സോളമന്റെ തേനീച്ചകള്‍, ലാല്‍ജോസിന്റെ തേന്‍ചിന്തകള്‍
ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ ക്യാമ്പസ് പ്രണയത്തിന്റെ അതിതീവ്രമായ കഥ പറഞ്ഞ് കൗമാരക്കാരുടെ ഉറക്കം കെടുത്തിയ ലാല്‍ ജോസില്‍ നിന്ന് മലയാള സിനിമാ പ്രേമികള്‍ കാത്തിരുന്ന മറ്റൊരു പ്രണയ ചിത്രം കൂടി അടുത്ത മാസം 18ന് തീയേറ്ററുകളില്‍ എത്തുന്നു. ചിത്രത്തിന്റെ പേര് തന്നെ ആകര്‍ഷകമാണ്- സോളമന്റെ തേനീച്ചകള്‍. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി.തോമസ് തന്റെ ന്യായാധിപ ജീവിതത്തിലെ ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ വേണ്ടി ഒരു പുസ്തകം എഴുതിയപ്പോള്‍ അതിനിട്ട പേരും 'സോളമന്റെ തേനീച്ചകള്‍' എന്ന് തന്നെയായിരുന്നു. ബുദ്ധിമാന്‍മാരായ ന്യായാധിപന്‍മാരും […]
ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ ക്യാമ്പസ് പ്രണയത്തിന്റെ അതിതീവ്രമായ കഥ പറഞ്ഞ് കൗമാരക്കാരുടെ ഉറക്കം കെടുത്തിയ ലാല്‍ ജോസില്‍ നിന്ന് മലയാള സിനിമാ പ്രേമികള്‍ കാത്തിരുന്ന മറ്റൊരു പ്രണയ ചിത്രം കൂടി അടുത്ത മാസം 18ന് തീയേറ്ററുകളില്‍ എത്തുന്നു. ചിത്രത്തിന്റെ പേര് തന്നെ ആകര്‍ഷകമാണ്- സോളമന്റെ തേനീച്ചകള്‍. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി.തോമസ് തന്റെ ന്യായാധിപ ജീവിതത്തിലെ ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ വേണ്ടി ഒരു പുസ്തകം എഴുതിയപ്പോള്‍ അതിനിട്ട പേരും 'സോളമന്റെ തേനീച്ചകള്‍' എന്ന് തന്നെയായിരുന്നു. ബുദ്ധിമാന്‍മാരായ ന്യായാധിപന്‍മാരും […]

ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ ക്യാമ്പസ് പ്രണയത്തിന്റെ അതിതീവ്രമായ കഥ പറഞ്ഞ് കൗമാരക്കാരുടെ ഉറക്കം കെടുത്തിയ ലാല്‍ ജോസില്‍ നിന്ന് മലയാള സിനിമാ പ്രേമികള്‍ കാത്തിരുന്ന മറ്റൊരു പ്രണയ ചിത്രം കൂടി അടുത്ത മാസം 18ന് തീയേറ്ററുകളില്‍ എത്തുന്നു. ചിത്രത്തിന്റെ പേര് തന്നെ ആകര്‍ഷകമാണ്- സോളമന്റെ തേനീച്ചകള്‍.
സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി.തോമസ് തന്റെ ന്യായാധിപ ജീവിതത്തിലെ ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ വേണ്ടി ഒരു പുസ്തകം എഴുതിയപ്പോള്‍ അതിനിട്ട പേരും 'സോളമന്റെ തേനീച്ചകള്‍' എന്ന് തന്നെയായിരുന്നു. ബുദ്ധിമാന്‍മാരായ ന്യായാധിപന്‍മാരും പൊലീസുദ്യോഗസ്ഥനും തങ്ങളുടെ മുന്നില്‍ എത്തുന്ന സങ്കീര്‍ണമായ കേസുകളിലെ യഥാര്‍ത്ഥ സത്യം കണ്ടെത്താന്‍ ഇങ്ങനെ പല മാര്‍ഗങ്ങളും തേടാറുണ്ട്. അതിന് അവര്‍ പേരിട്ട് വിളിക്കുന്നത് 'സോളമന്റെ തേനീച്ചകള്‍' എന്നാണ്. അതുകൊണ്ട് തന്നെ 'സോളമന്റെ തേനീച്ചകള്‍' പ്രണയത്തിന്റെ മാത്രമല്ല, കുറ്റാന്വേഷണ മികവിന്റെ വാതിലുകള്‍ തുറന്നിടുന്ന ഒരു ചിത്രം കൂടിയായിരിക്കുമെന്ന് ഉറപ്പിക്കാം.
