ജാഗ്രതാ സമിതികള്‍ മന്ദഗതിയിലാണെന്ന പരാമര്‍ശം; മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് അഡ്വ. മുനീറും അഡ്വ. സമീറയും

കാസര്‍കോട്: കോവിഡ്-19 രണ്ടാം വ്യാപനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാസര്‍കോട് നഗരസഭയിലെയും മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലേയും ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം മന്ദഗതിയിലാണെന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം അദ്ദേഹത്തിന് തെറ്റായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കാമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറും മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സമീറ ഫൈസലും. കഴിഞ്ഞ ദിവസം നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശമുണ്ടായത്. 38 വാര്‍ഡുകളുള്ള കാസര്‍കോട് നഗരസഭയില്‍ 37 വാര്‍ഡുകളിലും ജാഗ്രത സമിതി സമയബന്ധിതമായി യോഗം ചേര്‍ന്നിട്ടുണ്ടെന്നും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും അപ്പോള്‍ തന്നെ […]

കാസര്‍കോട്: കോവിഡ്-19 രണ്ടാം വ്യാപനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാസര്‍കോട് നഗരസഭയിലെയും മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലേയും ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം മന്ദഗതിയിലാണെന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം അദ്ദേഹത്തിന് തെറ്റായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കാമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറും മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സമീറ ഫൈസലും. കഴിഞ്ഞ ദിവസം നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശമുണ്ടായത്.
38 വാര്‍ഡുകളുള്ള കാസര്‍കോട് നഗരസഭയില്‍ 37 വാര്‍ഡുകളിലും ജാഗ്രത സമിതി സമയബന്ധിതമായി യോഗം ചേര്‍ന്നിട്ടുണ്ടെന്നും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും അപ്പോള്‍ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് മുനീര് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഒരു വാര്‍ഡ് കൗണ്‍സിലര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായത് കൊണ്ട് ആ വാര്‍ഡിലെ ജാഗ്രത സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ജാഗ്രത സമിതി യോഗങ്ങളില്‍ ജനമൈത്രി പൊലീസ് പ്രതിനിധി, സെക്ടര്‍ മജിസ്‌ട്രേറ്റ്, മാഷ് പ്രതിനിധിയായ അധ്യാപകന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. വാര്‍ഡ് തലങ്ങളില്‍ ബോധവല്‍ക്കരണം നടക്കുന്നു. കോവിഡ് രോഗികളെക്കുറിച്ചുള്ള വിവരങ്ങളും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും കൗണ്‍സിലര്‍മാരും ആശാ വര്‍ക്കര്‍മാരും നല്‍കി വരുന്നുണ്ട്. മരുന്നുകള്‍ എത്തിക്കുന്ന കാര്യത്തിലും മികച്ച പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. വിദ്യാനഗറില്‍ മികച്ച രീതിയില്‍ സി.എഫ്.എല്‍.ടി.സിയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നു. കൂടാതെ ഡൊമിസിലിയറി കെയര്‍ സെന്ററിന്റെ ഒരുക്കം പൂര്‍ത്തിയായി.
മുഴുവന്‍ പ്രദേശത്തും ജനങ്ങളെ ബോധവത്കരിക്കുന്നതിന് അനൗണ്‍സ്‌മെന്റ് നടത്തി. മരുന്നുകള്‍, പള്‍സ് ഓക്‌സി മീറ്റര്‍, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ എന്നിവ വാങ്ങിക്കുന്നതിനും കൗണ്‍സില്‍ തീരുമാനമെടുത്തു. ആംബുലന്‍സ് സര്‍വ്വീസ് ഒരുക്കുന്നതിന് സംവിധാനമുണ്ടാക്കി. കൂടാതെ ജില്ലാ പഞ്ചായത്ത് ചട്ടഞ്ചാലില്‍ ആരംഭിക്കുന്ന ഓക്‌സിജന്‍ പ്ലാന്റിലേക്ക് 5 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചു. വാര്‍ റൂം ഹെല്‍പ് ഡസ്‌കിന്റെ പ്രവര്‍ത്തനവും തുടങ്ങി. രാഷ്ട്രീയ താല്‍പര്യങ്ങളായിരിക്കാം ചിലരെ നഗരസഭക്കെതിരെ തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ പ്രോരിപ്പിച്ചതെന്ന് മനസ്സിലാക്കുന്നു. കോവിഡിനെ ഒറ്റക്കെട്ടായി നേരിടേണ്ട ഈ സമയത്ത് രാഷ്ട്രീയം കളിക്കാന്‍ തീരെ താത്പര്യമില്ലെന്നും മുനീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് സമിതികള്‍ പ്രവര്‍ത്തന സജ്ജമല്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം ശരിയല്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സമീറ ഫൈസല്‍ അറിയിച്ചു. വാര്‍ഡ് തല സമിതികള്‍ എല്ലാ വാര്‍ഡിലും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഹെല്‍പ്പ് ഡസ്‌ക്, വാര്‍ റൂം പോലുള്ള കാര്യങ്ങളും ഉത്തരവ് അനുസരിച്ച് സമയബന്ധിതമായി ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ കൃത്യമായ രേഖകളുണ്ട്. കോവിഡ്-19 പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിയമിതരായ നോഡല്‍ ഓഫീസറുടെ റിപ്പോര്‍ട്ടും പ്രസിഡണ്ട് എന്ന നിലയില്‍ ഞാന്‍ പരിശോധിച്ചിരുന്നു.
കഴിഞ്ഞ ദിവസം ജില്ലാതല നോഡല്‍ ഓഫീസര്‍ പഞ്ചായത്തില്‍ എത്തിയിരുന്നു. അവരും എല്ലാം നല്ല രീതിയില്‍ ചെയ്തു തീര്‍ത്തിട്ടുണ്ട് എന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഇതും പരിശോധിച്ചിട്ടുണ്ട്.
എല്ലാ കാര്യങ്ങളും ചെയ്ത പഞ്ചായത്തിനെ നോഡല്‍ ഓഫീസര്‍ പ്രശംസിച്ചിരുന്നു. മുഖ്യമന്ത്രിയെ ആരാണ് തെറ്റിദ്ധരിപ്പിച്ചതെന്ന് അറിയില്ലെന്ന് സമീറ ഫൈസല്‍ പറഞ്ഞു.

Related Articles
Next Story
Share it