ദേശീയ പാതയില്‍ പതിയിരിക്കുന്നുണ്ട് അപകടം; ഒരു വര്‍ഷത്തിനിടെ പൊലിഞ്ഞത് 32 ജീവനുകള്‍

കാസര്‍കോട്: ജില്ലയില്‍ ദേശീയ പാതയില്‍ വാഹനാപകടങ്ങളും അപകടങ്ങളെ തുടര്‍ന്നുള്ള മരണങ്ങളും തുടര്‍ക്കഥയാവുന്നു. 2024 ജനുവരി മുതല്‍ 2025 ജനുവരി വരെയുള്ള പൊലീസ് കണക്ക് പ്രകാരം ജില്ലയിലെ ദേശീയ പാതയില്‍ 202 അപകടങ്ങളാണ് നടന്നത്. അപകടങ്ങളില്‍ 32 ജീവനുകള്‍ നഷ്ടപ്പെട്ടു. 298 പേര്‍ക്ക് പരിക്കേറ്റു. ഫെബ്രുവരിയില്‍ പടന്നക്കാട് രണ്ട് ലോറികള്‍ക്കിടയില്‍ കുടുങ്ങി ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്‌പോസ്റ്റിന് സമീപം ഉപ്പള പാലത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്.

ജില്ലയില്‍ നടന്ന അപകടങ്ങളില്‍ മിക്കവയെയും ക്ഷണിച്ചുവരുത്തിയത് അമിതവേഗതയും അശ്രദ്ധയുമാണ്. ദേശീയ പാതാ നിര്‍മാണ പ്രവൃത്തിയില്‍ പണി പൂര്‍ത്തിയായ റീച്ചുകളില്‍ അമിത വേഗതയിലൂടെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇതാണ് അപകടങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. വീതി കൂടിയ റോഡില്‍ നിന്ന് വീതി കുറഞ്ഞ റോഡിലേക്ക് പ്രവേശിക്കുമ്പോഴും അമിത വേഗതയില്‍ വാഹനങ്ങളെ മറികടക്കുമ്പോഴും അപകടം സംഭവിക്കുന്നു. ദേശീയപാത നിര്‍മാണ പ്രവൃത്തി നടക്കുന്ന ഇടങ്ങളിലെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ പലരും പാലിക്കുന്നില്ല. വാഹനങ്ങള്‍ പാലിക്കേണ്ട സ്പീഡ് സംബന്ധിച്ച മുന്നറിയിപ്പും പലരും അവഗണിക്കുന്നു. അപകടങ്ങളില്‍പ്പെട്ടത് ഏറെയും കാറും ബൈക്കുമാണ് . ജീവന്‍ നഷ്ടപ്പെടുന്നവരുടെ കൂട്ടത്തില്‍ കൂടുതലും യുവാക്കളാണ്.

ജില്ലയിലെ ദേശീയ പാതയില്‍ നടക്കുന്ന അപകടങ്ങളുടെ കാരണങ്ങളും ഡ്രൈവര്‍മാര്‍ പാലിക്കേണ്ട മുന്‍കരുതലുകളെയും കുറിച്ച് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കാഞ്ഞങ്ങാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.വി പവിത്രന്‍ സംസാരിക്കുന്നു

* ദേശീയപാതയില്‍ നടക്കുന്ന അപകടങ്ങള്‍ക്ക് ശേഷം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവിലെ ജീവനക്കാര്‍ ഫയര്‍ എഞ്ചിന്‍ അല്ലെങ്കില്‍ ആംബുലന്‍സ് ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം നടത്താറുണ്ട്. പല അപകടങ്ങളിലും മനസിലായത് അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ്. വാഹനമോടിക്കുന്നവര്‍ പുലര്‍ത്തേണ്ട ജാഗ്രതകള്‍ ഇവയൊക്കെയാണ്.

