കാസര്‍കോട്: യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഭര്‍തൃസഹോദരിയെ കോടതി നാല് വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചു.
പുല്ലൂര്‍ പെരളത്ത് ഭര്‍ത്താവിനൊപ്പം താമസിച്ചുവരികയായിരുന്ന യുവതി ആത്മഹത്യ ചെയ്ത കേസില്‍ രണ്ടാംപ്രതിയായ ഭര്‍തൃസഹോദരി ഇ.വി നാരായണി (59)യെയാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ. മനോജ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.
ഒന്നാംപ്രതിയായ ഭര്‍ത്താവിനെ കുറ്റം തെളിയിക്കാന്‍ കഴിയാതിരുന്നതിനാല്‍ കോടതി വിട്ടയച്ചു.
അമ്പലത്തറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരിയേയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ എസ്.ഐയായിരുന്ന വിപിന്‍ ചന്ദ്രനാണ്. പ്രോസിക്യൂഷന് 15 സാക്ഷികളെ വിസ്തരിക്കുകയും 12 ഓളം രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. രാഘവന് ഹാജരായി.