'സിറ്റ്വേഷന്‍' അതിജീവിക്കേണ്ടി വരുന്ന ഘട്ടങ്ങള്‍

ജീവിതത്തില്‍ ചില ഘട്ടങ്ങളുണ്ട്. ഏവരെയും ഒന്ന് നിസഹായരാക്കി കളയുന്ന ഘട്ടങ്ങള്‍. ജീവിത യാത്രയിലെ ഓരോ അനുഭവങ്ങളാണത്. അനുഭവിച്ചു തന്നെ തീരണം. ഒരുദാഹരണം. രാമനമ്മാവന്‍ കിടപ്പിലാണ്. കര്‍മ കാണ്ഡമൊക്കെ പൂര്‍ത്തിയാക്കിയിട്ടുള്ള കിടപ്പ്. എന്നു വെച്ചാല്‍ അവസാന നാളുകള്‍. "അമ്മാവന് തീരെ വയ്യ കിടപ്പിലാണ്" എന്നൊക്കെയുള്ള വാര്‍ത്ത കേട്ട് നമ്മള്‍ ഒന്ന് അന്വേഷിച്ച് ചെല്ലും. ചെല്ലുമ്പോള്‍ വീട്ടില്‍ അമ്മാവന്റെ മകനോ മകളോ അനന്തരവളോ ഒക്കെ പുറത്തുണ്ടാകും. നമ്മളെ അവര്‍ അമ്മാവന്റെ മുറിയിലേക്ക് നയിക്കും. "അച്ഛാ," മകള്‍ വിളിക്കുന്നു. "ഇതാരാവന്നിരിക്കുന്നതെന്ന് നോക്കണം" […]

ജീവിതത്തില്‍ ചില ഘട്ടങ്ങളുണ്ട്. ഏവരെയും ഒന്ന് നിസഹായരാക്കി കളയുന്ന ഘട്ടങ്ങള്‍. ജീവിത യാത്രയിലെ ഓരോ അനുഭവങ്ങളാണത്. അനുഭവിച്ചു തന്നെ തീരണം.
ഒരുദാഹരണം. രാമനമ്മാവന്‍ കിടപ്പിലാണ്. കര്‍മ കാണ്ഡമൊക്കെ പൂര്‍ത്തിയാക്കിയിട്ടുള്ള കിടപ്പ്. എന്നു വെച്ചാല്‍ അവസാന നാളുകള്‍. "അമ്മാവന് തീരെ വയ്യ കിടപ്പിലാണ്" എന്നൊക്കെയുള്ള വാര്‍ത്ത കേട്ട് നമ്മള്‍ ഒന്ന് അന്വേഷിച്ച് ചെല്ലും. ചെല്ലുമ്പോള്‍ വീട്ടില്‍ അമ്മാവന്റെ മകനോ മകളോ അനന്തരവളോ ഒക്കെ പുറത്തുണ്ടാകും. നമ്മളെ അവര്‍ അമ്മാവന്റെ മുറിയിലേക്ക് നയിക്കും. "അച്ഛാ," മകള്‍ വിളിക്കുന്നു. "ഇതാരാവന്നിരിക്കുന്നതെന്ന് നോക്കണം" രാമനമ്മാവന്‍ കണ്ണു മിഴിക്കുന്നു. "ഇതാരാണെന്നു മനസിലായോ വീട്ടുകാര്‍ ചോദ്യമാവര്‍ത്തിക്കുന്നു. അമ്മാവന്‍ 'മിഴുമിഴാ' എന്നു നോക്കുന്നു. വായ് പകുതിയും തുറന്നിരിക്കുകയാണ്. വീട്ടുകാര്‍ ചോദ്യം ഒന്നു കൂട്ടുന്നു. "ആരാണെന്നു മനസിലായോ?"
ഇതിനിടയില്‍ ചെന്നയാള്‍ സ്വയം ഒന്നു പരിചയപ്പെടുത്താന്‍ ശ്രമിക്കും. "ഞാന്‍ കിഴക്കേ..."
