ഇത്തിരി ഓര്‍മ്മപ്പൂക്കള്‍...

പ്രിയപ്പെട്ട സാറാ അബൂബക്കറിന് വിട. അന്ത്യയാത്രാവേളയില്‍ അടുത്തുണ്ടാവാനായില്ല എന്ന ഖേദമുണ്ട്. സ്വന്തം ഉമ്മയായിത്തന്നെ അവരെ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്ത സബീനയെയും സക്കീനയെയും വിളിച്ചു സംസാരിച്ചു കഴിഞ്ഞപ്പോള്‍ തോന്നി, ആ സാറാ അബൂക്കറിനെ കാണാതിരുന്നതു നന്നായി. സുന്ദരമായ ആ മുഖത്ത് രോഗം വരുത്തിയ വലിയ പരിക്കുകള്‍ ഒരു പക്ഷെ എന്നില്‍ വല്ലാത്ത ആഘാതമാവുമായിരുന്നു. ആ പഴയ സുന്ദരരൂപം പഴയപോലെത്തന്നെ മനസ്സിലിരുന്നോട്ടെ.ഒരു ഫോണ്‍ സംഭാഷണമെന്ന കടമയില്‍ അവസാനിക്കുന്ന ഒന്നല്ല, ആ വലിയ എഴുത്തുകാരിയോട്, എഴുത്തിലെ ജ്യേഷ്ഠസ്ഥാനീയയോട് ഉണ്ടായിരുന്ന സ്‌നേഹവും ബഹുമാനവും. […]

പ്രിയപ്പെട്ട സാറാ അബൂബക്കറിന് വിട. അന്ത്യയാത്രാവേളയില്‍ അടുത്തുണ്ടാവാനായില്ല എന്ന ഖേദമുണ്ട്. സ്വന്തം ഉമ്മയായിത്തന്നെ അവരെ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്ത സബീനയെയും സക്കീനയെയും വിളിച്ചു സംസാരിച്ചു കഴിഞ്ഞപ്പോള്‍ തോന്നി, ആ സാറാ അബൂക്കറിനെ കാണാതിരുന്നതു നന്നായി. സുന്ദരമായ ആ മുഖത്ത് രോഗം വരുത്തിയ വലിയ പരിക്കുകള്‍ ഒരു പക്ഷെ എന്നില്‍ വല്ലാത്ത ആഘാതമാവുമായിരുന്നു. ആ പഴയ സുന്ദരരൂപം പഴയപോലെത്തന്നെ മനസ്സിലിരുന്നോട്ടെ.
ഒരു ഫോണ്‍ സംഭാഷണമെന്ന കടമയില്‍ അവസാനിക്കുന്ന ഒന്നല്ല, ആ വലിയ എഴുത്തുകാരിയോട്, എഴുത്തിലെ ജ്യേഷ്ഠസ്ഥാനീയയോട് ഉണ്ടായിരുന്ന സ്‌നേഹവും ബഹുമാനവും. കന്നട എഴുത്തുകാരി മാത്രമായി അവരെ മലയാളം പത്രങ്ങള്‍ ഇന്നലെ പരിചയപ്പെടുത്തുന്നതു കണ്ടു. അവര്‍ കാസര്‍കോട്ടുകാരിയും മലയാളിയുമാണ് എനിക്ക്. കന്നടയും ബ്യാരിയുമൊക്കെ മലയാളത്തോടൊപ്പം മാതൃഭാഷയാക്കിയവള്‍. രചനകള്‍ കന്നട ഭാഷയിലായിപ്പോയതിനു കാരണവും ജന്മദേശത്തിന്റെ അക്കാലത്തെ യാഥാസ്ഥിതികത്വം തന്നെ. ഒരര്‍ത്ഥത്തില്‍ വിദ്യയ്ക്കു വേണ്ടി നാടും ഭാഷയും വിടേണ്ടി വന്നവള്‍.
മുസ്ലിം സമുദായത്തില്‍ നിന്ന് സാമൂഹ്യ വിമര്‍ശനാത്മകമായ കൃതികള്‍ സാറാ അബൂബക്കറിന്റെതായി വന്നത് ഞങ്ങളെപ്പോലുള്ളവര്‍ എഴുതിത്തുടങ്ങുന്നതിനും എത്രയോ മുമ്പാണ്. സ്ത്രീ വിമോചനാത്മകമായ സ്വപ്‌നങ്ങളും പ്രതിരോധ ചിന്തകളും ആ കാലത്തെ ഒരു മുസ്ലിം പെണ്‍കുട്ടിയില്‍ മുളപൊട്ടുക എന്നതു തന്നെ അപൂര്‍വം. തങ്ങള്‍ അനുഭവിക്കുന്നതെന്തെന്നറിയാതെ ജീവിക്കുകയും മരിച്ചു പോവുകയും ചെയ്യുന്നവരാണ് അവരിലധികം പേരും. അപൂര്‍വം ചിലരില്‍ മാത്രം ആ അസ്വസ്ഥതകള്‍ നിസ്സഹായരൂപം പൂണ്ട് പുറത്തു വന്നെന്നിരിക്കും. അക്ഷരരൂപത്തില്‍ അവ പുറത്തെത്തുക എന്നത് മുപ്പതുകളില്‍ ജന്മമെടുത്ത ഒരുവളില്‍ നിന്നാവുന്നതിന്റെ വിസ്മയം പ്രകടിപ്പിക്കാതെ വയ്യ. ഏറെ ശകാരങ്ങളും ആക്രമണങ്ങളും അവരതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്നു.