സോളമന്‍ രാജീവിന്റെ തേനീച്ചക്കഥ വളരെ പ്രശസ്തമാണ്. നീതിമാന്‍മാരില്‍ നീതിമാന്‍ ആയിരുന്നു സോളമന്‍ രാജാവ്. പോരാത്തതിന് അതിബുദ്ധിമാനും. അദ്ദേഹത്തെ അളക്കാന്‍ ബാത്ത്‌ഷേബ ഒരിക്കല്‍ രണ്ട് പൂക്കുടകള്‍ കൊടുത്തു വിട്ടു. ഒന്നില്‍ യഥാര്‍ത്ഥ പൂക്കള്‍. മറ്റൊന്നില്‍ കൃത്രിമ പൂക്കളും. രണ്ടും തമ്മില്‍ തിരിച്ചറിയുക അസാധ്യം. തൊട്ടു നോക്കാനോ മണത്തു നോക്കാനോ പാടില്ല.
ഏതാണ് യഥാര്‍ത്ഥ പൂക്കള്‍ എന്ന് തിരിച്ചറിയാന്‍ എന്താണ് വഴി. ബുദ്ധിമാനായ സോളമന്‍ രാജാവ് വലിയ ജനാലുകള്‍ തുറന്നിട്ടു. അതിലൂടെ തേനീച്ചകള്‍ മൂളിപ്പറന്ന് വന്നു. യഥാര്‍ത്ഥ പൂക്കളെ തിരിച്ചറിയാന്‍ തേനീച്ചകള്‍ക്ക് ഒരു സംശയവുമുണ്ടാവില്ലെല്ലോ. യഥാര്‍ത്ഥ പൂക്കുടയ്ക്കു ചുറ്റും തേനീച്ചകള്‍ വട്ടമിട്ടു. അവ മെല്ലെ അതിനുള്ളിലെ പൂക്കളെ സ്പര്‍ശിച്ചു. അതാണ് കഥ.
'ശരിയാണ്. ഇതൊരു പൊലീസ് സ്റ്റോറിയാണ്. പ്രധാന കഥാപാത്രങ്ങളെല്ലാം പൊലീസാണ്. ഇത് വെറുമൊരു പ്രണയ ചിത്രമല്ല. പുതിയ തലമുറയ്ക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ക്കും അവരുടെ പ്രശ്‌നങ്ങള്‍ക്കും ഒപ്പം തന്നെ ഏത് കാലത്തിലേയും തലമുറയ്ക്ക് കണ്ട് ഇഷ്ടപ്പെടാനുള്ള റൊമാന്റിക്കും മ്യൂസിക്കും കുറ്റാന്വേഷണവും ഒക്കെയുണ്ട്. ശരിക്കുമൊരു റൊമാന്റിക് മ്യൂസിക് ഫിലിം...'-ഹോട്ടല്‍ വൈസ്രോയിയില്‍ സുഹൃത്തു കൂടിയായ ഷുഹൈബിനും ജാബി ഷൈമക്കും ഒപ്പം ഇരുന്ന് ലാല്‍ ജോസ് സോളമന്റെ തേനീച്ചകളുടെ ചെപ്പുതുറന്നു.
'തീര്‍ത്തും സാധാരണമായ ഒരു കുടുംബത്തില്‍ നിന്ന് കൊച്ചി പോലുള്ള നഗരത്തില്‍ ട്രാഫിക് പൊലീസുകാരിയായി സേവനം അനുഷ്ടിക്കാന്‍ എത്തുന്ന കേന്ദ്ര കഥാപാത്രം ഒരു പ്രണയത്തില്‍ അകപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സങ്കടങ്ങളും അന്വേഷണവുമൊക്കെയായാണ് കഥ മുന്നോട്ട് പോകുന്നത്'.
