കയ്യില്‍ കാശില്ല; വരുമാനവുമില്ല, അഞ്ചുസെന്റില്‍ ഒരു സെന്റ് വിറ്റു; സാറ ഹജ്ജ് നിര്‍വഹിച്ച് തിരിച്ചെത്തി

കാസര്‍കോട്: ഹജ്ജ് തീര്‍ത്ഥാടനം ചെലവേറിയ യാത്രയാണെങ്കിലും നിത്യചെലവിന് പോലും വല്ലാതെ ബുദ്ധിമുട്ടുന്ന ചെട്ടുംകുഴിയിലെ സാറ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച് സന്തോഷത്തോടെ തിരിച്ചെത്തി. സാറയ്ക്ക് മാതാപിതാക്കളില്ല. ഉപ്പ അഹ്മദ് സാറ കൊച്ചുകുഞ്ഞായിരിക്കെ മരണപ്പെട്ടു. ഉമ്മ മറിയുമ്മയും ജീവിച്ചിരിപ്പില്ല. ഭര്‍ത്താവും മക്കളുമില്ല. ആകെയുള്ളത് ഉമ്മ ദാനം നല്‍കിയ അഞ്ച് സെന്റ് സ്ഥലവും അതില്‍ ചെറിയൊരു വീടും. വീടിന് തിണ്ണയോ ഗെയ്‌റ്റോ ഇല്ല. വീടെന്ന് പറഞ്ഞാല്‍ വളരെ ചെറിയ രണ്ട് മുറിയും അടുക്കളയും.

കയ്യില്‍ കാശൊന്നുമില്ലെങ്കിലും പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കണമെന്നത് സാറയുടെ വലിയ ആഗ്രഹമായിരുന്നു. അതിന് വേണ്ടി വര്‍ഷങ്ങളായി വഴി ആലോചിച്ചു. അങ്ങനെയാണ് അഞ്ച് സെന്റ് ഭൂമിയില്‍ നിന്ന് ഒരു സെന്റ് തൊട്ടടുത്ത വീട്ടുകാര്‍ക്ക് രണ്ട് ലക്ഷം രൂപയ്ക്ക് വില്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ മുഖേനയെങ്കിലും ഹജ്ജിന് പോവണമെങ്കില്‍ കുറഞ്ഞത് നാല് ലക്ഷം രൂപയെങ്കിലും വേണം. വര്‍ഷങ്ങളായി വീട്ടുജോലിയെടുത്ത് സമ്പാദിച്ച തുകയില്‍ നിന്ന് ചെറു ആഭരണങ്ങള്‍ വാങ്ങിവെക്കുന്ന ശീലമുണ്ടായിരുന്നു. അങ്ങനെ വാങ്ങിവെച്ച മോതിരമടക്കമുള്ളവ വിറ്റ് കിട്ടിയ കാശ് കൊണ്ട് ഒരു സ്വര്‍ണമാല വാങ്ങിയിരുന്നു. ആ മാല വിറ്റപ്പോള്‍ ഒന്നര ലക്ഷം രൂപ കിട്ടി. സാറ ഹജ്ജിന് പോവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നറിഞ്ഞ് വളരെ അടുത്തറിയുന്ന ചിലര്‍ കുറച്ച് തുക നല്‍കി. അങ്ങനെ സര്‍ക്കാറിന് നല്‍കേണ്ട മൂന്നര ലക്ഷം രൂപയടക്കം നാല് ലക്ഷം രൂപയുമായി സാറ നാല് സ്ത്രീകളടങ്ങിയ സംഘത്തോടൊപ്പം മക്കയിലേക്ക് തിരിച്ചു. ഹജ്ജ് കര്‍മ്മം സന്തോഷപൂര്‍വ്വം നിര്‍വഹിച്ച് 52 ദിവസം മക്കയിലും മദീനയിലും ചെലവഴിച്ചാണ് ഏതാനും ദിവസം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയത്.

സാറയ്ക്ക് ഭര്‍ത്താവുണ്ടായിരുന്നുവെങ്കിലും മറ്റൊരു കല്യാണം കഴിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ എതിരൊന്നും പറയാതെ ഭര്‍തൃവീട്ടില്‍ നിന്ന് ഇറങ്ങിവരികയായിരുന്നു. ഒരു കുഞ്ഞ് പിറന്നുവെങ്കിലും പ്രസവത്തോടെ മരിച്ചു. അതോടെ ഏകയായെങ്കിലും സാറയുടെ നിശ്ചയദാര്‍ഢ്യം അവരെ രണ്ട് തവണ മക്കയിലെത്തിച്ചു. ഹജ്ജ് കര്‍മ്മത്തിന് മുമ്പ് ഒരിക്കല്‍ മക്കയില്‍ ചെന്ന് ഉംറയും നിര്‍വഹിച്ചിരുന്നു.

ഒരുപാട് കാശുണ്ടായിട്ടും ഒരുപാട് പേര്‍ ഒപ്പമുണ്ടായിട്ടും ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ ഭാഗ്യമില്ലാതെ പോയ അനേകം പേര്‍ക്കിടയില്‍, ഒരു നേരത്തെ ആഹാരത്തിന് പോലും വല്ലാതെ പ്രയാസപ്പെടുന്ന സാറ ഉംറയും ഹജ്ജുമൊക്ക നിര്‍വഹിച്ച് ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ജീവിക്കുന്നു. സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന 1600 രൂപ ക്ഷേമ പെന്‍ഷനാണ് 52കാരിയായ സാറയുടെ ഏകവരുമാനം. ഫോണ്‍: 9995099816.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it