ചില നല്ല കാഴ്ചകള്‍: പ്രതീക്ഷകളും...

റിപ്പബ്ലിക് ദിനത്തില്‍ രണ്ട് മനോഹരമായ ചടങ്ങുകള്‍ക്ക് കാസര്‍കോട് സാക്ഷ്യം വഹിച്ചു. ഒന്ന് രാവിലെ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന അഡ്വ. പി.വി.കെ നമ്പൂതിരി ഫൗണ്ടേഷന്‍ ഉദ്ഘാടന ചടങ്ങായിരുന്നു. മറ്റൊന്ന് ഉച്ചതിരിഞ്ഞ് തൊട്ടടുത്ത ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന എന്‍.എ സുലൈമാന്‍ പുരസ്‌കാര ദാനചടങ്ങും.അഡ്വ. പി.വി.കെ നമ്പൂതിരി കാസര്‍കോടിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു പേരാണ്. പ്രമുഖനായ അഭിഭാഷകന്‍ എന്നതിലുപരി കാസര്‍കോടിന്റെ സാംസ്‌കാരിക വിഹായസില്‍ അലിഞ്ഞുചേര്‍ന്ന നാമം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃരംഗത്ത് അദ്ദേഹമുണ്ടായിരുന്നു. എ.കെ.ജിയും ഇ.എം.എസും കേളപ്പജിയും അടക്കമുള്ളവരുമായി […]

റിപ്പബ്ലിക് ദിനത്തില്‍ രണ്ട് മനോഹരമായ ചടങ്ങുകള്‍ക്ക് കാസര്‍കോട് സാക്ഷ്യം വഹിച്ചു. ഒന്ന് രാവിലെ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന അഡ്വ. പി.വി.കെ നമ്പൂതിരി ഫൗണ്ടേഷന്‍ ഉദ്ഘാടന ചടങ്ങായിരുന്നു. മറ്റൊന്ന് ഉച്ചതിരിഞ്ഞ് തൊട്ടടുത്ത ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന എന്‍.എ സുലൈമാന്‍ പുരസ്‌കാര ദാനചടങ്ങും.
അഡ്വ. പി.വി.കെ നമ്പൂതിരി കാസര്‍കോടിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു പേരാണ്. പ്രമുഖനായ അഭിഭാഷകന്‍ എന്നതിലുപരി കാസര്‍കോടിന്റെ സാംസ്‌കാരിക വിഹായസില്‍ അലിഞ്ഞുചേര്‍ന്ന നാമം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃരംഗത്ത് അദ്ദേഹമുണ്ടായിരുന്നു. എ.കെ.ജിയും ഇ.എം.എസും കേളപ്പജിയും അടക്കമുള്ളവരുമായി വലിയ സൗഹൃദമായിരുന്നു. ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ഒളിവിടമായിരുന്നു. പി.വി.കെ നമ്പൂതിരിയുടെ ഇല്ലം. പാവങ്ങളോട് വലിയ കരുണ കാണിക്കാന്‍ അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും വെമ്പല്‍കൊണ്ടത്
.കെ.ജി അടക്കമുള്ളവരില്‍ നിന്ന് പകര്‍ന്നുകിട്ടിയ നന്മയുടെ പാഠംകൊണ്ടാവാം. ഹൃദ്യമായ ഒരു ബന്ധം അവര്‍ രണ്ടുപേരും തമ്മിലുണ്ടായിരുന്നു. പേരുകേട്ട അഭിഭാഷകനെന്ന നിലയില്‍ തിരക്കിട്ട ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കിടയിലും പാവങ്ങള്‍ക്ക് വേണ്ടി സമയം നീക്കിവെക്കാന്‍ പി.വി.കെ നമ്പൂതിരി എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഭിക്ഷാടകരുടെ ദിനമായിരുന്ന ശനിയാഴ്ച ദിനങ്ങളില്‍ വീട് തേടിയെത്തുന്നവര്‍ക്ക് വേണ്ടി അദ്ദേഹം നീക്കിവെക്കുന്ന നാണയതുട്ടുകള്‍ മക്കളെ കൊണ്ട് കൊടുപ്പിച്ചത് അവരില്‍ പാവങ്ങളോടുള്ള അലിവും അനുകമ്പയും വളര്‍ത്താനാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കവെ പി.വി.കെ നമ്പൂതിരിയുടെ സഹോദരന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ (നടന്‍) മകനും കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ പ്രത്യേകം എടുത്തുപറഞ്ഞത് സദസ്സിന്റെ ഉള്ളുതൊടുന്നതായി. തീവണ്ടികളിലെ യാത്രാവേളകളില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കിടന്നുറങ്ങുന്ന പട്ടിണിപ്പാവങ്ങളെ നോക്കി അവരും മനുഷ്യരാണെന്നും പ്രത്യേക അനുകമ്പ കാട്ടണമെന്നും മക്കളോട് പറയുമായിരുന്ന പി.വി.കെ നമ്പൂതിരിയെ കുറിച്ച് മകന്‍ അഡ്വ. പി.വി ജയരാജനും ഓര്‍ത്തെടുക്കുകയുണ്ടായി.