മഴവില്‍ മനോരമയില്‍ നായികാനായകര്‍ എന്ന റിയാലിറ്റി ഷോക്ക് നേതൃത്വം നല്‍കിയ ലാല്‍ജോസ് അവിടെ നിന്ന് കണ്ടെത്തിയ നാല് പേരെ പ്രധാന വേഷങ്ങളില്‍ അവതരിപ്പിച്ച് നടത്തുന്ന പരീക്ഷണവും ചെറുതല്ല. റിയാലിറ്റി ഷോയില്‍ ഒന്ന് മുതല്‍ നാല് വരെ സ്ഥാനങ്ങള്‍ നേടിയ വിന്‍സി അലോഷ്യസ്, ദര്‍ശന, ശംഭു, ആലിസ് അക്കരെ എന്നിവര്‍ക്ക് നല്‍കിയ 'എന്റെ അടുത്ത പടത്തില്‍ നിങ്ങളായിരിക്കും പ്രധാന കഥാപാത്രങ്ങള്‍' എന്ന വാക്ക് വലിയ വെല്ലുവിളിയോടെ ലാല്‍ ജോസ് ഏറ്റെടുത്തത്. ഒപ്പം മലയാള സിനിമയിലെ ഇന്നത്തെ കരുത്തുറ്റ താരങ്ങളില്‍ ഒരാളായ ജോജു ജോര്‍ജും ജോണി ആന്റണിയും ബിനു പപ്പുവും മണികണ്ഠന്‍ ആചാരിയും ശിവപാര്‍വ്വതിയുമെല്ലാം സിനിമയില്‍ വേഷമിടുന്നുണ്ട്. സോളമന്‍ എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പ്രധാന വേഷം ചെയ്യുന്നത് ജോജുവാണ്.
മമ്മുട്ടി നായകനായ ഒരു മറവത്തൂര്‍ കനവ് മുതല്‍ ഏറ്റവുമൊടുവില്‍ ഇറങ്ങിയ മ്യാവൂ വരെ ചന്ദ്രനുദിക്കുന്നദിക്കിലും മീശമാധവനിലും പട്ടാളത്തിലും ചാന്ത്‌പൊട്ടിലും അച്ഛനുറങ്ങാത്ത വീട്ടിലും എല്‍സമ്മ എന്ന ആണ്‍കുട്ടിയിലും സ്പാനിഷ് മസാലയിലും ഡയമണ്ട് നെക്ലൈസിലും ഒക്കെയായി പച്ചയായ മനുഷ്യന്റെ ജീവിത ഗന്ധികളും റൊമാന്‍സും ഹ്യൂമറും ആക്ഷനും ഒക്കെയായി സിനിമയുടെ എല്ലാതലങ്ങളും അവതരിപ്പിച്ചു കഴിഞ്ഞ ലാല്‍ജോസിന് തന്റെ പുതിയ സിനിമയുടെ തീം പ്രണയമായിരിക്കണമെന്ന് ഉറപ്പുണ്ടായിരുന്നു. സോളമന്റെ തേനീച്ചകളില്‍ പൊലീസുകാരാണ് പ്രധാന കഥാപാത്രങ്ങളെല്ലാം. പ്രധാന കഥാപാത്രങ്ങളായ ഒരാള്‍ വനിതാ ട്രാഫിക് പൊലീസും മറ്റൊരാള്‍ വനിതാ ലോക്കല്‍ പൊലീസുമാണ്. ഇതില്‍ ഒരാള്‍ തട്ടുകടക്കാരന്റെ മകളും മറ്റൊരാള്‍ ടാപ്പിംങ് തൊഴിലാളിയുടെ മകളും. തീര്‍ത്തും സാധാരണ കുടുംബത്തില്‍ നിന്ന് വന്ന ഇവര്‍ക്ക് നഗരത്തിന്റെ ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിനും ഇടയില്‍ ഉണ്ടാവുന്ന സംഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ആഡിസ് അക്കരെയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷമാണ് ചെയ്യുന്നത്. ശംഭുവിന്റെ കാഥാപാത്രമായ ശരത് വനിതാ ട്രാഫിക് പൊലീസിനെ പ്രണയിക്കുന്ന രംഗങ്ങളിലൂടെ 17 വര്‍ഷം മുമ്പ് ക്ലാസ്‌മേറ്റ്‌സിലൂടെ പറഞ്ഞു പോയ അതിതീവ്രമായ പ്രണയത്തിന്റെ കഥ ആവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണ് പുതിയ സിനിമയില്‍ ലാല്‍ജോസ്.