ഏറെ പ്രായമായിട്ടും എഴുത്തിലും സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവൃത്തികളിലും പ്രസാധനത്തിലും അവര്‍ മുഴുകി. ലങ്കേഷ് പത്രികയില്‍ അവരുടെ പങ്കാളിത്തത്തെപ്പറ്റി ഗൗരീ ലങ്കേഷിന്റെ ജീവചരിത്ര പുസ്തകത്തില്‍ വായിച്ചതോര്‍ക്കുന്നു. പിറന്ന നാടിന്റെ സങ്കടത്തില്‍ നനഞ്ഞ് എന്‍ഡോസള്‍ഫാന്‍ ദുരന്തഭൂമിയില്‍ പ്രതിഷേധക്കാരോടൊപ്പം വായ് മൂടിക്കെട്ടി നടന്നു പോകുന്ന എഴുത്തുകാരിയെ കണ്ടു എം.എ റഹ്മാന്റെ ഓര്‍മ്മക്കുറിപ്പു പേജില്‍. അവര്‍ക്കങ്ങിനെയൊക്കെ ആവാതിരിക്കാന്‍ എങ്ങനെ സാധിക്കും? എന്നും സങ്കടപ്പെടുന്നവരുടെ കൂടെ, നീതിക്കുവേണ്ടി പൊരുതുന്നവരുടെ കൂടെ ആയിരുന്നല്ലോ അവര്‍. കോഴിക്കോട് പിന്നീടും, സ്ത്രീ ശാക്തീകരണത്തിന്റെ തന്റേടം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ, പലവട്ടം വന്ന് സംസാരിച്ചിട്ടുണ്ട് അവര്‍.
എന്നെ സംബന്ധിച്ചാണെങ്കില്‍, ബര്‍സ കന്നടയിലേയ്ക്ക് ട്രാന്‍സ്ലേറ്റ് ചെയ്ത ആള്‍ എന്ന കടപ്പാടുമുണ്ട്. കോഴിക്കോട് വെച്ചൊരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ബര്‍സ കന്നടയിലേയ്ക്ക് വിവര്‍ത്തനം ചെയ്യാനുള്ള ആഗ്രഹം അവര്‍ പ്രകടിപ്പിച്ചത്. ഏറെ ആഹ്ലാദവും അത്ഭുതവും തോന്നി അപ്പോള്‍. തമിഴിലേക്ക് അതിനു മുമ്പ് ബര്‍സ പരിഭാഷപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് വിവര്‍ത്തകന്‍ എന്ന രീതിയില്‍ ആ ഭാഷയില്‍ പ്രവര്‍ത്തിക്കുന്ന വൃക്തിയിലൂടെ തന്നെയായിരുന്നു. കേരളത്തിന്റെ തെക്കേയറ്റത്തിനടുത്തു കിടക്കുന്ന കുളച്ചല്‍ എന്ന സ്ഥലത്തു നിന്ന് മലയാളത്തെ വികാരമായി കൊണ്ടു നടക്കുന്ന ഒരു പരിഭാഷകന്‍, യൂസഫ് കുളച്ചല്‍. ഇപ്പോഴിതാ, വടക്കേയറ്റത്തു നിന്നൊരു കന്നട പ്രവേശത്തിനുള്ള വിളി! അതും, ആ ഭാഷയില്‍ നോവലും കഥകളുമെഴുതുന്ന മുതിര്‍ന്നൊരെഴുത്തുകാരി! അവര്‍ക്ക് മംഗലാപുരത്ത് സ്വന്തമായി പ്രസാധന സ്ഥാപനമുണ്ട്. മോശമല്ലാത്ത എണ്ണം നല്ല എഴുത്തുകാരുടെ കൃതികള്‍ ആ സ്ഥാപനത്തിലൂടെ പുറത്തുവന്നിട്ടുമുണ്ട്. എഴുത്തുകാരിക്ക് വേണമെങ്കില്‍ ആ പരിഭാഷ മറ്റൊരാളെ ഏല്‍പ്പിക്കാമായിരുന്നു. അതു ചെയ്യാതിരുന്നത് ബര്‍സയോട് അവര്‍ക്കുണ്ടായ ആത്മൈക്യം കൊണ്ടു തന്നെയാകണം. മാസങ്ങള്‍ കൊണ്ടു തന്നെ അവര്‍ വിവര്‍ത്തനം പൂര്‍ത്തിയാക്കി എന്നെ വിളിക്കുകയും ചെയ്തു.
