വിദ്യാര്‍ത്ഥികളും ദുരിതമനുഭവിക്കുകയാണ്.

ബസ് ദേശീയപാതയിലൂടെ പോവുന്നത് കാരണം യാത്രക്കാരായ പലരും സര്‍വ്വീസ് റോഡുകള്‍ക്ക് സമീപം കുറെസമയം ബസ് കാത്ത് നില്‍ക്കേണ്ടിവരുന്നു. ദേശീയപാതയിലെത്തി ബസുകളെ ആശ്രയിക്കാന്‍ ഏറെ പണിപെടേണ്ടി വരുന്നു.

ബസുകള്‍ കര്‍വ്വീസ് റോഡിലൂടെ ഓടാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും ഭിന്നശേഷിക്കാരുടെ യാത്ര തടസപ്പെടുത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഭിന്നശേഷിക്കാരന്‍ കൂടിയായ പൊതുപ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ ജില്ലാ കലക്ടര്‍, ഡി.വൈ.എസ്.പി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കി.

കെ.എസ്.ആര്‍.ടി.സി ഡിപ്പോ മാനേജര്‍, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരെ കണ്ട് ഇന്ന് തന്നെ വിവരമറിയിക്കാന്‍ ട്രാഫിക് എസ്.ഐയോട് അറിയിച്ചിട്ടുണ്ടെന്നും നടപടിയുണ്ടാവുമെന്നും ഡി.വൈ.എസ്.പി പി.കെ സുനില്‍ കുമാര്‍ പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it