കേരളം അതിദാരിദ്ര്യമുക്തമാകുമ്പോള്‍ കുട്ടിയമ്മയുടെ ജീവിതവും നിറമണിഞ്ഞു

കാസര്‍കോട്: എഴുപത്തതിനാലാം വയസ്സില്‍ ജീവിതത്തിന്റെ നല്ല കാലം ആരംഭിച്ച സന്തോഷത്തിലാണ് കോടോം-ബേളൂര്‍ പഞ്ചായത്തിലെ മുട്ടിച്ചിരേല്‍ താമസക്കാരിയായ കുട്ടിയമ്മ. സംസ്ഥാന സര്‍ക്കാരിന്റെ അതിദരിദ്ര നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി അതിദരിദ്ര മുക്തമായ ജില്ലയിലെ 2072 കുടുംബങ്ങളില്‍ ഒന്നാണ് കുട്ടിയമ്മയുടേത്. ജന്മം കൊണ്ട് കോട്ടയം ക്കാരിയാണെങ്കിലും തന്റെ അമ്പതാമത്തെ വയസില്‍ കാസര്‍കോടിന്റെ മണ്ണിലേക്ക് പറിച്ചു നട്ടതാണ് കുട്ടിയമ്മയുടെ ജീവിതം. അമ്പതാമത്തെ വയസ്സിലാണ് ഇവര്‍ കാസര്‍കോട് താമസമാക്കുന്നത്. ഒരു മേല്‍വിലാസം തെളിയിക്കുന്ന രേഖകളൊന്നുമില്ലാതെ കുറെ വര്‍ഷങ്ങള്‍. പിന്നീടെപ്പോഴോ ഉറ്റവരും നഷ്ടമായി തീര്‍ത്തും തനിച്ചായി കുട്ടിയമ്മയുടെ ജീവിതം. വാര്‍ധക്യ സഹജമായ രോഗങ്ങള്‍ കാരണം ജോലി ചെയ്ത് ജീവിക്കാന്‍ പറ്റാതെയുമായി. പുറമ്പോക്ക് ഭൂമിയില്‍ സ്വന്തമായി ഓലമെടഞ്ഞും പ്ലാസ്റ്റിക് കെട്ടിയും നിര്‍മ്മിച്ച വീട്ടില്‍ കാലാവര്‍ഷമൊന്ന് കനത്താല്‍ കുട്ടിയമ്മ യുടെ മനസ്സില്‍ ആശങ്കകളുടെ പേമാരി പെയ്യും. എന്നാല്‍ ഇന്ന് അതെല്ലാം പഴങ്കഥകള്‍ മാത്രമാണ്. കാറ്റും പേമാരിയും വന്നാലും സുരക്ഷിതത്വത്തോടെ താമസിക്കാന്‍ പറ്റുന്ന ഒരു വീട് ഇന്ന് കുട്ടിയമ്മക്ക് സ്വന്തമായുണ്ട്. പ്രായവും ഒറ്റക്കാണെന്നതും പരിഗണിച്ച് സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും ഒറ്റക്കാണെങ്കിലും ജീവിക്കുന്ന മണ്ണ് വിട്ടുപോകാനാവില്ലെന്ന് കുട്ടിയമ്മ പറഞ്ഞപ്പോള്‍ കലക്ടര്‍ ഇടപെട്ട് ആ സ്ഥലത്ത് തന്നെ ലൈഫ് ഭവന പദ്ധതിപ്രകാരം ഒരു വീട് നിര്‍മ്മിച്ച് നല്‍കി. കൂടാതെ റേഷന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് തുടങ്ങിയ ആധികാരിക രേഖകളും ലഭ്യമാക്കി. ആധികാരിക രേഖകളെല്ലാം ലഭ്യമായതോടെ നിലവില്‍ സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും കൃത്യമായി ലഭിക്കുന്നുണ്ട് കുട്ടിയമ്മക്ക്.
കുട്ടിയമ്മ അന്നും ഇന്നും