സാധാരണ വിവര്‍ത്തകര്‍ക്ക് ഉണ്ടാകാവുന്ന
സന്ദേഹങ്ങളോ ചര്‍ച്ചകളോ ഒന്നും വേണ്ടി വന്നില്ല. ഒരേ പോലെ ചിന്തിക്കുന്നവര്‍, എഴുതുന്നവര്‍! സന്ദേഹങ്ങള്‍ക്കവിടെ ഇടമുണ്ടാവുകയുമില്ലല്ലോ.
മംഗലാപുരത്തുവെച്ച് കുറെ കന്നട എഴുത്തുകാര്‍ പങ്കെടുത്ത വേദിയിലായിരുന്നു ബര്‍സയുടെ വിവര്‍ത്തനപതിപ്പിന്റെ പ്രകാശനം. അഞ്ചോ ആറോ കന്നട എഴുത്തുകാരികള്‍ അന്നാ വേദിയിലുണ്ടായിരുന്നു. ഫോട്ടോകള്‍ നഷ്ടപ്പെടുത്തുന്ന എന്റെ സ്വഭാവം കൊണ്ട് ആ വിലപ്പെട്ട ഓര്‍മ്മകളും അവരൊക്കെ ആരായിരുന്നു എന്ന് ഓര്‍ത്തെടുക്കാനുള്ള സാധ്യതയും ഞാന്‍ കളഞ്ഞു കുളിച്ചു.
അന്ന് മംഗലാപുരത്ത് ട്രെയിനില്‍ എത്തുമ്പോള്‍ എന്നെ സ്‌നേഹത്തോടെ സ്വീകരിക്കാനെത്തിയവരായിരുന്നു മരുമക്കളായ സബീനയും സക്കീനയും. എഴുത്തുകാരിയും കുടുംബവും ചേര്‍ന്നുണ്ടാക്കിയ ഊഷ്മളാന്തരീക്ഷത്തിലേയ്ക്കാണ് പിന്നെ ഞാനെത്തിച്ചേര്‍ന്നത്. സ്‌നേഹാന്വേഷണങ്ങളും സാഹിത്യ വര്‍ത്തമാനങ്ങളും രുചികരമായ ഉച്ചയൂണും കഴിഞ്ഞ് വൈകീട്ടായിരുന്നു പരിപാടി. രാത്രി ട്രെയിനില്‍ കയറ്റി വിടും വരെ ബ്യാരി സംഭാഷണ രുചിയോടെ സബീനയും കാസര്‍കോടന്‍ ചുവയുള്ള മലയാളത്തോടെ സക്കീനയും എഴുത്തുകാരിയോടൊപ്പം കൂടെ നിന്നു. പിന്നീടും ആ സ്‌നേഹവും കരുതലും അവര്‍ ഫോണ്‍ സംഭാഷണങ്ങളിലൂടെ തുടര്‍ന്നിരുന്നു ഏറെക്കാലം. കുറച്ചു വര്‍ഷങ്ങളായി അവര്‍ ഓര്‍മ്മ നഷ്ടത്തിന്റെ കയങ്ങളിലാഴുകയായിരുന്നു എന്നറിഞ്ഞിരുന്നു. അര്‍ബുദ ബാധകൂടി ആ ശരീരത്തെ തളര്‍ത്തിയിരുന്നു എന്നറിഞ്ഞത് ഇന്നലെ മാത്രം. വാസ്തവത്തില്‍ സാറാ അബൂബക്കറിന്റെ തുടര്‍ച്ചകളാണ് ബി.എം.സുഹ്‌റയും ഞാനുമൊക്കെ. പിന്നാലെ ഞങ്ങളെക്കാള്‍ പ്രതിഭാശാലികളായ എഴുത്തുകാരികളുമുണ്ട്. ഞങ്ങള്‍ ഒരേ ചങ്ങലയിലെ കണ്ണികള്‍. ആ അടുപ്പമാണ് വ്യക്തിപരമായി ഏറെ ഓര്‍ത്തു പറയാനില്ലാതിരിക്കുമ്പോഴും എനിക്ക് അവരോടുള്ളത്. മനുഷ്യസ്‌നേഹിയായ ആ വലിയ എഴുത്തുകാരിയുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ കൂപ്പുകൈ.


-ഖദീജാ മുംതാസ്‌

Related Articles
Next Story
Share it