കാറഡുക്കയിലെ ബോക്‌സൈറ്റ് ഖനനം: സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് 5,000 കോടിയുടെ വരുമാനം

ബദിയടുക്ക: കാറഡുക്ക സംരക്ഷിത വനമേഖലയിലെ കാടകം നാര്‍ളം ബോക്‌സൈറ്റ് ഖനനത്തിലൂടെ സര്‍ക്കാറിന് ലഭിക്കുക കോടികള്‍. നാര്‍ളത്തെ 100 ഹെക്ടറില്‍ നിന്ന് സംസ്ഥാന സര്‍ക്കാരും മൈനിങ് ആന്റ് ജിയോളജി വകുപ്പും പ്രതീക്ഷിക്കുന്നത് 5000 കോടിയിലേറെ രൂപയുടെ വരുമാനമെന്ന് സൂചന. ഖനനത്തിലൂടെ ലേലം ചെയ്ത് ലഭിക്കുന്ന മുഴുവന്‍ വരുമാനവും സംസ്ഥാന സര്‍ക്കാറിനാണ്. ജി.എസ്.ടി മാത്രമെ കേന്ദ്ര സര്‍ക്കാറിന് നല്‍കേണ്ടതുള്ളൂ. റോയല്‍റ്റി തുകയുടെ 10 ശതമാനം അതതു തദ്ദേശ സ്ഥാപനങ്ങള്‍ക്കും ലഭിക്കും. കലക്ടര്‍ ചെയര്‍മാനായ മിനറല്‍ ഫണ്ടിലേക്കാവും ഈ തുക പോകുക. ഖനന പ്രദേശത്തെ ഗ്രാമസഭകള്‍ ചേര്‍ന്നാണ് ഈ തുക എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത്. നടപടികള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം ഒടുവിലോ അടുത്ത വര്‍ഷം ആദ്യമോ നാര്‍ളത്ത് ഖനനം തുടങ്ങാനാണ് തീരുമാനം. 3 മാസത്തിനുള്ളില്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും. ടെണ്ടര്‍ കഴിഞ്ഞാലും വിവിധ വകുപ്പുകളുടെ അനുമതി വാങ്ങിയ ശേഷം മാത്രമെ ഖനനം ആരംഭിക്കാന്‍ കഴിയുകയുള്ളൂ. കാറഡുക്ക വണ്ണാച്ചെടവ് പയ്യനടുക്കം മുതല്‍ കൊട്ടംകുഴി കല്ലളിപ്പാറ വരെയായിരുന്നു ആദ്യ പരിശോധന നടത്തിയത്. എന്നാല്‍ പിന്നീട് കര്‍മംതോടി ബാളക്കണ്ടം ഫോറസ്റ്റ് ഓഫിസിന് പിറകുവശം വരെ നീട്ടി. 100 ഹെക്ടര്‍ സ്ഥലത്ത് ഖനനം നടത്താമെന്നാണ് സര്‍വേയില്‍ തീരുമാനിച്ചത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ വാണിജ്യപരമായി ഖനനം ചെയ്യാവുന്ന ധാതുക്കളുടെ സാന്നി ധ്യം 2018ല്‍ തന്നെ ഈ മേഖലയില്‍ സ്ഥിരീകരിച്ചിരുന്നു. വനഭൂമി ആയതിനാല്‍ ജനങ്ങളുടെ എതിര്‍പ്പില്ലാതെ തന്നെ ഖനനം നടത്തുന്നതിന് വേണ്ടിയാണ് നാര്‍ളത്തെ ആദ്യം തിരഞ്ഞെടുക്കാന്‍ കാരണം. പരിസ്ഥിതിക്കോ നാട്ടുകാര്‍ക്കോ പ്രശ്‌നമില്ലാത്ത രീതിയില്‍ ഖനനം നടത്തി ജനങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമാകും മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുക. 0.2113 ദശലക്ഷം ടണ്‍ ഹൈ ഗ്രേഡ് ബോക്‌സൈറ്റും 5.1417 ദശലക്ഷം ടണ്‍ അലുമിനിയം ലാറ്ററേറ്റും ഇവിടെ നിന്ന് ലഭിക്കുമെന്നാണ് കണ്ടെത്തല്‍. 1957ലെ മൈന്‍സ് ആന്റ് മിനറല്‍സ് ഡവലപ്‌മെന്റ് ആന്റ് റഗുലേഷന്‍ നിയമത്തില്‍ 2023ല്‍ കൊണ്ടുവന്ന ഭേദഗതിയോടെയാണ് വനത്തിനുള്ളിലും ഖനനം നടത്താന്‍ വഴിതുറന്നത്. ബോക്‌സൈറ്റ് ഖനനത്തിന് സ്വകാര്യഭൂമി നിര്‍ബന്ധിച്ച് ഏറ്റെടുക്കുന്ന രീതിയുണ്ടാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഭൂവുടമകള്‍ക്ക് ഖനനത്തിന് വിട്ടുനല്‍കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ലേലത്തിനെടുത്ത കമ്പനികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം നഷ്ട പരിഹാരത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കും. പരിസ്ഥിതി ആഘാതം കുറക്കുന്നതിനായി ഘട്ടംഘട്ടമായാണ് ഖനനം നടത്തുക. ഒരു സ്ഥലത്തെ ഖനനം പൂര്‍ത്തിയായ ശേഷം ആ ഭാഗത്ത് മേല്‍മണ്ണിട്ട് മരത്തൈകള്‍ പിടിപ്പിച്ച ശേഷമാകും പിന്നീടുള്ള ഭാഗത്തെ ഖനനം ആരംഭിക്കുക. 5-10 മീറ്റര്‍ വരെ ആഴത്തിലാണ് ഖനനത്തിനായി കുഴിക്കുന്നത്. ഇവിടെ നിന്നും ചെങ്കല്ല് പൊട്ടിച്ചെടുത്ത ശേഷം ഇത് ലോറിയില്‍ കയറ്റി സംസ്‌കരണ കേന്ദ്രങ്ങളിലെത്തിക്കുകയും അവിടെ നിന്നും ശാസ്ത്രീയമായ രീതിയില്‍ ബോക്‌സൈറ്റ് വേര്‍തിരിച്ചെടുക്കുകയുമാണ് ചെയ്യുക.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it