കുടിവെള്ള പൈപ്പ് സ്ഥാപിച്ച ശേഷം കുഴി മൂടിയത് ഭാഗീകമായി; വാഹനങ്ങള്‍ വീഴുന്നത് നിത്യസംഭവം, പൊലീസില്‍ പരാതി

പൈപ്പിടാന്‍ റോഡ് കിളച്ചിട്ട മൊഗ്രാല്‍ കാടിയംകുളം ലിങ്ക് റോഡില്‍ കുഴിയില്‍ വീണ കാര്‍
മൊഗ്രാല്‍: മൊഗ്രാലില്‍ കുമ്പള പഞ്ചായത്തിന് കീഴിലുള്ള കോണ്‍ക്രീറ്റ് ചെയ്തതും ടാറിങ് നടത്തിയതുമായ നിരവധി ലിങ്ക് റോഡുകള്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി തകര്‍ത്ത് ഭാഗീകമായി മാത്രം മണ്ണിട്ടു മൂടി സ്ഥലംവിട്ട കരാറുകാരനെതിരെ പൊലീസില്‍ പരാതി നല്‍കി നാട്ടുകാര്‍. നിരവധി റോഡുകളാണ് ഇത്തരത്തില്‍ കിളച്ചിട്ട് നേരത്തെ ഉണ്ടായിരുന്നത് പോലെ പുന:സ്ഥാപിക്കാതെ സ്ഥലംവിട്ടത്. ഇത്തരം റോഡുകളില്‍ വാഹനങ്ങള്‍ വീണ് കേടുപാട് സംഭവിക്കുന്നത് പതിവായതോടെയാണ് നാട്ടുകാര്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കാറിന് കേടുപാട് സംഭവിച്ച മൊഗ്രാല്‍ ദേശീയവേദി ആക്ടിംഗ് പ്രസിഡണ്ട് എം.എ അബൂബക്കര്‍ സിദ്ദീഖാണ് കുമ്പള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാനും ടെലികോം കേബിള്‍ സ്ഥാപിക്കാനും റോഡ് തകര്‍ത്ത് കുഴിയെടുക്കുന്നവര്‍ അത് പൂര്‍വസ്ഥിതിയിലാക്കി നല്‍കണമെന്ന് നേരത്തെ ജില്ലാ കലക്ടറും ഒരു പരാതിയിന്മേല്‍ തീര്‍പ്പുണ്ടാക്കിയിരുന്നു. എന്നിട്ടും കരാറുകാരുടെ അലംഭാവം തുടരുകയാണെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. തകര്‍ത്ത റോഡുകള്‍ പുന:സ്ഥാപിച്ച് നല്‍കാന്‍ കരാറുകാരന് നോട്ടീസ് നല്‍കുമെന്ന് കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ അറിയിച്ചു.