* പല സ്ഥലങ്ങളിലും ദേശീയപാതാ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ എവിടെയാണ് പ്രവൃത്തി നടക്കുന്നതെന്ന് മനസിലാക്കുന്നില്ല.വെളിച്ചമില്ലാത്ത ഇടങ്ങളില്‍ രാത്രി കാലങ്ങളിലാണ് അപകടം കൂടുതലും നടക്കുന്നത്.

* ഒരു ശരാശരി വേഗതയിലല്ലാതെയും അശ്രദ്ധയോടെയും വാഹനമോടിച്ചാല്‍ അപകടത്തിന്റെ തീവ്രത കൂടും. മരണം സംഭവിക്കാനുള്ള സാധ്യതയും കൂടുന്നു.

* ദേശീയ പാതാ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ വളരെ സൂക്ഷിച്ച് വേണം വാഹനമോടിക്കാന്‍. പലപ്പോഴും അപകടംസംഭവിച്ച ശേഷം കാറിനുള്ളില്‍ ഉള്ളവരെ സീറ്റ് ബെല്‍റ്റ് ഇടാത്ത നിലയില്‍ കണ്ടെത്താറുണ്ട്. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കുക.

* ആളുകള്‍ കൂടി നില്‍ക്കുന്ന ഇടങ്ങളില്‍ വാഹനം ജാഗ്രതയോടെ ഓടിക്കുക.

* മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴും അതീവ ശ്രദ്ധവേണം.

* റോഡിലേക്ക് ചിലപ്പോള്‍ വാഹനങ്ങളില്‍ നിന്ന് ഓയില്‍ ചോര്‍ന്നുപോവാറുണ്ട്. ഈ ഘട്ടങ്ങളില്‍ വിവരം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവില്‍ നല്‍കിയാല്‍ ലീക്ക് ഒഴിവാക്കുകയും വാഹനങ്ങള്‍ തെന്നി വീണ് അപകടമുണ്ടാക്കുന്നത് തടയാനും നടപടിയെടുക്കും. പലപ്പോഴും ഇത് അപകടത്തിന് ശേഷമാണ് അറിയുന്നത്. ഇങ്ങനെ നിരവധി ഇരുചക്രവാഹനങ്ങള്‍ തെന്നിവീണ് അപകടം ഉണ്ടായിട്ടുണ്ട്.

* റോഡില്‍ വീതി കൂടിയതും കുറഞ്ഞതുമായ റോഡുകളുടെ കണക്ടിംഗ് പോയിന്റിലും അപകട സാധ്യതയുണ്ട്. ഇവിടങ്ങളില്‍ വാഹനം സൂക്ഷിച്ച് വേഗത കുറച്ച് ഓടിക്കുക.

* അപകടത്തില്‍പ്പെട്ടവരെ കാറില്‍ നിന്ന് പുറത്തെടുക്കാനും മറ്റൊരു വാഹനത്തിലേക്ക് മാറ്റാനും പലപ്പോഴും പൊതുജനങ്ങള്‍ ശ്രമിക്കാറുണ്ട്. ഇത് പരിക്ക് പറ്റിയവരുടെ നില ഗുരുതരമാകുന്നതിന് കാരണമാവാറുണ്ട്. അങ്ങനെ ചെയ്യരുത്. ഉടന്‍തന്നെ ആംബുലന്‍സിനെ വിളിക്കുക. അല്ലെങ്കില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവില്‍ ബന്ധപ്പെടുക. അപകടത്തിന്‍രെ തീക്ഷ്ണത വര്‍ധിക്കുന്നത് പലപ്പോഴും പരിക്കേറ്റവരെ അശാസ്ത്രീയമായി പുറത്തെടുക്കുന്നതും മറ്റ് വാഹനങ്ങളിലേക്കു മാറ്റുന്നതുമാണ്.

നിധീഷ് ബാലന്‍
നിധീഷ് ബാലന്‍ - ഓണ്‍ലൈന്‍ എഡിറ്റര്‍, ഉത്തരദേശം ഓണ്‍ലൈന്‍  
Related Articles
Next Story
Share it