? ശരിക്കും ഇതൊരു പ്രണയ ചിത്രമാണോ, ക്രൈം ത്രില്ലറാണോ...
=(ലാല്‍ ജോസ് ചിരിക്കുന്നു) ഇതൊരു ന്യൂജെന്‍ സിനിമയാണ്. പുതിയ കാലത്ത് സിനിമ ആദ്യം കാണുന്നത് 30 വയസിന് താഴെയുള്ളവരാണ്. അവരിലൂടെയാണ് സിനിമ പ്രചരിക്കുന്നത്. ഈ സിനിമയും ഈ പ്രായക്കാരെ പ്രതീക്ഷിച്ചു തന്നെയാണ്. എങ്കിലും എല്ലാ പ്രായത്തിലുള്ളവര്‍ക്കും ആസ്വദിക്കാനും ചിന്തിക്കാനും കഴിയുന്ന മനോഹരമായ ഒരു ചിത്രമായിരിക്കും സോളമന്റെ തേനീച്ചകള്‍.
? ക്ലാസ്‌മേറ്റ്‌സിനോട് സാമ്യമുണ്ടാകുമോ...
= രണ്ടും രണ്ട് കഥകളാണ്. 2006ലാണ് ക്ലാസ്‌മേറ്റ്‌സ് ഇറങ്ങിയത്. അത് വിദ്യാര്‍ത്ഥികളുടെയും കൗമാരക്കാരുടെയും ഹരമായിമാറി. അപ്പോഴും എല്ലാ പ്രായത്തിലുള്ളവരും ആ സിനിമയെ ആസ്വദിച്ചിരുന്നു. ക്ലാസ്‌മേറ്റ്‌സിനെ 17 വര്‍ഷം കഴിഞ്ഞിട്ടും ക്യാമ്പസ് ഇപ്പോഴും ഓര്‍ക്കുന്നു. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഞാന്‍ പല ക്യാമ്പസുകളും സന്ദര്‍ശിച്ചപ്പോള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നുണ്ടായ പ്രതികരണത്തില്‍ ക്ലാസ്‌മേറ്റ്‌സ് സിനിമ അവരുടെ ഓര്‍മ്മകളില്‍ എപ്പോഴും പ്രണയത്തിന്റെ ഒരു നൊമ്പരം ഉണ്ടാക്കുന്നുണ്ട്. 'സോളമന്റെ തേനീച്ചകള്‍' പ്രണയവും സാധാരണക്കാരുടെ പച്ചയായ ജീവിതവും പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ മികവുമൊക്കെ പറയുന്ന ചിത്രമാണ്. ഇതും എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയും. പുതുതലമുറകളിലൂടെ ഈ സിനിമയും വലിയ തോതില്‍ തന്നെ പ്രചരിക്കപ്പെടുമെന്നാണ് എന്റെ വിശ്വാസം.
? പുതുതലമുറയെ മാത്രം ലക്ഷ്യം വെച്ച് സിനിമ ഒരുക്കേണ്ടി വരുന്ന ഒരവസ്ഥയാണോ ഇന്നത്തെ കാലം നേരിടുന്നത്.
