സന്ധ്യ കഴിഞ്ഞാല്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരം കന്നുകാലി തൊഴുത്താവുന്നു; ഇനിയും നടപടിയായില്ല

കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില് കന്നുകാലികള്‍ കയറിയ നിലയില്‍
കാസര്‍കോട്: സന്ധ്യ കഴിഞ്ഞാല്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് എത്തുന്ന കന്നുകാലികള്‍ ബസ്സ്റ്റാന്റിനകത്തെ വ്യാപാരികള്‍ക്കും ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കുമുണ്ടാക്കുന്ന ദുരിതം ചില്ലറയല്ല. ഉടമസ്ഥരില്ലാത്ത 25ഓളം കന്നുകാലികളാണ് സന്ധ്യയായാല്‍ ബസ്സ്റ്റാന്റിനകത്തേക്ക് കയറുന്നത്. മാസങ്ങളായി ഇതേ സ്ഥിതിയാണ്. ഇത് സംബന്ധിച്ച് നിരന്തരം പരാതി ഉയരുന്നുമുണ്ട്. മുന്‍ നഗരസഭാ ഭരണസമിതി നിരവധി തവണ ഈ വിഷയത്തില്‍ നടപടി സ്വീകരിക്കാനൊരുങ്ങിയെങ്കിലും പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. കന്നുകാലികളെ പിടിച്ച് കെട്ടി സംരക്ഷണ കേന്ദ്രം ഒരുക്കുകയായിരുന്നു നഗരസഭയുടെ പദ്ധതി. ഉടമസ്ഥര്‍ വന്നാല്‍ പിഴ ഈടാക്കി നല്‍കാനായിരുന്നു പദ്ധതി ലക്ഷ്യം വെച്ചിരുന്നത്. എന്നാല്‍ നടപടി കടലാസിലും പ്രഖ്യാപനത്തിലും ഒതുങ്ങി. മുനിസിപ്പല്‍ ബസ്സ്റ്റാന്റിനകത്തെ ഭക്ഷണശാലകളില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്കും കന്നുകാലികളുടെ ചാണകത്തിന്റെയും മൂത്രത്തിന്റെയും വാസന കൊണ്ട് ഭക്ഷണം കഴിക്കാനാവുന്നില്ലെന്നും പരാതി ഉയരുന്നു. നഗരസഭാ പുതിയ ഭരണസമിതിയുടെ ആദ്യ അജണ്ട ഈ വിഷയത്തില്‍ വേണമെന്നാണ് ഇപ്പോള്‍ വ്യാപാരികളുടെയും ബസ് ജീവനക്കാരുടെയും ആവശ്യം.