പറഞ്ഞുവന്ന വിഷയം ഇതല്ല. കാസര്‍കോടിന്റെ സാംസ്‌കാരിക രംഗം അത്രമാത്രം സമ്പുഷ്ടമല്ല. വല്ലപ്പോഴും തലനീട്ടി നോക്കുന്ന സാംസ്‌കാരിക പരിപാടികള്‍ മാത്രം ആസ്വദിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഈ നാട്ടുകാര്‍. അഡ്വ. പി.വി.കെ നമ്പൂതിരിയുടെ നാമധേയത്തിലുള്ള ഫൗണ്ടേഷന്റെ വരവ് വലിയ പ്രതീക്ഷയോടെയാണ് കാസര്‍കോട് ഉറ്റുനോക്കുന്നത്. ഫൗണ്ടേഷന്റെ തലപ്പത്ത് ചെയര്‍മാന്‍ പദവിയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ വെങ്കിടേഷ് രാമകൃഷ്ണനുണ്ട്. വെങ്കിടി എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന വെങ്കിടേഷ് രാമകൃഷണന്‍ ഒരുകാലത്ത് കാസര്‍കോട്ടെ മാധ്യമ രംഗത്ത് തിളക്കമാര്‍ന്ന പ്രവര്‍ത്തനം നടത്തിയ ആളാണ്. കാസര്‍കോടിന്റെ സ്പന്ദനങ്ങള്‍ അദ്ദേഹത്തിന് നന്നായി അറിയാം. സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന നിരവധി സുഹൃത്തുക്കള്‍ ഇവിടെ അദ്ദേഹത്തിനുണ്ട്. ഫൗണ്ടേഷന്റെ സെക്രട്ടറി അഡ്വ. പി.വി ജയരാജനാണെങ്കില്‍ കാസര്‍കോടിന്റെ സാംസ്‌കാരിക മേഖലയെ ചലിപ്പിക്കാനും ജ്വലിപ്പിക്കാനും എല്ലാകാലത്തും ആവേശം കാട്ടിയ ആളാണ്. കാസര്‍കോടിന്റെ സാംസ്‌കാരിക മുഖമായും അദ്ദേഹം അറിയപ്പെടുന്നു. അതുകൊണ്ട് തന്നെ കാസര്‍കോട് കൊതിക്കുന്ന പലകാര്യങ്ങളിലും അഡ്വ. പി.വി.കെ നമ്പൂതിരി ഫൗണ്ടേഷന്റെ ശ്രദ്ധ ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. നിയമസഹായ രംഗത്താണെങ്കിലും സാംസ്‌കാരിക മേഖലയിലാണെങ്കിലും കലാപരമായ പ്രചോദന രംഗത്താണെങ്കിലും പി.വി.കെ നമ്പൂതിരി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പ്. വെറുതെ പ്രഖ്യാപിച്ച് പോകുന്ന കൂട്ടത്തിലല്ല ഈ ഫൗണ്ടേഷന് പിന്നിലുള്ളവര്‍ ആരും. അതുകൊണ്ട് തന്നെ പ്രതീക്ഷക്ക് പിന്നേയും വേഗത ഏറുകയാണ്. ഫൗണ്ടേഷന്റെ ഉല്‍ഘാടനം നിര്‍വഹിച്ച് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു പ്രഖ്യാപിച്ചതും കാസര്‍കോടിനു പുതിയ മുന്നില്‍ പ്രതീക്ഷയുടെ പുതിയ വാതില്‍ തുറന്നിടുകയാണെന്നാണ്. തളങ്കര മുഹമ്മദ് റാഫി കള്‍ച്ചറല്‍ സെന്ററിന്റെ എന്‍.എ സുലൈമാന്‍ സ്മാരക പുരസ്‌കാര ദാനചടങ്ങും കാസര്‍കോടിന് വലിയ സന്തോഷം പകരുന്നതായി. കാസര്‍കോടിന്റെ രാഷ്ട്രീയ, വ്യാപാര, സാംസ്‌കാരിക മേഖലകളിലെല്ലാം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു മൗലവി സുലൈമാന്‍ എന്ന എന്‍.