നെല്ലിക്കുന്നിനെയും എ.കെ.എമ്മിനെയും കുറിച്ച് സ്പീക്കര്‍ പറഞ്ഞത്...

നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ എ.എന്‍. ഷംസീറിന്റെ ഇടപെടലുകള്‍ പ്രതിപക്ഷത്തിന്റെ പോലും കയ്യടി നേടാറുണ്ട്. തങ്ങള്‍ക്ക് അര്‍ഹമായതില്‍ അധികം പോലും പരിഗണന നല്‍കാറുണ്ടെന്ന് പല പ്രതിപക്ഷ എം.എല്‍.എമാരും പറയാറുമുണ്ട്. ഷംസീറിനെ ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ചുവന്നു തുടുത്ത പുഞ്ചിരി മുഖമെന്ന് പലരും വിശേഷിപ്പിക്കുന്നത് കേട്ടിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ചില സമീപനങ്ങളും നിലപാടുകളും വിമര്‍ശന വിധേയമായ സന്ദര്‍ഭങ്ങളും ഉണ്ട്.കഴിഞ്ഞ ദിവസം, ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിന്റെ പി.എന്‍. പണിക്കര്‍ പുരസ്‌കാരം കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ഉത്തരദേശം ന്യൂസ് എഡിറ്റര്‍ ടി.എ. […]

നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ എ.എന്‍. ഷംസീറിന്റെ ഇടപെടലുകള്‍ പ്രതിപക്ഷത്തിന്റെ പോലും കയ്യടി നേടാറുണ്ട്. തങ്ങള്‍ക്ക് അര്‍ഹമായതില്‍ അധികം പോലും പരിഗണന നല്‍കാറുണ്ടെന്ന് പല പ്രതിപക്ഷ എം.എല്‍.എമാരും പറയാറുമുണ്ട്. ഷംസീറിനെ ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ചുവന്നു തുടുത്ത പുഞ്ചിരി മുഖമെന്ന് പലരും വിശേഷിപ്പിക്കുന്നത് കേട്ടിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ചില സമീപനങ്ങളും നിലപാടുകളും വിമര്‍ശന വിധേയമായ സന്ദര്‍ഭങ്ങളും ഉണ്ട്.
കഴിഞ്ഞ ദിവസം, ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിന്റെ പി.എന്‍. പണിക്കര്‍ പുരസ്‌കാരം കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ഉത്തരദേശം ന്യൂസ് എഡിറ്റര്‍ ടി.എ. ഷാഫിക്ക് സമര്‍പ്പിച്ച് എ.എന്‍. ഷംസീര്‍ സരസമായ രീതിയില്‍ പ്രതിപക്ഷ എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, മരണമടഞ്ഞ മുന്‍ എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് എന്ന റദ്ദൂച്ച എന്നിവരെ കുറിച്ച് പറഞ്ഞ വാക്കുകള്‍ പ്രതിപക്ഷ എം.എല്‍.എമാരെ പോലും താന്‍ വളരെ സൗഹൃദത്തോടെയാണ് കാണുന്നതെന്നും അവരുടെ നന്മകളെ എപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്നും വിളിച്ചുപറയുന്ന തരത്തിലുള്ളതായിരുന്നു. അഭിസംബോധന കഴിഞ്ഞ് ഷംസീര്‍ തന്റെ പ്രസംഗം തുടങ്ങിയത് തന്നെ ഇങ്ങനെയാണ്:
അവാര്‍ഡ് ജേതാവിനെ അഞ്ചു മിനുട്ട് കൊണ്ട് പരിചയപ്പെടുത്തുമെന്നാണ് എ.കെ.എം അഷ്‌റഫ് പറഞ്ഞത്. എന്നാല്‍ അഞ്ചു മിനുട്ടില്‍ കൂടുതല്‍ എടുത്തു. സ്പീക്കറുടെ ചേംബര്‍ അല്ലാത്തതു കൊണ്ട് ബെല്ലടിക്കാന്‍ പറ്റിയില്ല. വളരെ മനോഹരമായി ടി.എ. ഷാഫിയെ പരിചയപ്പെടുത്താന്‍ അഷ്‌റഫിന് കഴിഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എന്റെ ദീര്‍ഘകാലത്തെ സുഹൃത്താണ്. സാധാരണ അനുസ്മരണ പ്രസംഗം ആള് മരിച്ച ശേഷമാണ്. എന്നാല്‍ ഇവിടെ ഞാന്‍ സ്റ്റേജില്‍ ഇരിക്കുമ്പോള്‍ തന്നെ എന്‍.എ എന്നെ അനുസ്മരിച്ചു. ഞാന്‍ എന്താണ്, ഞാന്‍ ആരാണ്, ഞാന്‍ ചെയ്ത കാര്യങ്ങള്‍ എന്തൊക്കെ എല്ലാം അദ്ദേഹം ഇവിടെ അവതരിപ്പിച്ചു. എന്‍.എ വളരെ സരസമായി സംസാരിക്കുന്ന ഒരാളാണ്. സ്പീക്കറാവുന്നതിനേക്കാള്‍ മുമ്പ് എന്‍.എയും ഞാനും നിയമസഭക്കകത്ത് കൊമ്പ് കോര്‍ക്കുമായിരുന്നു. എന്‍.എ കടലാസില്‍ എഴുതികൊണ്ട് വന്ന്...കംപ്ലീറ്റ് കുത്തും കോമയുമായിരിക്കും ആ പ്രസംഗത്തില്‍.