നമ്മള്‍ എന്തോ മഹാപരാധം ചെയ്യുകയാണെന്ന മട്ടില്‍ വീട്ടുകാര്‍ ചാടി വീണ് ബ്ലോക്കു ചെയ്തു കളയും.
"വേണ്ട...വേണ്ട, അച്ഛന് അറിയാന്‍ പറ്റുന്നുണ്ടോ എന്ന് നോക്കട്ടെ" അതും പറഞ്ഞ് അമ്മാവന്റെ ചെവിയില്‍ വായ് അടുപ്പിച്ച് ശബ്ദമുയര്‍ത്തി ചോദിക്കും. "മനസിലായില്ലേ...ഇതാരാണെന്നു മനസിലായില്ലല്ലേ.
മനുഷ്യനായി ജനിച്ചു എന്ന ഒരു തെറ്റേ അമ്മാവന്‍ ചെയ്തിട്ടുള്ളൂ. അതിന് ഇത്രയും വലിയ പിഴ കൊടുക്കേണ്ടി വരുമെന്ന് അറിഞ്ഞിരുന്നില്ല. ഇതിനിടയില്‍ വീട്ടുകാരുടെ ചില വര്‍ണ്ണനകളൊക്കെ നമ്മളോടുണ്ടാകും. "കഴിഞ്ഞ ചൊവ്വാഴ്ച്ച ഭാനുമതി ചേച്ചിയുടെ അനിയന്‍ സുരേഷന്‍ വന്നിരുന്നു. കണ്ടയുടനെ അച്ഛന് മനസിലായി." "ഒന്നും പറയാന്‍ പറ്റുന്നില്ലന്നേയുള്ളൂ. എല്ലാം മനസിലാക്കുന്നുണ്ട്."എന്നിങ്ങനെ തിരിച്ചറിയാന്‍ മാഹാത്മ്യ വര്‍ണനയാണ്. അവസാനം അമ്മാവന്‍ 'ശ്' എന്നു പറയുന്നു. അതും വ്യക്തമാണ്. ഉടന്‍ വീട്ടുകാരുടെ കോറസ് "അയ്യോ, മനസിലായി, ശശിക്കുട്ടന്‍ എന്നു പറയുകയാണ്."
ബെസ്റ്റ്! വാസ്തവത്തില്‍ ശല്യപ്പെടുത്താതെ ഇറങ്ങി പോകുന്നുണ്ടോ എന്നു പറയാന്‍ തുടങ്ങിയതാണ്. പക്ഷെ 'ശ'യ്ക്കപ്പുറം നാവ് നീളുന്നില്ല. അമ്മാവനെ കാണാന്‍ വരുന്ന ഓരോ ബാച്ചിന്റെ മുന്നിലും അമ്മാവന്‍ ഇങ്ങനെ മെമ്മറി ടെസ്റ്റ് പാസാക്കേണ്ടതുണ്ട്.
വാര്‍ധക്യത്തില്‍ "മനസിലായോ" എന്ന പ്രശ്‌നത്തെ അഭിമുഖീകരിക്കുമ്പോലെ ചെറുപ്പത്തിലും നമ്മള്‍ "മനസിലായോ" സിറ്റ്വേഷന്‍ അതിജീവിക്കേണ്ടി വരുന്ന ഘട്ടങ്ങളുണ്ട്. നമ്മള്‍ ബസ് സ്റ്റാന്റിലോ മറ്റോ നില്‍ക്കുമ്പോള്‍ ഒരു കക്ഷി നമ്മെ നോക്കി ചിരിക്കുന്നു. നമ്മളും ചിരിക്കുന്നു.
