കാസര്‍കോട്: നിര്‍ദ്ദിഷ്ട ആറുവരിപ്പാത വികസനത്തിന് ഭൂമി വിട്ട് നല്കി ഒരു വര്‍ഷമായിട്ടും നഷ്ടപരിഹാരം ലഭിക്കാതെ സ്ഥലമുടമകള്‍ ഓഫീസുകള്‍ കയറിയിറങ്ങി ദുരിതം പേറുന്നു. സ്ഥല വിലയുമായി ബന്ധപ്പെട്ട് ആര്ബിട്രേഷന് നിലനില്‍ക്കുന്നതിനാല്‍ നഷ്ടപരിഹാര നടപടികള്‍ അനിശ്ചിതമായി നീളുകയാണ്. ഇതേ തുടര്‍ന്ന് കുടിയിറക്കപ്പെട്ട ഭൂവുടമകള്‍ ഒരു വര്‍ഷത്തോളമായി മറ്റൊരു വരുമാന മാര്‍ഗം കണ്ടെത്താനാകാതെ ജീവിതം വഴിമുട്ടിയനിലയിലാണ്. വീട് ഒഴിയേണ്ടിവന്നവര്ക്ക് മറ്റൊരു വീട് കണ്ടെത്തുക എന്നതും ആര്ബിട്രേഷനില് കുടുങ്ങിക്കിടക്കുകയാണ്. കാസര്‍കോട്, അടുക്കത്ത്ബയല്‍, കാഞ്ഞങ്ങാട് വില്ലേജ് പരിധിയിലെ ചില ഭൂവുടമകള്‍ക്കാണ് ഈ ദുരിതം. ഇതേ വില്ലേജുകളിലെ ഭൂരിഭാഗം പേര്‍ക്കും ഒരു വര്‍ഷം മുമ്പ് തന്നെ തുക അനുവദിക്കപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് മാത്രം ഇത് നിഷേധിക്കപ്പെടുന്നതെന്തേയെന്ന് ഇവരുടെ കൂട്ടായ്മയില്‍ രൂപീകരിക്കപ്പെട്ട എന്‍.എച്ച് കോംപന്‍സേഷന്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എം.എന്‍ പ്രസാദ് ചോദിക്കുന്നു.
2019 ഡിസംബറിലാണ് ദേശീയപാതാ വികസനത്തിനായി ഭൂമി ഒഴിഞ്ഞു കൊടുക്കണമെന്ന അവസാന നോട്ടീസ് എന്‍.എച്ച് സ്പെഷ്യല്‍ ഡപ്യൂട്ടി കലക്ടര്‍ ഓഫീസില്‍ നിന്ന് ഇവര്‍ക്ക് നല്‍കിയത്. നഷ്ടപരിഹാര തുക സംബന്ധിച്ച വിവരവും നോട്ടീസില്‍ പറഞ്ഞിരുന്നു. 60 ദിവസത്തിനകം സ്ഥലം ഒഴിയണമെന്നാണ് നിര്‍ദ്ദേശിച്ചത്. പൊതുകാര്യത്തിനായത് കൊണ്ട് ഭൂമിയും കെട്ടിടവും യാതൊരു മടിയും കൂടാതെ വിട്ട് നല്‍കുകയായിരുന്നു. തങ്ങളുടെ ഏക ഉപജീവന മാര്‍ഗമായ വാടക വരുമാനവും നഷ്ടപ്പെട്ട ആളുകളായിരുന്നു കൂടുതലും.
എന്നാല്‍ നഷ്ടപരിഹാരം പ്രതീക്ഷിച്ചിരിക്കെ സ്ഥലവിലയുമായി ബന്ധപ്പെട്ട് കോഴിക്കോട് എന്‍.എച്ച് പ്രൊജക്ട് ഓഫീസില്‍ നിന്ന് 2020 ജനുവരിയില്‍ തടസ്സവാദം ഉയര്‍ന്നത് നടപടി ക്രമങ്ങള്‍ക്ക് വേഗത കുറച്ചു. ആര്‍ബിട്രേറ്ററായ ജില്ലാ കലക്ടര്‍ ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ജുലായില്‍ ആര്ബിട്രേഷന് നടപടികള്‍ തുടങ്ങി അഞ്ചോളം ഹിയറിംഗുകള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാര വിഷയത്തില്‍ തീരുമാനമായിട്ടില്ല. ചില സ്ഥലമുടമകളെ ഇത് വരെ ഹിയറിംഗിന് വിളിക്കാത്തത് നടപടി ക്രമങ്ങള്‍ ഇനിയും വൈകിക്കാനിടയാക്കുമോ എന്ന ആശങ്കയിലാണ് സ്ഥലമുടമകള്‍.
അനുവദിക്കപ്പെട്ട തുക ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നത് വായ്പാ തിരിച്ചടവും നിത്യജീവിതച്ചെലവും പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു. തടഞ്ഞുവെക്കപ്പെട്ട തുക അനുവദിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ചില സ്ഥലമുടമകള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സ്ഥലവില സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെങ്കില്‍ 10 ശതമാനം തുക തടഞ്ഞുവെച്ച് ബാക്കി അനുവദിക്കണമെന്നാണ് സ്ഥലമുടമകള്‍ ആവശ്യപ്പെടുന്നത്. വിഷയത്തില്‍ ജില്ലാകലക്ടറുടെ അടിയന്തര ശ്രദ്ധപതിയണമെന്നും അവര്‍ അപേക്ഷിക്കുന്നു.