ഭൂമി തരംമാറ്റം; മഞ്ചേശ്വരം താലൂക്കില്‍ മാത്രം കാത്തുകിടക്കുന്നത് ആയിരത്തോളം അപേക്ഷകള്‍

ജീവനക്കാരുടെ കുറവ് വിനയാകുന്നു

ഉപ്പള: ഭൂമി തരം മാറ്റത്തിനായി ജില്ലയില്‍ പതിനായിരത്തോളം അപേക്ഷകള്‍ വിവിധ റവന്യൂ ഡിവിഷന്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നതായി പരാതി. മഞ്ചേശ്വരം താലൂക്കില്‍ മാത്രം ആയിരത്തിലേറെ അപേക്ഷകളാണ് ഇത്തരത്തില്‍ പരിഹാരമാവാതെ കിടക്കുന്നതെന്നാണ് വിവരം. ഇതിലേറെയും കോയിപ്പാടി, മംഗല്‍പാടി ഗ്രൂപ്പ് വില്ലേജുകളിലെ അപേക്ഷകളാണ്. ഇതില്‍ തന്നെ രണ്ടും മൂന്നും വര്‍ഷങ്ങള്‍ പഴക്കമുള്ള അപേക്ഷകളുമുണ്ട്. സസ്ഥാനത്ത് രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലുവര്‍ഷം കൊണ്ട് വിവിധ പേരുകളിലായി മൂന്നോളം പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിച്ചിട്ടും ഭൂമി സംബന്ധമായ ഫയലുകള്‍ അധികവും നീങ്ങിയില്ല. ഇപ്പോഴും ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തുകള്‍ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിന് പുറമെയാണ് നേരത്തെ ജില്ലാ കലക്ടര്‍ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ച് പരാതികള്‍ തീര്‍പ്പാക്കാനും പോരായ്മകള്‍ പരിഹരിക്കാനും ശ്രമം നടത്തിയത്. ഇവിടെയും ഭൂമി സംബന്ധമായ ഫയലുകള്‍ക്ക് പരിഹാരം കാണാനും സാധിച്ചിട്ടില്ല. ഓരോ വില്ലേജ് ഓഫീസുകളിലുമുള്ള ജീവനക്കാരുടെ ഒഴിവ് നികത്താനും സാധിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമായി പറയുന്നത്. ജില്ലയിലെ എല്ലാ റവന്യൂ ഓഫീസുകളിലും അധിക ജോലി ഭാരം കൊണ്ട് വീര്‍പ്പുമുട്ടുകയാണ് നിലവിലുള്ള ജീവനക്കാര്‍. ഇതിനിടയില്‍ ജോലിഭാരം കൊണ്ട് പലരും സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നുമുണ്ട്. ഇതിനിടയിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് വേണ്ടിയും ഉള്ള ജീവനക്കാരെ ഉപയോഗിക്കുന്നത്.

ഭൂമി തരംമാറ്റ അപേക്ഷകള്‍ നാള്‍ക്കുനാള്‍ ഓഫീസുകളില്‍ കുന്നു കൂടുകയാണ്. അതിന് പരിഹാരം കാണാനും നടപടികള്‍ വേഗത്തിലാക്കാനും ശ്രമം ഉണ്ടാകുന്നില്ല. വീടും പറമ്പും വില്‍ക്കാനും വിവിധ ആവശ്യങ്ങള്‍ക്ക് വായ്പയെടുക്കാനും ബാങ്ക് ലോണിന്റെ പേരില്‍ ജപ്തി നടപടികളില്‍ നിന്ന് ഒഴിവായി കിട്ടാനും വേണ്ടിയാണ് ഭൂ ഉടമകളില്‍ പലരും ഭൂമി തരംമാറ്റത്തിന് അപേക്ഷ നല്‍കുന്നത്. ഈ അപേക്ഷകളിലാണ് വലിയ കാലതാമസം ഉണ്ടാകുന്നത്. പോക്കുവരവ് നടപടികള്‍ പൂര്‍ത്തിയാകാത്ത ഭൂമിക്ക് റവന്യൂ അധികൃതര്‍ നികുതി സ്വീകരിക്കുന്നുമില്ല. ഇത് അപേക്ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് പരാതി. അതിനിടെ ഭൂമി തരംമാറ്റല്‍ അതിവേഗ തീര്‍പ്പാക്കല്‍ പദ്ധതി 2002ല്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നുവെങ്കിലും അതും ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയാണ്. ആയിരത്തോളം ജീവനക്കാരെ പുനര്‍വിന്യസിപ്പിച്ച് എല്ലാ അപേക്ഷകളും തീര്‍പ്പുണ്ടാക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇതിന്റെ പദ്ധതി ചെലവ് 50 കോടി രൂപ ധനവകുപ്പ് അംഗീകരിക്കാത്തതാണ് പദ്ധതി പിന്നീട് നടക്കാതെ പോയത്. ക്ലര്‍ക്കുമാര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, ഫീല്‍ഡ് പരിശോധനക്ക് വാടക വാഹനങ്ങള്‍, കൂടുതല്‍ സര്‍വേയര്‍മാര്‍ എന്നിവക്കായിരുന്നു ധനവകുപ്പില്‍ ശിപാര്‍ശ സമര്‍പ്പിച്ചിരുന്നത്. ജില്ലയിലെ ഭൂമി തരംമാറ്റ നടപടികള്‍ ദുരിതപ്പെടുത്താനും വേഗത്തിലാക്കാനും യുദ്ധ കാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it