പുലിപ്പറമ്പില്‍ ഭീതി വിതച്ച് കാട്ടാനക്കൂട്ടം; ജാഗ്രതയോടെ വനം വകുപ്പ്

അഡൂര്‍: കേരള-കര്‍ണാടക അതിര്‍ത്തിയിലെ അഡൂര്‍ പാണ്ടി പുലിപ്പറമ്പിനടുത്ത് സൗരോര്‍ജ്ജ തൂക്കുവേലിക്കരികെ കാട്ടനാക്കൂട്ടം ചുറ്റിക്കറങ്ങുന്നു. ദിവസങ്ങളായി കാട്ടനാക്കൂട്ടം ഇവിടെ തമ്പടിച്ചിരിക്കുന്നത് കേരളാതിര്‍ത്തിയില്‍ ഭീതി പരത്തിയിട്ടുണ്ട്. ചെന്നാംകുണ്ട് ഭാഗത്താണ് ആനക്കൂട്ടം ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. ആനക്കൂട്ടം പുലിപ്പറമ്പ് സൗരോര്‍ജ്ജ തൂക്കുവേലിക്കരികെ എത്തിയെന്ന വാര്‍ത്തയറിഞ്ഞതോടെ വനംവകുപ്പും കര്‍ഷകരും അതിജാഗ്രതയിലാണ്. കൂട്ടത്തിലുള്ള ഒറ്റക്കൊമ്പന്‍ ഏറെ അക്രമകാരിയണെന്ന് വനാതിര്‍ത്തിയിലുള്ളവര്‍ പറയുന്നു. ജാല്‍സൂര്‍ ഭാഗത്ത് ഉണ്ടായിരുന്ന ആനകളാണ് വേലിക്കരികിലെത്തിയിട്ടുള്ളത്.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഈ സൗരോര്‍ജ്ജ തൂക്കുവേലിയാണ് കഴിഞ്ഞ ഒരു വര്‍ഷമായി ആനകളുടെ വരവ് തടഞ്ഞിരുന്നത്. വേലിയിലേക്ക് മരം മറിച്ചിട്ടോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ വേലി മുറിച്ചുകടക്കുമോ എന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കാട്ടാനകള്‍ കൂട്ടമായി നാട്ടിലിറങ്ങുമെന്നും കാര്‍ഷിക വിളകള്‍ നശിപ്പിക്കുമെന്നും നാട്ടുകാര്‍ ഭയക്കുന്നു. വനം വകുപ്പ് ജീവനക്കാര്‍ ദിവസങ്ങളായി അതിര്‍ത്തിയില്‍ അതീവ ജാഗ്രത തുടരുകയാണെന്നും അടിക്കാടുകള്‍ വെട്ടി വൃത്തിയാക്കിയതിനാല്‍ ആനകളെ തടയാന്‍ വേലി പൂര്‍ണസജ്ജമാണെന്നും ആനകള്‍ വേലികടക്കാനുള്ള സാധ്യത ഇല്ലെന്നുമാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it