കടലാസാണ്... പക്ഷേ കടലാസ് നോക്കി എങ്ങനെ ഭരണപക്ഷത്തെ കുത്തിനോവിക്കാം. അങ്ങനെയൊക്കെ സരസമായി അദ്ദേഹം പ്രസംഗിച്ചുപോകും. ചിലപ്പോള്‍ മറുപടി കൊടുക്കാന്‍ ബാധ്യസ്ഥനാവുന്നത് ഞാനായിരിക്കും. മറുപടി പറയും. എന്‍. എയുടെ പ്രസംഗം മുഴുവന്‍ ആക്ഷേപഹാസ്യമായിരിക്കും. മറുപക്ഷത്തിരിക്കുന്നവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സംസാരിക്കുവാനുള്ള വൈഭവം എന്‍.എ നെല്ലിക്കുന്നിനുണ്ട്. എന്‍.എ നെല്ലിക്കുന്നിനോട് ഞാന്‍ തമാശരൂപേണ പറഞ്ഞു. ഒന്നിച്ചു ചായ കുടിച്ചതിന്റെ പിറ്റേന്നല്ലേ എന്‍.എ, നിങ്ങള്‍ ഞങ്ങളെ വിട്ട് പോയിക്കളഞ്ഞത് എന്ന്. എന്‍.എയുടെ വീട്ടില്‍ കേരളത്തിലെ ഇന്നത്തെ മുഖ്യമന്ത്രിയും ഞാനും പോയിരുന്നു. ചായ കുടിച്ച് പിരിഞ്ഞ് പിറ്റേന്ന് നോക്കുമ്പോള്‍ എന്‍.എ ആളുമാറിയിരിക്കുന്നു. അതുകൊണ്ട് ഇടയ്ക്ക് ഞാന്‍ ഓര്‍മ്മിപ്പിക്കും. ചായകുടിച്ചത് ഓര്‍മ്മയുണ്ട് എനിക്ക്, നിങ്ങളുടെ വീട്ടില്‍ നിന്ന്: പക്ഷേ പിറ്റേന്ന് നോക്കുമ്പോള്‍ നിങ്ങള്‍ ഞങ്ങളെ വിട്ട് മറുഭാഗത്ത് പോയി. സ്പീക്കര്‍ ആയതുകൊണ്ട് ഇപ്പോള്‍ എനിക്ക് ഒരു ഭാഗവുമില്ല. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ സംസാരിക്കുമ്പോള്‍ ഇതൊക്കെ സൂചിപ്പിക്കും.
മുഖ്യമന്ത്രി ഇടയ്ക്ക് എന്‍.എയെക്കുറിച്ച് പറയും. 'ഒരാള്‍ ഒരു വ്യത്യസ്ഥ ഭാഷയില്‍ മുദ്രാവാക്യം വിളിക്കുന്നത് കേട്ടല്ലോ...' ഈ പ്രായത്തിലും മുദ്രാവാക്യം വിളിക്കുന്നതില്‍ ഒരു മടിയും എന്‍.എയ്ക്കില്ല. പ്രതിപക്ഷം സഭ സ്തംഭിപ്പിക്കാന്‍ വേണ്ടി തീരുമാനിക്കുന്ന ഘട്ടത്തില്‍ യു.ഡി.എഫിന്റെ ദൗത്യം ഏറ്റെടുത്ത് കാസര്‍കോടന്‍ സ്ലാംഗില്‍ എന്‍.എ മുദ്രാവാക്യം വിളിക്കും. ഞാന്‍ സ്പീക്കറായിരിക്കുമ്പോള്‍ അല്ല കേട്ടോ... മുഖ്യമന്ത്രി പറയും: 'അല്ല... ചില പ്രത്യേക ഭാഷയില്‍ ചിലര്‍ മുദ്രാവാക്യം വിളിക്കുന്നത് കേട്ടു...'