"മനസിലായോ" കക്ഷിയുടെ നേരിട്ടുള്ള ചോദ്യം. ഏതോ വേണ്ടപ്പെട്ട ആളായിരിക്കാം. പക്ഷെ, വ്യക്തമായി കണക്ഷന്‍ കിട്ടുന്നില്ല. എവിടെ വെച്ചോ കണ്ടിട്ടുണ്ടല്ലോ. വഴിയില്‍ വെച്ച് ഒരാള്‍ ചിരിച്ചുകൊണ്ട് അറിയില്ലേ എന്ന് ചോദിക്കുമ്പോള്‍ "അറിയാം" എന്നൊക്കെ പറയാനാണല്ലോ ചില സമയങ്ങളില്‍ നമുക്ക് തോന്നുക. "അറിയാം" എന്ന് നമ്മള്‍ പറയുന്നു. മറ്റേയാളിന്റെ ചോദ്യത്തില്‍ സൗഹാര്‍ദ്ദത കൂടുതലാണെങ്കില്‍ "അറിയാം...അറിയാം..." എന്ന് ഒന്നായ കള്ളത്തിനെ രണ്ടായ കള്ളമിഹയാക്കി പറയുന്നു. ചില സമയത്ത് എന്നാലും നിങ്ങള്‍ക്ക് "അറിയാമോ" എന്ന് ചോദിക്കാന്‍ തോന്നിയല്ലോ എന്ന അര്‍ത്ഥവും കൂടി കിട്ടത്തക്ക രീതിയില്‍ "പിന്നേ..." എന്ന് ഒരല്‍പം നീട്ടി ഒരു 'പിന്നേ' പറയുന്നു. ആ പിന്നെ കേട്ടാല്‍ മറ്റേയാള്‍ സന്തുഷ്ടനാകുമെന്നും നമുക്ക് നൈസായി വലിയാമെന്നുമൊക്കെയാണ് നമ്മുടെ വിചാരം. പക്ഷെ, ആ വിചാരം അടുത്ത നിമിഷത്തില്‍ പൊളിയുന്നു. അയാള്‍ പറയുകയാണ്.
"ശരി, എങ്കില്‍ പറയൂ ആരാണ്."
നമ്മള്‍ പെട്ടൂ. "അറിയാം" നമ്മള്‍ കരയില്‍ പിടിച്ചിട്ട മീനിനെപ്പോലെ ഒന്നു പിടയുന്നു. അറിയില്ല എന്ന് അയാള്‍ക്ക് അതോടെ വ്യക്തമാകുന്നു. പിന്നെ ഒരു റാഗിങ്ങാണ്.
"അറിയാമെങ്കില്‍ പറഞ്ഞെ... ആരാണ്."
"ഉം, അത്" അയാള്‍ പത്താം ക്ലാസിലെ കണക്കു സാറും നമ്മള്‍ ഉത്തരം അറിഞ്ഞു കൂടാത്ത കുട്ടിയുമാണ്. ആ അവസ്ഥയില്‍ അടുത്തു നില്‍ക്കുന്ന ആരെങ്കിലും ഉത്തരം ഒന്നു പറഞ്ഞങ്കിലെന്ന ആഗ്രഹത്തിലാണ് നമ്മള്‍. അവസാനമതാ കാഴ്ച്ചയില്ലാത്തയാളിന്റെ മാവേലേറുപോലെ എങ്ങനെയോ ഉത്തരം ശരിയാക്കുന്നു. അല്ലെങ്കില്‍ അയാളുടേയും കൂടെ സഹകരണത്തോടെ ഉത്തരം കണ്ടുപിടിക്കുന്നു.
" ഓ രാമേട്ടന്‍...അതല്ലേ ഞാന്‍ ആലോചിക്കുന്നത്. ഇപ്പോള്‍ ഭയങ്കര മറവിയാ." എന്നൊക്കെ നമ്മള്‍ക്കല്ല ഓര്‍മകള്‍ സംഭരിച്ചു വയ്ക്കുന്ന തലച്ചോറിന്റെ ഏതോ ഭാഗത്തിന്റെതാണ് കുറ്റമെന്നൊക്കെ പറഞ്ഞ് നമ്മള്‍ തടി രക്ഷിക്കുന്നു.

-പി.വി.കെ അരമങ്ങാനം

Related Articles
Next Story
Share it