തന്റെ രണ്ട് ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചത് കാഞ്ഞങ്ങാട് സ്വദേശി

ശ്രീനിവാസന് കാസര്‍കോടുമായും അടുത്ത ബന്ധം

കാഞ്ഞങ്ങാട്: മലയാളത്തിന്റെ ജീനിയസ് സിനിമാ പ്രതിഭയായ ശ്രീനിവാസന്‍ വിടവാങ്ങിയപ്പോള്‍ കണ്ണൂര്‍ ജില്ലക്കാരനായ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് കാസര്‍കോടിനോടും ഏറെ ബന്ധമുണ്ട്. മലയാള സിനിമാ ലോകവും ആസ്വാദകരും എന്നും നെഞ്ചോട് ചേര്‍ത്ത അദ്ദേഹത്തിന്റെ രണ്ട് ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവ് കാഞ്ഞങ്ങാട്ടുകാരനാണെന്നതാണ് ശ്രീനിവാസനുമായി ജില്ലക്കാരെ ചേര്‍ത്തുനിര്‍ത്തുന്നത്. വെള്ളിക്കോത്ത് സ്വദേശിയായ സി. കരുണാകരന്‍ എന്ന കാള്‍ട്ടണ്‍ കരുണാകരനും ശ്രീനിവാസനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന രണ്ടു സിനിമകള്‍ ഇന്നും പ്രേക്ഷകരുടെ ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്നു വെന്നത് ജില്ലക്കും അഭിമാനമുണ്ടാക്കുന്നു. 2005ല്‍ ഇറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള, 2008ന് ഇറങ്ങിയ ഉദയനാണ് താരം എന്നീ ശ്രീനി ഹിറ്റുകളുടെ നിര്‍മ്മാണവും വിതരണവും കരുണാകരന്റെ കാള്‍ട്ടണ്‍ കമ്പനിയാണ് നിര്‍വ്വഹിച്ചത്. നിരീശ്വരവാദിയായ വിജയന്‍ മാസ്റ്റര്‍ എന്ന ശ്രീനിവാസന്‍ കഥാപാത്രം ശബരിമല വ്രതം എടുക്കുന്നതോടെ ജീവിതം മാറി മറിയുന്ന രംഗങ്ങള്‍ ആക്ഷേപഹാസ്യമായി അവതരിപ്പിച്ച ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമ വന്‍ ഹിറ്റായി. അതേപോലെ സിനിമാലോകത്തെ ഉള്‍ക്കഥകള്‍ അനാവരണം ചെയ്യുന്ന ഉദയനാണ് താരം എന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമയും നിര്‍മ്മിച്ചത് കരുണാകരന്‍ ആണ്. ഈ സിനിമയില്‍ മോഹന്‍ലാലിന്റെ ഉദയഭാനു എന്ന കഥാപാത്രവും ശ്രീനിവാസന്റെ സരോജ്കുമാര്‍ എന്ന രാജപ്പന്‍ തെങ്ങുമൂട് കഥാപാത്രവും ഇന്നും സിനിമാ ലോകത്തെ ചര്‍ച്ചാവിഷയം തന്നെ. ഈ സിനിമ തമിഴിലേക്ക് വെള്ളിതിരൈ എന്ന പേരിലും ബോളിവുഡിലേക്ക് ഷോര്‍ട്ട് കട്ട് കോണ്‍ ഈസ് ഓണ്‍ എന്ന പേരിലും റീമെയ്ക്ക് ചെയ്തിരുന്നു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it