മൊഗ്രാല്‍ യുനാനി ഡിസ്‌പെന്‍സറിയില്‍ തെറാപ്പിസ്റ്റിനെ നിയമിച്ചു; രോഗികള്‍ക്ക് ആശ്വാസം

മൊഗ്രാല്‍ യൂനാനി ഡിസ്പെന്‍സറി.
കുമ്പള: കുമ്പള പഞ്ചായത്തിന് കീഴിലുള്ള കേരളത്തിലെ ഏക സര്‍ക്കാര്‍ യുനാനി ഡിസ്‌പെന്‍സറിയില്‍ രണ്ട് മാസത്തോളമായി തെറാപ്പിസ്റ്റ് ഇല്ലാത്തത് മൂലം രോഗികള്‍ തുടര്‍ ചികിത്സ ലഭിക്കാതെ മടങ്ങിപ്പോകുന്ന സാഹചര്യത്തില്‍ തെറാപ്പിസ്റ്റ് നിയമനം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് റെഡ് സ്റ്റാര്‍ മൊഗ്രാല്‍ ആരോഗ്യവകുപ്പ് മന്ത്രിക്കും മൊഗ്രാല്‍ ദേശീയവേദി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും നല്‍കിയ നിവേദനത്തിന് പരിഹാരമായി. കഴിഞ്ഞ ദിവസം തെറാപ്പിസ്റ്റ് നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പില്‍ നിന്ന് കുമ്പള ഗ്രാമപഞ്ചായത്തിന് ഉത്തരവ് ലഭിച്ചു.
തെറാപ്പിസ്റ്റ് നിയമനവുമായി ബന്ധപ്പെട്ട് കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി നേരിട്ട് നിയമനം നടത്താനുള്ള ശ്രമം ബന്ധു നിയമനമെന്നാരോപിച്ച് ബോര്‍ഡ് യോഗത്തില്‍ പ്രതിപക്ഷ മെമ്പര്‍മാര്‍ തടഞ്ഞിരുന്നു.
ഇതേത്തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള നിയമനത്തിന് ശുപാര്‍ശയും നല്‍കിയിരുന്നു. ഇതൊക്കെ പരിഗണിച്ചാണ് ആരോഗ്യവകുപ്പിന്റെ നടപടി.
വൃക്ക, സ്‌ട്രോക്ക് തുടങ്ങിയ രോഗമുള്ളവര്‍ക്ക് ഏറെ ആശ്വാസമായിരുന്നു യുനാനി ചികിത്സാലയത്തിലെ ഫിസിയോ തെറാപ്പി ചികിത്സ. രണ്ടുമാസമായി ഇത് ആസ്പത്രിയില്‍ നിലച്ചിരിക്കുകയായിരുന്നു. ഇത് തുടര്‍ ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ക്ക് ദുരിതമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റെഡ് സ്റ്റാറും മൊഗ്രാല്‍ ദേശീയവേദിയും ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയത്.

