മണ്ണൊലിച്ച് കടപുഴകിയും ഉണങ്ങിയും പാതയോരങ്ങളിലെ മരങ്ങള്‍; അപകടം അരികില്‍

ചെര്‍ക്കള-കല്ലടുക്ക റോഡിലെ ബീജന്തടുക്കയില്‍ റോഡരികില്‍ അപകട ഭീഷണിയായിട്ടുള്ള കൂറ്റന്‍ മരം
ബദിയടുക്ക: പാതയോരത്ത് ഇരുവശങ്ങളിലും അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഭീതി സൃഷ്ടിക്കുന്നു. ഇത് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം. റോഡരികില്‍ ഇരുവശങ്ങളിലും മണ്ണൊലിപ്പിനെ തുടര്‍ന്ന് കടപുഴകിയതും ഉണങ്ങിയതുമായ മരങ്ങളാണ് അപകട ഭീഷണി സൃഷ്ടിക്കുന്നത്. ഇത്തരം മരങ്ങള്‍ മുറിച്ച് നീക്കംചെയ്യാന്‍ നടപടിയെടുക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാകുന്നില്ല. ഇത്തരത്തിലുള്ള മരങ്ങള്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാണ്. സമാനമായ രീതിയില്‍ ഈ മാസം 14ന് പെര്‍ള-സീതാംഗോളി റോഡിലെ ബെദിരംപള്ളയില്‍ റോഡരികില്‍ ചരക്ക് ലോറി നിര്‍ത്തിയിട്ട് ഡ്രൈവര്‍ മൂത്രമൊഴിക്കുന്നതിനിടെ മരത്തിന്റെ ശിഖരം പൊട്ടി വീണ് കര്‍ണാടക ബണ്ട്വാള്‍ പേറാജെ സ്വദേശി ജഗദീശ(52) മരണപ്പെട്ടിരുന്നു.
കാല്‍ നടയാത്രക്കാരും ചെറുതും വലുതുമായ നിരവധി വാഹനങ്ങളും കടന്നുപോകുന്ന റോഡരികിലെ കൂറ്റന്‍ മരങ്ങള്‍ക്കിടയിലൂടെയാണ് ചില സ്ഥലങ്ങളില്‍ വൈദ്യുതി ലൈനുകളും കടന്ന് പോകുന്നത്. അതുകൊണ്ട് തന്നെ അപകട സാധ്യതയേറെയാണ്. ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയിലെ എടനീര്‍, പൊയ്യക്കണ്ടം, ബീജന്തടുക്ക, ഉക്കിനടുക്ക, പെര്‍ള-സീതാംഗോളി റൂട്ടിലെ ബെദിരംപള്ള, മണിയംപാറ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പാതയോരത്തെ ഇരുവശങ്ങളിലും സോഷ്യല്‍ ഫോറസ്റ്റ് വകുപ്പിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നട്ടുപിടിപ്പിച്ച അക്കേഷ്യ മരങ്ങളാണ് അപകട ഭീഷണിയായിട്ടുള്ളത്. ശക്തമായ കാറ്റ് വീശിയാല്‍ മരം കടപുഴകി വീഴും. ദുരന്തം സംഭവിക്കുന്നതിന് മുമ്പ് അപകട സാധ്യതയുള്ള മരം മുറിച്ച് മാറ്റാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് അധികൃതര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നുമുണ്ടാകുന്നില്ല. വന്‍ ദുരന്തം സംഭവിക്കുന്നതിന് മുമ്പായി അപകട ഭീഷണിയിലായ പാതയോരത്തെ മരങ്ങള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവണമെന്നാണ് ആവശ്യം.