പരസ്പരം സ്‌നേഹവും ബഹുമാനവും രണ്ടുകൂട്ടരും വെച്ചുപുലര്‍ത്തുന്നവരാണ്. പരസ്പരം വ്യത്യസ്ത രാഷ്ട്രീയ ചേരിയായതുകൊണ്ട് പരസ്പരം കൊമ്പുകോര്‍ക്കുകയും ചെയ്യും. എന്‍.എ രാഷ്ട്രീയമായി ഒരാളോടും എതിര്‍പ്പുള്ള ഒരാളല്ല. എന്‍.എ മാത്രമല്ല, റദ്ദൂച്ചയും അങ്ങനെയായിരുന്നു. റദ്ദൂച്ച ഞങ്ങളൊക്കെ വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് യുവജന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍ ട്രെയിനില്‍ ഉണ്ടാകും. റദ്ദൂച്ച ട്രെയിന്‍ കയറിയാല്‍ ഏതാണ്ട് ഒരു ഹോട്ടല്‍ പോലെയാണ്. ലഞ്ചുബോക്‌സുമായാണ് കയറുക. റദ്ദൂച്ച ഞങ്ങളെക്കൊണ്ടൊക്കെ തിന്നിക്കും. അദ്ദേഹത്തിന് അത്രയേ തിന്നാന്‍ പറ്റൂ. യുവജന സംഘടനാ രംഗത്ത് ഞങ്ങളെല്ലാം ആ ട്രെയിനില്‍ ഉണ്ടാകും. കല്യാശ്ശേരി എം.എല്‍.എ രാജേഷും എന്റെ കൂടെയുണ്ടാകും. ഞങ്ങളെക്കൊണ്ടൊക്കെ തിന്നിപ്പിക്കലായിരുന്നു റദ്ദൂച്ചയുടെ പണി. അദ്ദേഹത്തിന്റെ കംപാനിയനായിരുന്നു എന്‍.എ. ഞങ്ങളൊക്കെ സഭക്കകത്തിരുന്ന് തമാശപറയും. എന്‍.എയെ പോലെതന്നെയായിരുന്നു റദ്ദൂച്ചയും. പക്ഷേ റദ്ദൂച്ച ഇപ്പോഴില്ല. അദ്ദേഹം വളരെ സരസമായി തമാശ പറയുമായിരുന്നു. എന്റടുത്ത് പറയും 'എടാ, കടിച്ചോന്‍ തോറ്റു... കൂകിയോന്‍ തോറ്റൂ... ബഹളം വച്ചവനും തോറ്റു... അതുകൊണ്ട് മിണ്ടാണ്ട് നിന്നോണം...' സഭയില്‍ എനിക്ക് നല്‍കിയ ഫസ്റ്റ് ഉപദേശമാണ് അത്.
അതുപോലെ തന്നെ സരസമായി സംസാരിക്കുന്ന ഒരാളാണ് എ.കെ.എം. അഷ്‌റഫ്. അഷ്‌റഫ് സഭയില്‍ ഇങ്ങനെ നടക്കുന്നുണ്ടാവും. മഞ്ചേശ്വരത്ത് നിന്ന് ജയിച്ച ഒരാള്‍ എന്ന നിലയ്ക്ക് പ്രത്യേക പരിഗണന ഞാന്‍ കൊടുക്കാറുണ്ട്. പലപ്പോഴും അദ്ദേഹത്തിന്റെ പേര് ഫ്‌ളോറില്‍ ഉണ്ടാകാറില്ല. ചോദ്യം അച്ചടിച്ചുവന്നാല്‍ മാത്രമേ ചോദിക്കാന്‍ പറ്റുകയുള്ളൂ. എന്നാല്‍ കേരളത്തിന്റെ വടക്കേ അറ്റത്തെ പ്രതിനിധി എന്ന നിലയില്‍ എപ്പോഴെല്ലാം അഷ്‌റഫ് കൈപൊക്കിയിട്ടുണ്ടോ അപ്പോഴെല്ലാം പ്രത്യേക പരിഗണനകൊടുത്ത് ചോദ്യത്തിന് ഞാന്‍ അവസരം കൊടുത്തിട്ടുണ്ട്. ചിലപ്പോള്‍ സഭയില്‍ കന്നഡ ഭാഷയില്‍ അഷ്‌റഫ് സംസാരിക്കും. കന്നഡ ഭാഷയില്‍ സംസാരിച്ചതിന്റെ മലയാളം മനസിലാക്കിയപ്പോള്‍, മണിയാശാന്‍ നല്ല മറുപടി കൊടുക്കാന്‍ തയ്യാറായപ്പോള്‍ ഞാന്‍ ഇടപ്പെട്ട് മധ്യസ്ഥ വഹിച്ചിട്ടുമുണ്ട്. വടക്ക് ഇങ്ങേയറ്റത്തുള്ളവര്‍ നന്നായി സംസാരിക്കുന്നവരാണ്. രാഷ്ട്രീയ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും... രാഷ്ട്രീയ എതിരഭിപ്രായമുണ്ട്. പക്ഷേ ഞങ്ങളാരും തന്നെ രാഷ്ട്രീയ എതിരാളികളായിരുന്നില്ല. കേരള നിയമസഭയുടെ പ്രത്യേകത അതുതന്നെയാണ്...


-ടി.കെ. പ്രഭാകര കുമാര്‍

Related Articles
Next Story
Share it