=എല്ലാ കാലത്തും പുതുതലമുറകളും പുതുതലമുറാ സംവിധായകരമൊക്കെയുണ്ട്. എണ്‍പതുകളില്‍ ഭരതനും പത്മരാജനും ഫാസിലും കമലും മോഹനുമൊക്കെയായിരുന്നു പുതുതല മുറ സംവിധായകര്‍. തൊണ്ണൂറോടെ മാറി. 20 വര്‍ഷത്തിനിടയില്‍ പല പുതിയ രീതികളും വന്നു. 1989ലാണ് ഞാന്‍ ഈ മേഖലയില്‍ എത്തുന്നത്. അന്നത്തെ പുതുതലമുറ സംവിധായകര്‍ക്ക് ഒപ്പം ഞാനുമുണ്ടായിരുന്നു. ഇപ്പോള്‍ ഇന്നത്തെ പുതുതലമുറ സംവിധായകര്‍ക്ക് ഒപ്പവും നീന്തിക്കൊണ്ടിരിക്കുന്നു. കാലം മാറുന്നതിന് അനുസരിച്ച് എല്ലാ രംഗവും മാറുന്നു. മുമ്പ് ദാരിദ്ര്യമെന്നാല്‍ പട്ടിണിയായിരുന്നു. കോളേജില്‍ പോവാന്‍ ബസിന് കാശില്ലാത്തതും പുസ്തകം വാങ്ങാന്‍ കഴിയാത്തതുമൊക്കെയായിരുന്നു അക്കാലത്ത് ദാരിദ്ര്യമായി കണ്ടിരുന്നത്. എന്നാല്‍ ഇന്നാണെങ്കില്‍ ഐ ഫോണ്‍ വാങ്ങാന്‍ പറ്റാത്തതാണ് ദാരിദ്ര്യം. നല്ല ഫോണും മോഡേണ്‍ വസ്ത്രങ്ങളും വാങ്ങാന്‍ കഴിയാത്തതാണ് ഇന്നത്തെ തലമുറ ദാരിദ്ര്യമായി കാണുന്നത്.
? മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി മലയാള സിനിമയുടെ മികച്ച താരങ്ങളെ നായകരാക്കി മലയാളം ഇരുകൈകളും നീട്ടി സ്വീകരിച്ച നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. പൂക്കാലം വരവായി, ഉള്ളടക്കം തുടങ്ങി കൃഷ്ണഗുഡിയില്‍ ഒരു പ്രണയക്കാലത്ത് വരെയുള്ള സിനിമകളില്‍ സഹസംവിധായകനുമായി. ഇപ്പോള്‍ പുതുമുഖങ്ങളായ അഭിനേതാക്കളെ വെച്ച് സിനിമയെടുക്കുമ്പോള്‍ വലിയ സാഹസം നേരിടേണ്ടി വരുന്നില്ലേ...
= എല്ലാ സിനിമയും സാഹസം തന്നെയാണ്. മമ്മൂട്ടിയെ വെച്ച് സംവിധാനം ചെയ്യുമ്പോഴും പുതിയ അഭിനേതാക്കളെ വെച്ച് ചെയ്യുമ്പോഴും സംവിധായകന് നല്ല അധ്വാനമുണ്ട്. ഓരോ സംവിധായകരുടെയും അഭിനേതാക്കളുടെയും ഒക്കെ കഠിനമായ അധ്വാനത്തിന്റെ ഫലമാണ് ഓരോ സിനിമയും.
സോളമന്റെ തേനീച്ചകളിലെ പുതുമുഖ അഭിനേതാക്കള്‍ മികച്ച രീതിയിലാണ് അഭിനയിച്ചത്. അവരുടെ മികവ് റിയാലിറ്റി ഷോയില്‍ തിരിച്ചെറിഞ്ഞാണ് സിനിമയില്‍ കേന്ദ്രകഥാ പാത്രങ്ങളാക്കിയത്. ഈ സിനിമ അവര്‍ക്ക് ഒരു ബ്രേക്കാവും.
'അതൊരു സിനിമാ വിദ്യാലയമായിരുന്നു...'
