ഓണാഘോഷത്തിന് പകിട്ടേകാന്‍ കുടുംബശ്രീയുടെ ചെണ്ടുമല്ലി കൃഷി

കാഞ്ഞങ്ങാട്: ഓണത്തിന് പൂക്കള്‍ ഒരുക്കാന്‍ ചെണ്ടുമല്ലി കൃഷിചെയ്ത് സാന്ത്വനം കുടുംബശ്രീ. ചെരിപ്പോടല്‍ ഇരിയ തൊടിയില്‍ പലനിറങ്ങളിലുള്ള ചെണ്ടുമല്ലി പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്. സാന്ത്വനം കുടുംബശ്രീയുടെ പ്രസിഡണ്ട് ജോസി ജോസ്, സെക്രട്ടറി രജനി രവി, രാധിക, കല്യാണി, ബിന്ദു, റിന്‍സി, മനോരമ എന്നിവര്‍ ചേര്‍ന്നാണ് കൃഷിചെയ്തത്. കോടോം ബേളൂര്‍ കൃഷിഭവനില്‍നിന്ന് നല്‍കിയ തൈകളും പുറമേനിന്ന് വാങ്ങിയ തൈകളും ഉള്‍പ്പെടെ 600 ഓളം തൈകള്‍ നട്ടു. കുടുംബശ്രീ അംഗത്തിന്റെ തന്നെ സ്ഥലത്താണ് കൃഷി ചെയ്തത്. നടീല്‍, പരിപാലനം എന്നിവയെല്ലാം അംഗങ്ങള്‍ ഒന്നിച്ച് ചെയ്യുന്നത് കൂട്ടായ്മയോടൊപ്പം മാനസികോല്ലാസത്തിനും ഉപകരിക്കുന്നതായി ഇവര്‍ പറയുന്നു. പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും ഇപ്പോഴുള്ള പൂക്കള്‍ ഭൂപണയ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രജനി രവി പറഞ്ഞു. നവജ്വാല, ചൈതന്യ, കാരുണ്യ എന്നീ കുടുംബശ്രീകളും, കലവറ, ത്രിവേണി, ശിശിരം എന്നീ ജെഎല്‍ജികളും നാസര്‍, ജയന്‍ എന്നിവര്‍ നേതൃത്വംനല്‍കുന്ന കൃഷിക്കൂട്ടവും ചേര്‍ന്ന് പാറപ്പള്ളിയില്‍ കൃഷിചെയ്തിരിക്കുന്നത് 1000 ചെടികളാണ്. ഇവിടെയും പൂക്കള്‍ വിളവെടുപ്പിന് തയ്യാറായിട്ടുണ്ട്.