കാസര്‍കോട്: ലഹരിയുടെ കാണാപ്പുറങ്ങളില്‍ കൂടി രക്ഷിതാക്കളും സമൂഹവും ശ്രദ്ധയൂന്നണമെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സി.എ. അബ്ദുറഹിം പറഞ്ഞു. കാസര്‍കോട് മസ്ജിദ് ഹസനത്തുജ്ജാരിയയില് ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തുകയായിരുന്നു അദ്ദേഹം.
പരീക്ഷണത്തില്‍ തുടങ്ങി ഹരമായി തുടര്‍ന്ന് ഒടുവില്‍ അടിമയാവുന്നതാണ് ലഹരിയുടെ വഴി. കുട്ടികളെ കൊണ്ട് സിഗരറ്റ് വാങ്ങിപ്പിക്കുകയും മക്കളുടെ മുന്നില്‍ വലിക്കുകയും ചെയ്യുന്ന രക്ഷിതാക്കള്‍ അറിയുന്നില്ല ലഹരിയിലേക്കുള്ള ആദ്യ ചുവട് അതാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരി വില്പന എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായും തൊഴിലില്ലായ്മയില്‍ അതിജീവനമായും സ്വീകരിക്കുന്നുണ്ട്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയില്‍ മയക്കുമരുന്നുമായി പിടിയിലായ മുച്ചക്ര വാഹനം ഉപയോഗിക്കുന്നയാള്‍ പോലും പറഞ്ഞത് കുടുംബം പോറ്റാന്‍ മറ്റൊരു വഴിയുമില്ല എന്നാണ്. ലഹരി ഉപയോഗിക്കുന്നില്ലല്ലോ എന്ന് ആശ്വസിക്കുന്നവര്‍ തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന ഇത്തരം അവസ്ഥക്ക് നേരെ കണ്ണുതുറക്കുക കൂടി ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദലി മുളിയാര്‍ അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ പ്രസംഗിച്ചു. റുവൈസ് അഹ്മദ് സ്വാഗതവും എം.കെ.അബ്ദുറഷീദ് നന്ദിയും പറഞ്ഞു.