എ സുലൈമാന്‍. അദ്ദേഹത്തിന്റെ 12-ാം വേര്‍പാട് വാര്‍ഷികത്തോടനുബന്ധിച്ച് റാഫി മഹല്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഇത്തവണയും അര്‍ഹതപ്പെട്ട കൈകളില്‍ തന്നെ എത്തി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമൊക്കെയായ ജമാല്‍ കൊച്ചങ്ങാടിക്ക് പുരസ്‌കാരം സമ്മാനിക്കുക വഴി റാഫി മഹല്‍ അവാര്‍ഡിന്റെ മഹത്വം കാത്തുസൂക്ഷിച്ചു. കളങ്കമില്ലാത്ത ഒരാളുടെ പേരിലുള്ള പുരസ്‌കാരം കളങ്കമില്ലാത്ത ഒരാളുടെ കൈകളിലെത്തുമ്പോള്‍ അതുകണ്ടുനില്‍ക്കുന്നവരുടെ ഹൃദയങ്ങളിലുണ്ടാക്കുന്ന സന്തോഷം ചെറുതല്ല. അത്തരമൊരു സന്തോഷത്തിനാണ് റിപ്പബ്ലിക് ദിനത്തില്‍ ജില്ലാ ലൈബ്രറി ഹാള്‍ സാക്ഷ്യം വഹിച്ചത്. രാജ്യത്തെ പരമോന്നത ബഹുമതികള്‍ പ്രഖ്യാപിക്കപ്പെട്ട ദിനമായിരുന്നു അത്. ഉത്തരകേരളത്തിനും ഏറെ അഭിമാനിക്കാന്‍ വകയുണ്ടായിരുന്നു. കണ്ണൂരിലേക്ക് രണ്ട് പത്മപുരസ്‌കാരങ്ങളാണ് എത്തിയത്. ഇതിന് പുറമെ മലയാളത്തില്‍ മനോഹരമായ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള വാണി ജയറാമിനും ഇത്തവണ പത്മപുരസ്‌കാരം ഉണ്ടായിരുന്നു. പുരസ്‌കാര ദാന ചടങ്ങിന്റെ അധ്യക്ഷനും റാഫി മഹലിന്റെ പ്രസിഡണ്ടുമായ പി.എസ് ഹമീദ് എഴുതിയ നിരവധി ഗാനങ്ങള്‍ക്ക് വാണിജയറാം ശബ്ദം നല്‍കിയിട്ടുണ്ട്. പത്മപുരസ്‌കാരത്തിന്റെ നിറവില്‍ നിറഞ്ഞുനിന്ന ആ ദിവസം തന്നെ എന്‍.എ സുലൈമാന്റെ പേരിലുള്ള പുരസ്‌കാരം ജമാല്‍ കൊച്ചങ്ങാടിക്ക് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് സമര്‍പ്പിച്ചപ്പോള്‍ അത് കാസര്‍കോടിന്റെ പത്മശ്രീ പുരസ്‌കാരമായിട്ടാണ് സദസ്സ് കണ്ടത്. സുലൈമാന്റെ പേരിലുള്ള അഞ്ചാമത്തെ പുരസ്‌കാരദാനമായിരുന്നു ഇത്. നേരത്തെ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട നാലുപേരും ഈ സന്തോഷത്തിന് കൂടുതല്‍ അര്‍ഹരായവര്‍ തന്നെയാണ്. സുലൈമാന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ അടങ്ങിയ സദസ്സ് അവാര്‍ഡ് ദാനത്തിന്റെ സന്തോഷത്തില്‍ അലിഞ്ഞുചേര്‍ന്നു. അവാര്‍ഡ് തുക എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കൈമാറാനായി കവി പി.എസ് ഹമീദിനെ ഏല്‍പ്പിച്ച് ജമാല്‍ കൊച്ചങ്ങാടി തന്റെ മഹത്വം പറയാതെ തന്നെ വിളിച്ചുപറയുകയും ചെയ്തു.

-ടി.എ ഷാഫി

Related Articles
Next Story
Share it