കാസര്‍കോട്: സാമൂഹ്യ സുരക്ഷാ പെന്ഷന് ഉത്തരവിലെ അര്‍ഹതാ മാനദണ്ഡങ്ങളില്‍ അപേക്ഷകന്റെ ഭൗതീക സാഹചര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ട കാര്യങ്ങളില്‍ ഇളവുകള്‍ നടത്തുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് നഗരസഭാ ചെയര്മാന് അഡ്വ. വി.എം. മുനീര്‍ കേരളത്തിലെ 140 എം.എല്‍.എമാര്‍ക്കും ഇ-മെയില്‍ സന്ദേശം അയച്ചു. അര്‍ഹതപ്പെട്ടവര്‍ക്ക് പെന്ഷന് നഷ്ടപ്പെടാതിരിക്കാനും അവര്‍ അനുഭവിക്കുന്ന ദുരിതം ഇല്ലാതാക്കുന്നതിനും എം.എല്‍.എ.മാരുടെ ശ്രദ്ധക്ഷണിക്കുകയാണ് ഇ-മെയില്‍ സന്ദേശത്തിലൂടെ നഗരസഭാ ചെയര്മാന് ലക്ഷ്യം വെക്കുന്നത്.
സാമൂഹ്യ സുരക്ഷാ പെന്ഷന് സംബന്ധമായ ചില ഉത്തരവുകള്‍ പെന്ഷന് അര്‍ഹരായ ഭൂരിഭാഗം ആളുകള്‍ക്കും ലഭ്യമാകാത്ത രീതിയില്‍ അര്‍ഹതാ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ട്. ആയതിനാല്‍ അര്‍ഹതാ മാനദണ്ഡങ്ങളില്‍ പൊതുവായ മാനദണ്ഡങ്ങള്‍ കൂടാതെ അപേക്ഷകന്റെയും ഗുണഭോക്താവിന്റേയും ഭൗതീക ജീവിത സാഹചര്യങ്ങള്‍ കൂടി അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ സ്വന്തമായി വീടോ വാഹനമോ ഇല്ലാതെ ആശ്രിതര്‍ എന്ന നിലയില്‍ മക്കളുടെയോ കുടുംബക്കാരുടെയോ കൂടെ താമസിക്കുന്നവര്‍ക്ക് ഈ മാനദണ്ഡങ്ങള്‍ കാരണം പെന്ഷന് അര്‍ഹതയില്ലാത്ത സാഹചര്യമുണ്ടാകുന്നു. മാത്രമല്ല ഈ മാനദണ്ഡം വിധവകള്‍ക്കും വികലാംഗര്‍ക്കും കൂടി ബാധകമായിട്ടാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് കാരണം അര്‍ഹരായ വിധവകള്‍ക്കും വികലാംഗര്‍ക്കും കൂടി പെന്ഷന് ലഭിക്കാത്ത സാഹചര്യമാണുള്ളത്-മുനീര്‍ എം.എല്‍.എമാര്‍ക്ക് അയച്ച സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.