'സോളമന്റെ തേനീച്ചകള്‍' സിനിമയുടെ സെറ്റ് തങ്ങള്‍ക്കൊരു സിനിമാ വിദ്യാലയമായിരുന്നു എന്ന് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതുമുഖങ്ങളായ വിന്‍സി അലോഷ്യസ്, ദര്‍ശന, ശംഭു, ആലിസ് അക്കരെ എന്നിവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
'ലാല്‍ജോസ് സാര്‍ ആ വിദ്യാലയത്തിലെ ഹെഡ്മാസ്റ്ററായിരുന്നു. സിനിമാ അഭിനയത്തിന്റെ ബാലപാഠങ്ങള്‍ അദ്ദേഹം ഞങ്ങള്‍ക്ക് കൃത്യമായി പറഞ്ഞു തന്നു. ലാല്‍ജോസ് സാറിന്റെ കീഴിലുള്ള അരങ്ങേറ്റം മികച്ചതാകുമെന്ന് ഞങ്ങള്‍ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു...'- നാലുപേരുടേയും മുഖത്ത് തേന്‍പുഞ്ചിരി.
'സോളമന്റെ തേനീച്ചകള്‍' ഹിറ്റാകുമെന്നും ഇത് മലയാള സിനിമക്ക് നല്ലൊരു സമ്മാനമാകുമെന്നും വിന്‍സി അലോഷ്യസും ദര്‍ശനയും ശംഭുവും ആലിസ് അക്കരെയും ഉത്തരദേശത്തോട് പറഞ്ഞു.
'ഏറെ ഇഷ്ടം, കാസര്‍കോടിനെ'
'കാസര്‍കോടിന്റെ സ്‌നേഹവും ആതിഥേയത്വവും കുറേകാലമായി ഞാന്‍ വേണ്ടുവോളം ആസ്വദിച്ചിട്ടുണ്ട്. വൈസ്രോയി ഷുഹൈബാണ് എനിക്ക് ആ രുചി പരിചയപ്പെടുത്തിയത്.
2016ല്‍ തളങ്കര സ്‌കൂളില്‍ 1991-92 ബാച്ച് സംഘടിപ്പിച്ച തിരുമുറ്റത്ത് പരിപാടിയില്‍ ഗുരുവാദരം സമര്‍പ്പിക്കാനാണ് ആദ്യമായി ഞാന്‍ കാസര്‍കോട്ട് എത്തുന്നത്. ആ വരവില്‍ തന്നെ ഈ നാട് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. പിന്നീട് ട്രീ കൂട്ടായ്മയുടെ വനവല്‍ക്കരണ പരിപാടിക്കും എത്തി. നാടു നീളെ ഞാന്‍ തൈ നട്ടു. പിന്നീട് ഷുഹൈബിനെയും സഹോദരന്‍ ഷിഹാബിനെയും കാണാന്‍ അവരുടെ വീട്ടിലും വന്നു.
ഒടുവില്‍ പുതിയ സിനിമയുടെ പ്രമോഷന് പുറപ്പെടാന്‍ തീരുമാനിച്ചപ്പോഴും ഞാന്‍ ആദ്യം ഓര്‍ത്തതും വന്നതും കാസര്‍കോട് തന്നെ...'- കാസര്‍കോടിനെ കുറിച്ചുള്ള സ്‌നേഹം പങ്കുവെയ്ക്കുമ്പോള്‍ ലാല്‍ജോസിന് വലിയ ആവേശമായിരുന്നു. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലാല്‍ജോസും സംഘവും കാസര്‍കോട് ഗവ. കോളേജ്, പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ്, കാസര്‍കോട് നവഭാരത് കോളേജ്, കുമ്പള അക്കാദമി, കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ലാല്‍ജോസിന്റെ ക്യാമ്പസ് സന്ദര്‍ശനങ്ങളില്‍ സഹായികളായി മോഹന്‍ദാസ് വയലാംകുഴിയും മധൂര്‍ ഷെരീഫും രഞ്ജിത് വി.കോളിയടുക്കവും ഒപ്പമുണ്ടായിരുന്നു.
-ടി.എ ഷാഫി