ലഹരിക്കെതിരെ നിറക്കൂട്ടുമായി അധ്യാപകന്റെ പോരാട്ടം

ടി.കെ ബിനു, ബിനു തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള കട്ടൗട്ട്
കാഞ്ഞങ്ങാട്: നുരഞ്ഞു പൊങ്ങുന്ന ലഹരിക്കെതിരെ നിറക്കൂട്ടുകളുടെ പോരാട്ടവുമായി അധ്യാപകന്‍. പരപ്പ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ചിത്രകലാധ്യാപകന്‍ ടി.കെ. ബിനുവാണ് ലഹരിക്കെതിരെ നിറക്കൂട്ടൊരുക്കുന്നത്. സ്‌കൂളുകളില്‍ പോസ്റ്ററും കട്ടൗട്ടും വരച്ചാണ് ബോധവല്‍ക്കരണം. ഇതിനകം നിരവധി സ്‌കൂളുകളില്‍ ബിനു തയ്യാറാക്കിയ കട്ടൗട്ടുകള്‍ ഉയര്‍ന്നു. പെരിയയില്‍ നടന്ന ബേക്കല്‍ ഉപജില്ലാ കലോത്സവത്തില്‍ എസ്.പി.സിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ നിര്‍മ്മിച്ച കട്ടൗട്ട് ശ്രദ്ധേയമായിരുന്നു. മാനിഷാദ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ബോധവല്‍ക്കരണം നടത്തുന്നത്. കോടോത്ത് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മലപ്പുറം കീഴുപറമ്പ് ജി.വി.എച്ച്. എസ്, പെരിയ ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ ലഹരിക്കെതിരെയുള്ള കട്ടൗട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അധ്യാപനത്തോടൊപ്പം ലഹരിക്കെതിരെ ബോധവല്‍ക്കരണം ബിനുവിന്റെ പതിവ് ശൈലിയാണ്. ഈ രംഗത്ത് കൂടുതല്‍ ജനശ്രദ്ധ കൊണ്ടുവരാനായി സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശനം നടത്താന്‍ ഒരുങ്ങുകയാണ് കോളിച്ചാല്‍ കോഴിച്ചിറ്റ സ്വദേശിയായ ടി.കെ ബിനു.