സില്‍വര്‍ലൈന്‍: കല്ലിടലില്‍ മുന്നില്‍ കാസര്‍കോട് ജില്ല; ബാക്കിയുള്ളത് തളങ്കര അടക്കം മൂന്ന് വില്ലേജുകളില്‍ മാത്രം

കാസര്‍കോട്: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്റെ മുന്നോടിയായുള്ള കല്ലിടലില്‍ ഏറ്റവും മുന്നില്‍ കാസര്‍കോട് ജില്ല. ജില്ലയില്‍ 14 വില്ലേജുകളിലായി 42.6 കിലോമീറ്ററില്‍ 1651 കല്ലുകള്‍ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് 530 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ 144 കിലോമീറ്ററിലാണ് ഇതിനകം കല്ലിട്ടത്. പാത കടന്നുപോകുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇതുവരെ കല്ലിടല്‍ നടപടികള്‍ തുടര്‍ന്നുവരുന്നത്. പത്തനംതിട്ടയില്‍ നാളെ തുടങ്ങും. കാസര്‍കോട് ജില്ലയില്‍ ഇനി കല്ലിടാന്‍ ബാക്കിയുള്ളത് […]

കാസര്‍കോട്: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്റെ മുന്നോടിയായുള്ള കല്ലിടലില്‍ ഏറ്റവും മുന്നില്‍ കാസര്‍കോട് ജില്ല. ജില്ലയില്‍ 14 വില്ലേജുകളിലായി 42.6 കിലോമീറ്ററില്‍ 1651 കല്ലുകള്‍ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു.
സംസ്ഥാനത്ത് 530 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ 144 കിലോമീറ്ററിലാണ് ഇതിനകം കല്ലിട്ടത്. പാത കടന്നുപോകുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇതുവരെ കല്ലിടല്‍ നടപടികള്‍ തുടര്‍ന്നുവരുന്നത്. പത്തനംതിട്ടയില്‍ നാളെ തുടങ്ങും.
കാസര്‍കോട് ജില്ലയില്‍ ഇനി കല്ലിടാന്‍ ബാക്കിയുള്ളത് തളങ്കര, കൂഡ്‌ലു, കാസര്‍കോട് ഗ്രൂപ്പ് വില്ലേജുകളിലായി എട്ട് കിലോമീറ്റര്‍ മാത്രമാണ്. ജില്ലയില്‍ 17 വില്ലേജുകളില്‍ നിന്നായി 161.26 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്. ഹൊസ്ദുര്‍ഗ് താലൂക്കിലെ അജാനൂര്‍, ചെറുവത്തൂര്‍, ഹൊസ്ദുര്‍ഗ്, കാഞ്ഞങ്ങാട്, കോട്ടിക്കുളം, മാണിയാട്ട്, നീലേശ്വരം, പള്ളിക്കര, പേരോല്‍, പിലിക്കോട്, തൃക്കരിപ്പൂര്‍ നോര്‍ത്ത്, തൃക്കരിപ്പൂര്‍ സൗത്ത്, ഉദിനൂര്‍, ഉദുമ, കാസര്‍കോട് താലൂക്കില്‍ കളനാട് വില്ലേജ് എന്നിവിടങ്ങളില്‍ കല്ലിടല്‍ പൂര്‍ത്തിയായി.
ചെറുവത്തൂര്‍ വില്ലേജിലാണ് ആദ്യം കല്ലിട്ടത്. നിലവിലുള്ള റെയില്‍പാളത്തിന് കിഴക്കായാണ് കല്ലിട്ട് തുടങ്ങിയതെങ്കിലും ചില ഭാഗങ്ങളില്‍ റെയില്‍പാളത്തിന് പടിഞ്ഞാറും കെ റെയിലിനായി സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
കല്ലിടാന്‍ ബാക്കിയുള്ള തളങ്കര അടക്കമുള്ള വില്ലേജുകളില്‍ കല്ലിടലിന് മുന്നോടിയായി ഈ പ്രദേശങ്ങളിലെ ആരാധനാലയങ്ങളുടേയും പ്രധാന സ്ഥാപനങ്ങളുടേയും ഭാരവാഹികളെ അധികൃതര്‍ ചര്‍ച്ചക്ക് വിളിച്ച് കാര്യം ബോധ്യപ്പെടുത്തുന്നുണ്ട്. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ കല്ലിടലെന്നും റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി കിട്ടിയതിന് ശേഷം മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികളിലേക്ക് കടക്കുകയുള്ളുവെന്നും കല്ലിടല്‍ നടപടികളുമായി സഹകരിക്കണമെന്നുമാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. കാസര്‍കോട് ജില്ലയില്‍ ഇതിനകം 1651 കല്ലുകള്‍ സ്ഥാപിച്ചപ്പോള്‍ തിരുവനന്തപുരത്ത് 629ഉം എറണാകുളത്ത് 493ഉം തൃശൂരില്‍ 67ഉം മലപ്പുറത്ത് 57ഉം കോഴിക്കോട് 134ഉം കണ്ണൂരില്‍ 1100ഉം കല്ലുകളാണ് ഇതിനകം സ്ഥാപിക്കാന്‍ കഴിഞ്ഞത്.

Related Articles
Next Story
Share it