കാസര്‍കോട്: സ്ഥാനാര്‍ത്ഥിയും പ്രകടന പത്രികയും വരുന്നതിന് മുമ്പ് തന്നെ പക്ഷപാതപരവും കൃത്രിമവുമായ തിരഞ്ഞെടുപ്പ് സര്‍വ്വേകള്‍ നടത്തി ബോധപൂര്‍വ്വം യു.ഡി.എഫിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ചില മാധ്യമങ്ങള്‍ നടത്തുന്നതെന്നും ഇത് തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സര്‍വ്വേകള്‍ തടയണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടുവെങ്കിലും എക്സിറ്റ് പോളുകള്‍ അല്ലാത്ത സര്‍വ്വേകള്‍ നിരോധിക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതേ തുടര്‍ന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സര്‍വ്വേകളും ഏതാണ്ട് എക്സിറ്റ് പോളുകളുടെ സ്വഭാവത്തിലുള്ളതാണ്. മണ്ഡലങ്ങള്‍ തോറും സര്‍വ്വേ നടത്തിയാല്‍ എക്സിറ്റ് പോള്‍ അല്ലാതെ മറ്റെന്താണത്- ചെന്നിത്തല ചോദിച്ചു.
ജനവികാരം യു.ഡി.എഫിന് അനുകൂലമാണ്. കേരളം ഭരണ മാറ്റത്തിന് വേണ്ടി തയ്യാറെടുക്കുകയാണ്. ഇതിനെ അട്ടിമറിക്കാനാണ് സ്ഥാനാര്‍ത്ഥികളും പ്രകടന പത്രികയും വരുന്നതിന് മുമ്പേ സര്‍വ്വേ എന്ന പേരില്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇത് മാര്‍ക്സിറ്റ് പാര്‍ട്ടിയുടെ ‘കിഫ്ബി’സര്‍വ്വേയാണ്. 200 കോടി രൂപയുടെ പരസ്യം നല്കി മാധ്യമങ്ങളെ സര്‍ക്കാര്‍ കയ്യിലെടുത്തിരിക്കുകയാണ്. മാധ്യമങ്ങളെ വിലക്ക് വാങ്ങുന്ന നരേന്ദ്രമോദി തന്ത്രമാണ് പിണറായി വിജയനും പ്രയോഗിക്കുന്നത്. മാധ്യമ ധര്‍മ്മം പലരും ബലി കഴിക്കുന്നു. പ്രതിപക്ഷ നേതാവിനെ ബോധപൂര്‍വ്വം കരിവാരിത്തേച്ചു കാണിക്കുന്നു. നൂറ് പേരെ ഫോണില്‍ ബന്ധപ്പെട്ട് അഭിപ്രായ സര്‍വ്വേ എന്നപേരില്‍ കാട്ടിക്കൂട്ടുന്ന ഇത്തരം പ്രചരണങ്ങളില്‍ ജനങ്ങള്‍ വീഴില്ല. പരസ്യം നല്‍കിയതിന്റെ പേരില്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നത് നീതികേടാണ്. ഗവണ്മെന്റിന്റെ പണക്കൊഴുപ്പിനെ മാത്രമല്ല, ചില മാധ്യമങ്ങളുടെ കല്ലേറിനെയും യു.ഡി.എഫിന് നേരിടേണ്ടിവരുന്നു. ഞാന്‍ ഉന്നയിക്കുന്ന വിഷയങ്ങളും ആരോപണങ്ങളും ശരിയാണെന്ന് തെളിഞ്ഞിട്ടും വളച്ചൊടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ചിലര്‍ നടത്തുന്നത്. ചിലമാധ്യമങ്ങള്‍ ചോദ്യങ്ങള്‍ സര്‍ക്കാരിന് അനുകൂലമായി പടച്ചുണ്ടാക്കുന്നു. ഇതൊരു അജണ്ടയാണ്. ജനങ്ങളുടെ മുന്നില്‍ ഈ ഗവണ്മെന്റിന് ഒരു റേറ്റിംഗുമില്ല. ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വം റേറ്റിംഗ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത് അനീതിയാണ്. ഏപ്രില്‍ 6ന് ജനങ്ങളുടെ സര്‍വ്വേ നടക്കും. അതില്‍ യു.ഡി.എഫ്. വന്‍ വിജയം നേടും-ചെന്നിത്തല പറഞ്ഞു.
ഒരു പഞ്ചായത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി മായ്ച്ച് അടുത്ത പഞ്ചായത്തില്‍ പോയി വോട്ട് ചെയ്യാവുന്ന തരത്തില്‍ പലരും കള്ളവോട്ടുകള്‍ ചേര്‍ത്ത സംഭവങ്ങളെ കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ആ ലിസ്റ്റ് ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുറ്റമറ്റ വോട്ടര്‍പട്ടിക വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. കേരളത്തില്‍ ബി.ജെ.പി.-സി.പി.എം. കൂട്ടുകെട്ട് വ്യക്തമാണ്. രണ്ടുപേരുടെയും ലക്ഷ്യം യു.ഡി.എഫ്. ഭരണത്തില്‍ വരുന്നത് തടയുക എന്നതാണ്. അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിഞ്ഞ് ജനങ്ങള്‍ പ്രതികരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പ്രസ്ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷതവഹിച്ചു.
സെക്രട്ടറി കെ.വി. പത്മേഷ് സ്വാഗതം പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. സ്ഥാനാര്‍ത്ഥി എന്‍.എ. നെല്ലിക്കുന്ന്, കെ.പി.സി.സി. വൈസ് പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്, മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹ്മദലി, ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍, പി.എ. അഷ്റഫലി, കരുണ്‍താപ്പ എന്നിവരും ചെന്നിത്തലക്കൊപ്പം ഉണ്ടായിരുന്നു.