ഇങ്ങനെ മതിയോ അടിപ്പാതകള്‍; ചിലയിടങ്ങളിലെ അടിപ്പാതകളില്‍ ഗതാഗതം ദുരിതമയം

കാസര്‍കോട്: ദേശീയപാത 66 ചെങ്കള-തലപ്പാടി റീച്ചില്‍ ചിലയിടങ്ങളില്‍ നിര്‍മ്മിച്ച അടിപ്പാതയിലൂടെയുള്ള ഗതാഗതം ദുരിതമയമാവുന്നു. അണങ്കൂരില്‍ ഗുഹപോലെ നിര്‍മ്മിച്ച അടിപ്പാതയിലൂടെ ഏറെ പണിപ്പെട്ടാണ് വാഹനങ്ങളും കാല്‍നടയാത്രക്കാരും ഇരുവശങ്ങളിലേക്കും എത്തുന്നത്. ഇരുദിശകളിലേക്കും കഷ്ടിച്ച് രണ്ട് വാഹനങ്ങള്‍ക്ക് പോകാനുള്ള സ്ഥലം മാത്രമാണ് അടിപ്പാതയില്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് വാഹനങ്ങള്‍ ഇരുദിശയിലും ഒരേ സമയം വന്നാല്‍ ഇതുവഴി കടന്നുപോകുന്ന കാല്‍നടയാത്രക്കാരും പെടും. ദേശീയപാതയില്‍ പുതിയ ബസ്സ്റ്റാന്റ് കഴിഞ്ഞാല്‍ അണങ്കൂരിലാണ് അടിപ്പാത വരുന്നത്. നുള്ളിപ്പാടിയിലെ സ്വകാര്യ ആസ്പത്രി, ആയൂര്‍വേദ ആസ്പത്രി, നഗരസഭ ശ്മശാനം, ക്ഷേത്രം അംഗന്‍വാടി എന്നിവിടങ്ങളിലേക്ക് പുതിയ ബസ് സ്റ്റാന്റ് ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് ഏക ആശ്രയം അണങ്കൂരിലെ അടിപ്പാതയാണ്. അതേസമയം വലിയ വാഹനങ്ങളാണെങ്കില്‍ വിദ്യാനഗറിലെ പ്രധാന അടിപ്പാതയിലെത്തി വേണം യുടേണ്‍ എടുക്കാന്‍. ഉയരക്കുറവുള്ളതുകൊണ്ട് തന്നെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് അണങ്കൂരിലെ അടിപ്പാത ആശ്രയിക്കാനാവാത്ത സ്ഥിതി ആണ്.
ദേശീയപാത നുള്ളിപ്പാടിയില്‍ അടിപ്പാത വേണമെന്ന് നിരന്തരം ആവശ്യമുയര്‍ന്നിരുന്നു. പ്രദേശവാസികള്‍ പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും ഫലം കണ്ടില്ല. പുതിയ ബസ് സ്റ്റാന്റിലൂടെ കടന്നുപോകുന്ന മേല്‍പ്പാലം അവസാനിക്കുന്നത് നുള്ളിപ്പാടിയിലായതിനാല്‍ അടിപ്പാത നിര്‍മ്മിക്കാനാവില്ലെന്നായിരുന്നു നിര്‍മ്മാണ കമ്പനിയുടെ വാദം. പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് വരുന്നവര്‍ക്ക് പിന്നെ ഏക ആശ്രയം അണങ്കൂര്‍ അടിപ്പാതയാണ്. അടിപ്പാതയിലൂടെ കയറി വിദ്യാനഗര്‍ ഭാഗത്തേക്ക് പോകുന്നവരെ കാത്തിരിക്കുന്നതും വലിയ അപകടഭീഷണിയാണ്. അടിപ്പാത എത്തുന്നതിന് മുമ്പ് സര്‍വീസ് റോഡിലൂടെ വരുന്ന വാഹനങ്ങളുടെ വേഗത കുറക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടില്ല. അടിപ്പാത എത്തുന്നതിന് മുമ്പ് വളവായതിനാല്‍ വാഹനങ്ങള്‍ക്ക് പെട്ടെന്ന് അടിപ്പാതയിലൂടെ വരുന്ന വാഹനങ്ങളെ കാണാനും സാധിക്കില്ല.
മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ അനുവദിച്ച അടിപ്പാതയും വാഹനയാത്രക്കാര്‍ക്ക് ദുരിതമാവുകയാണ്. പിക്കപ്പ് വാനിന് കടന്നുപോകാനുള്ള ഉയരമുണ്ടെങ്കിലും അതില്‍ ഫര്‍ണിച്ചര്‍ അടക്കമുള്ളവ കൊണ്ടുപോകാന്‍ പറ്റില്ല. ഒരു ഭാഗം ഉയര്‍ത്തിയും മറുഭാഗം താഴ്ത്തിയുമാണ് ഇവിടെ അടിപ്പാത നിര്‍മ്മിച്ചിട്ടുള്ളത്. സാധനങ്ങളുമായി പോകുന്ന വാഹനങ്ങള്‍ പാലത്തില്‍ തട്ടി കുടുങ്ങുന്ന അവസ്ഥയാണ്.
എരിയാലില്‍ ഏറെ സമരങ്ങള്‍ക്കൊടുവിലാണ് അടിപ്പാത അനുവദിച്ചത്. എന്നാല്‍ വലിയ കാര്‍ അടക്കമുള്ളവയ്ക്ക് ഇതുവഴി കടന്നുപോകാനാവില്ല.
അണങ്കൂരില്‍ കാല്‍നടയും പ്രയാസം
ദേശീയപാത അണങ്കൂരിലെ അടിപ്പാതയിലൂടെയുള്ള കാല്‍നടയും പൊതുജനങ്ങള്‍ക്ക് വലിയ കടമ്പയാണ്. ജീവന്‍ പണയം വെച്ച് വേണം അടിപ്പാതയിലൂടെ മറുവശത്തെത്താന്‍. രണ്ട് വലിയ വാഹനങ്ങള്‍ ഇരുദിശയില്‍ നിന്നും വന്നാല്‍ പെട്ടുപോകുന്ന അവസ്ഥയാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ദിവസം അടിപ്പാതയെ ആശ്രയിക്കുന്നത്. അടിപ്പാതയില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുന്നുകൂടിയിരിക്കുന്നതും യാത്രക്കാര്‍ക്ക് മറ്റൊരു വെല്ലുവിളിയാണ്. ഇത് മറികടന്നുവേണം മറുവശത്തെത്താന്‍. അണങ്കൂരില്‍ കാല്‍നടയാത്രക്കാര്‍ക്ക് നടപ്പാലം വേണമെന്നാണ് ഉയരുന്ന ആവശ്യം.
അണങ്കൂര്‍ അടിപ്പാത, 2) അടിപ്പാതയില്‍ കൂടിക്കിടക്കുന്ന മാലിന്യം