ഏണിയര്‍പ്പില്‍ നട വഴിക്കരികിലെ ട്രാന്‍സ്‌ഫോര്‍മര്‍ അപകടം മാടി വിളിക്കുന്നു

നീര്‍ച്ചാല്‍: നട വഴിക്കരികിലെ ട്രാന്‍സ്‌ഫോര്‍മാര്‍ അപകട ഭീഷണിയാവുന്നു. സീതാംഗോളി കെ.എസ്.ഇ.ബി സെക്ഷന് കീഴിലുള്ള ഏണിയര്‍പ്പിലെ ട്രാന്‍സ്‌ഫോര്‍മറാണ് അപകടം വിളിച്ചോതുന്ന തരത്തില്‍ സ്ഥിതിചെയ്യുന്നത്. ട്രാന്‍സ്‌ഫോര്‍മറിന് സുരക്ഷാ വേലിയില്ല. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാരും മറ്റും കടന്നു പോകുന്ന നടവഴിക്ക് അരികിലാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിട്ടുള്ളത്. അപകട മുന്നറിയിപ്പ് ബോര്‍ഡും ഇവിടെ സ്ഥാപിച്ചിട്ടില്ല. ട്രാന്‍സ്‌ഫോര്‍മറിന് അരികിലായി തെരുവ് വിളക്ക് സ്ഥാപിക്കാത്തതിനാലും അപകട സാധ്യതയേറെയാണ്. അപകടാവസ്ഥ മുന്നില്‍ കണ്ട് ഇവിടെ സുരക്ഷാ വേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരന്തരം നിവേദനം നല്‍കിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളൊന്നുമുണ്ടായിട്ടില്ല.

ട്രാന്‍സ്‌ഫോര്‍മറിന് ചുറ്റും കുറ്റിക്കാടും പുല്ലും കാട്ടുവള്ളിയും പടര്‍ന്ന് പിടിച്ചിട്ടുണ്ട്. വളര്‍ത്ത് മൃഗങ്ങളായ പശു, ആട്, എരുമ തുടങ്ങിയവയുടെ മേച്ചില്‍ സ്ഥലം കൂടിയാണിവിടം. അത്‌കൊണ്ട് തന്നെ പരിസരവാസികള്‍ വളരെ ഭീതിയോടെയാണ് ഇതിനെ നോക്കി കാണുന്നത്. ഫ്യൂസ് കട്ടകള്‍ ഇളകിയ നിലയിലുമാണ്. ദുരന്തം സംഭവിക്കുന്നതിന് മുമ്പ് ട്രാന്‍സ്‌ഫോര്‍മറിന് ചുറ്റും സുരക്ഷാ വേലി സ്ഥാപിക്കണമെന്നും കാട്ടു വള്ളികളും പുല്ലും നീക്കം ചെയ്യണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it