ഏണിയര്‍പ്പ് ലൈഫ് ഹൗസ് വില്ലയില്‍ കയ്യേറ്റ ശ്രമമെന്ന്; ആക്ഷന്‍ കമ്മിറ്റിയുടെ സമരം 25ന്

ബദിയടുക്ക: ഭൂരഹിത കേരളം പദ്ധതി പ്രകാരം റവന്യൂ അധികൃതര്‍ അനുവദിച്ച സ്ഥലത്ത് വീട് നിര്‍മ്മിച്ച് താമസമാക്കിയ കുടുംബംഗങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെടുമെന്ന് ആശങ്ക. ബേള വില്ലേജ് ഓഫീസിലേക്ക് ഏണിയര്‍പ്പ് ലൈഫ് ഹൗസ് വില്ലയിലെ കുടുംബങ്ങള്‍ 25ന് രാവിലെ 10ന് മാര്‍ച്ച് നടത്തും. ലൈഫ് ഹൗസ് വില്ലയിലേക്കുള്ള റോഡില്‍ സ്വകാര്യ വ്യക്തിയുടെ കയ്യേറ്റ ശ്രമം തടയുക, പാവപ്പെട്ട കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കിയ സ്ഥലവും വീടും ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ലൈഫ് ഹൗസ് വില്ലയിലെ കുടുംബങ്ങള്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃ ത്വത്തിലാണ് മാര്‍ച്ച്. 2014ല്‍ സര്‍ക്കാര്‍ ഭൂരഹിത കേരളം പദ്ധതി പ്രകാരം നല്‍കിയ സ്ഥലത്ത് ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ലഭിച്ച 58 കുടുംബങ്ങള്‍ ഇവിടെ താമസിച്ച് വരുന്നു. റോഡും നാലു വീടുകളുള്ള 50 സെന്റ് സ്ഥലം തന്റേതാണെന്ന തരത്തില്‍ കയ്യേറാനുള്ള ശ്രമത്തിലാണ് സ്വകാര്യ വ്യക്തിയെന്നാണ് ഇവരുടെ പരാതി. സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കാനും ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് നാസിര്‍ സ്വാഗതം പറഞ്ഞു. അഡ്വ. പ്രകാശ് അമണ്ണായ, സുബൈര്‍ ബാപ്പാലിപ്പൊനം സംസാരിച്ചു. അബ്ദുല്‍ ലത്തീഫ് ചെയര്‍മാനും സീനത്ത് കണ്‍വീനറുമായുള്ള ആക്ഷന്‍ കമ്മിറ്റിക്കാണ് രൂപം നല്‍കിയത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it